Open Space

ഇന്ത്യൻ കുടുംബവ്യവസ്ഥ നടത്തുന്ന ഭ്രൂണഹത്യകൾ

തമിഴ്‌നാട്ടിൽ മധുര ജില്ലയിലെ ഉസിലാംപെട്ടിയിൽ ഗർഭിണിയായിരുന്ന ഒരു സ്ത്രീ ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് മരണപ്പെട്ട വാർത്ത നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഭ്രൂണഹത്യയുടെ ദാരുണമായ ഒരു ദുരന്തചിത്രമാണ് വരച്ചിടുന്നത്.

തമിഴ്‌നാട്ടിൽ മധുര ജില്ലയിലെ ഉസിലാംപെട്ടിയിൽ ഗർഭിണിയായിരുന്ന ഒരു സ്ത്രീ ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് മരണപ്പെട്ട വാർത്ത നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഭ്രൂണഹത്യയുടെ ദാരുണമായ ഒരു ദുരന്തചിത്രമാണ് വരച്ചിടുന്നത്. മൂന്നു പെൺകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ട്കാരി തന്റെ നാലാമത്തെ കുഞ്ഞിനെ ഏഴുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് നിയമവിരുദ്ധമായ ഗർഭച്ഛിദ്രത്തിനിടയിൽ 'കൊല്ലപ്പെടുന്നത്'. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം ആരെയും ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

 

ഉസിലാംപെട്ടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക്വേണ്ടി എത്തിയ സ്ത്രീയോട് ആശുപത്രിയിലെ ജ്യോതിലക്ഷ്മി എന്ന ഒരു നഴ്സ് സ്കാനിംഗ് റിപ്പോർട്ട് പരിശോധിച്ചിട്ട് ഗർഭസ്ഥശിശു പെൺകുട്ടിയാണെന്ന് പറഞ്ഞു. തന്റെ കുടുംബത്തിൽ വീണ്ടും ഒരുപെൺകുട്ടി പിറക്കാൻ പോകുന്നു എന്നത് യുവതിയെ അസ്വസ്ഥയാക്കിയിരിക്കണം. ആശുപത്രിയിലെ ഡോക്ടറോട് ലിംഗനിർണ്ണയവും ഗർഭച്ഛിദ്രവും ആവശ്യപ്പെട്ടപ്പോൾ നിയമവിരുദ്ധമായത് ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞിന് ഏഴുമാസം പ്രായമുള്ളതുകൊണ്ട് അപകടമാണെന്നും ഡോക്ട്ടർ ഉപദേശിക്കുകയും അവരെ നിരുത്സാഹപെടുത്തുകയും ചെയ്തു. എന്നാൽ നഴ്സ് ജ്യോതിലക്ഷ്മി ഡോക്ടർ അറിയാതെ അവരെ ''സഹായിക്കാൻ'' സജ്ജയായി. ഗർഭഛിദ്രത്തിനുള്ള കുത്തിവയ്പ് എടുത്താൽ മതിയെന്നും വളരെ വർഷമായി പ്രവർത്തനപരിചയമുള്ള ആളെന്ന നിലയിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്നും പതിനയ്യായിരം രൂപമാത്രമേ ചിലവ് വരികയുള്ളൂ എന്നും ജ്യോതിലക്ഷ്മി അവരെ ധരിപ്പിച്ചു. ഗർഭിണിയായ ആ യുവതി തന്റെ ഒരു ബന്ധുവിനെയുംകൂട്ടി നഴ്‌സിന്റെ വീട്ടിൽ ചെല്ലുകയും അവർ നടത്തിയ കുത്തിവയ്പ്പിനെതുടർന്ന് യുവതി മരണപ്പെടുകയും ചെയ്തു!

 

സെപ്റ്റംബർ 19 ബുധനാഴ്ച ഉസിലാംപെട്ടി രാജാജി സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ അവരുടെ ഗർഭത്തിൽ വളർന്നത് ആൺകുഞ്ഞായിരുന്നു എന്ന് തെളിയുകയും ചെയ്തു ! ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയവും ഗർഭഛിദ്രവും നിയമപരമായി കുറ്റകരമാണെന്ന് അറിയാത്ത ഒരാളായിരിക്കില്ല ആശുപത്രിയിലെ ഒരു നഴ്സ്. ജ്യോതിലക്ഷ്മി എന്ന നഴ്‌സിന്റെ അജ്ഞതയും പണക്കൊതിയുമാണ് രണ്ടു ജീവനുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കിയത്. മരണപ്പെട്ട യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിന്മേൽ വിവിധ വകുപ്പുകൾ ചുമത്തി നഴ്‌സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു പക്ഷേ അവർ ഇതിനുമുൻപും ഇങ്ങനെ നിയമവിരുദ്ധ ഗർഭച്ഛിദ്രത്തിനുള്ള സമാന്തരസഹായശക്തിയായി പ്രവർത്തിക്കുകയും പണംഉണ്ടാക്കുകയും ചെയ്തിട്ടുണ്ടാകാം. അത് അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.

 

തമിഴ് നാട്ടിലെ പെൺഭ്രൂണഹത്യകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച നാടാണ് ഉസിലാംപെട്ടി. ഈ സംഭവം ആ യുവതിയുടെ മരണത്തോടെയാണ് പുറംലോകമറിഞ്ഞത്. അറിയപ്പെടാതെ ശിശുകൊലപാതകങ്ങൾ എത്രയോ നടക്കുന്നുണ്ടെന്നത് ഇത്തരം ഓരോ സംഭവങ്ങളിൽ നിന്നും അനുമാനിക്കാം. ഇങ്ങനെ നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പണക്കൊതിയന്മാരായ ഡോക്ടർമാരും വ്യാജവൈദ്യന്മാരും നാട്ടുചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമൊക്ക, 'പെൺകുഞ്ഞുങ്ങളെ കൊന്നുകൊടുക്കും' എന്നിങ്ങനെ അത്രവേഗം എല്ലാവർക്കും കണ്ടുപിടിക്കാൻ കഴിയാത്ത 'അത്ഭുതബോർഡുകളും' തൂക്കി രാജ്യത്തെങ്ങും കച്ചവടം നടത്തുന്നുണ്ട് .റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും കൂടുതലാണ് ഇന്ത്യയിലെ ഭ്രൂണഹത്യകൾ എന്നത് ഐക്യരാഷ്ട്ര സഭയുടേത് ഉൾപ്പടെ അനവധി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഭ്രൂണഹത്യയ്ക്ക് 'മെഡിക്കൽ' സഹായം ചെയ്യുന്നവർ മാത്രമല്ല ,നമ്മുടെ പുരുഷാധിപത്യ സാമൂഹികഘടനയ്ക്കും ആണധികാരസംസ്‌കാരത്തിനും ഇതിൽ കുറ്റകരമായ പങ്കുണ്ട്. അതിന്റെ ഉപോല്പന്നങ്ങളായ, കുടുംബം പെൺകുഞ്ഞുങ്ങളോട് പുലർത്തുന്ന നിഷേധമനോഭാവവും വിവാഹമാർക്കറ്റിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള മുൻവിധികളും ആശങ്കളും ദാരിദ്രവും അജ്ഞതയും തുടങ്ങി നമുക്ക് വിവരിക്കാൻ കഴിയുന്ന അനേകം ഘടകങ്ങളാൽ തെറ്റായ തീരുമാനം എടുക്കാൻ നിർബ്ബന്ധിക്കപ്പെടുന്ന ഇന്ത്യൻ കുടുംബവ്യവസ്ഥ'യുടെ സമ്മർദ്ദം കൂടിയാണ് ഇത്തരം ഓരോ സംഭവങ്ങളിലേയും പൈശാചികമായ അദൃശ്യകരങ്ങൾ!

 

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ലോകമെമ്പാടും നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നടത്തിയ പഠനത്തിൽ ലോകത്തേറ്റവുമധികം പെൺഭ്രൂണഹത്യകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കണക്കുകൾ നിരത്തിപ്പറയുന്നു. 2001 ൽ ഇന്ത്യയിലെ 6 വയസ്സിനു താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ എണ്ണം 78.83 ലക്ഷമായിരുന്നെങ്കിൽ 2011 ൽ അത് 75.85 ലക്ഷമായി കുറഞ്ഞു! ദേശീയ ആരോഗ്യ-കുടുംബ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിയമവിരുദ്ധമായ അബോർഷൻ രാജ്യത്ത് കണക്കില്ലാതെ നടക്കുന്നു എന്നുള്ളതാണ്.റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രംമൂലം മാത്രം ലക്ഷകണക്കിന് സ്ത്രീകൾ മരണപ്പെടുകയോ ഗർഭധാരണത്തിന് ശേഷിയില്ലാത്തവരായിത്തീരുകയോ ചെയ്യുന്നുണ്ട്. ഹരിയാന, രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പെൺകുഞ്ഞുങ്ങളുടെ ശവപ്പറമ്പുകളാണ്. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സമാന്തരകോടതികളായി പ്രവർത്തിക്കുന്ന ഖാപ്പ് പഞ്ചായത്തുകൾക്ക് കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള ഈ വിശുദ്ധകൊലപാതകങ്ങളിൽ കുറ്റകരമായ പങ്കുണ്ടെന്നത് രാജ്യത്ത് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതാണ്.

 

ഇന്ത്യൻ പീനൽ കോഡ്(1860) സെക്ഷൻ 312 അനുസരിച്ച് 1971 വരെ ഗർഭച്ഛിദ്രം ഇന്ത്യയിൽ ക്രിമിനൽ കുറ്റമായിരുന്നു. എന്നാൽ 1971ൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (MTP) അബോർഷന് ചില നിയമസാധുതകൾ നൽകുകയുണ്ടായി. അതനുസരിച്ച് മാതാവിന്റെ ജീവനോ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനോ വെല്ലുവിളിയാകുമെങ്കിൽ ഗർഭച്ഛിദ്രം അനുവദനീയമെന്നുണ്ട്. ഗർഭസ്ഥശിശുവിന് 20 ആഴ്ചകൾക്ക് മുകളിൽ പ്രായമുണ്ടെങ്കിൽ അബോർഷൻ പാടില്ലെന്നും ഈ നിയമം പറയുന്നു. ഇതിന്റെ മറവിൽ ഡോക്ടർമാരെ സ്വാധീനിച്ച് ലിംഗനിർണ്ണയം നടത്തി അബോർഷൻ നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. സർക്കാർ ആശുപത്രികളിൽ അംഗീകൃത ഡോക്ടർമാർക്ക് മാത്രമായിരുന്നു ഇത്തരത്തിൽ അബോർഷൻ നടത്താനുള്ള അനുവാദം. ക്രമേണ ഈ നിയമത്തിൽ വന്ന അനേകം ഭേദഗതികളിലൂടെ സ്വകാര്യമേഖലയ്ക്കും നിബന്ധനകളോടെ അബോർഷൻ ചെയ്യുന്നതിനുള്ള അംഗീകാരമായി.

 

1994ലെ ഗർഭചികിത്സാസംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ (The Prenatal Diagnostic Techniques ( Regulation and Prevention of Misuse ) Act (PNDT Act) പിന്നീട് കൊണ്ടുവന്ന കൂട്ടിച്ചേർക്കൽ അനുസരിച്ച് ലിംഗനിർണ്ണയ പരിശോധന നടത്തുന്നത് കുറ്റകരമാണ്. പരിശോധനകളിൽ ലിംഗനിർണ്ണയ പരസ്യം നൽകുന്നതും കർശനമായി വിലക്കുന്നുണ്ട് .ഇന്ത്യയിലെ ജനസംഖ്യാ നിരീക്ഷണ സമിതിയുടെ (PRC) കണക്കനുസരിച്ച് 2000 നും 2014 നുമിടയിൽ ഇത്തരത്തിൽ ലിംഗനിർണ്ണയ അബോർഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് 1 കോടി 28 ലക്ഷത്തോളം കേസുകളാണ്. നാഷണൽ ക്രൈം ബ്യുറോ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് അബോർഷനുകളാണ് ഇന്ത്യയിൽ ഇങ്ങനെ പ്രതിവർഷവും നടക്കുന്നത്. ഭ്രൂണം പെൺകുഞ്ഞാണ്‌ എന്നുറപ്പുവരുത്തി ആശുപത്രികളുടേയും ഡോക്ടർമാരുടേയും ഒത്താശയോടെ നടത്തുന്ന ഇത്തരം 'നിയമപരമായ കൊലപാതകം' പെൺകുഞ്ഞുങ്ങളുടെ ജന്മാവകാശത്തിന്മേലുള്ള ഏറ്റവും ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. MTP ആക്ടിന്റെ നിയമഭേദഗതിയുടെ കുറ്റകരമായ ദുരുപയോഗമാണിത് എന്നാണ് ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ളവർ പറയുന്നത്. ബേട്ടി ബച്ചാവോ പോലെയുള്ള പല ബോധവൽക്കരണ പരിപാടികളും പദ്ധതികളും സർക്കാർ കൊണ്ടുവരുന്നെങ്കിലും പെൺകുട്ടികളോടുള്ള ഇന്ത്യയുടെ 'സാംസ്‌കാരിക മനോരോഗത്തെ' അത്രപെട്ടെന്നൊന്നും ചികിത്സിക്കാൻ കഴിയില്ലെന്ന്, ആവർത്തിച്ചുകൊണ്ടിരിക്കുന്ന പെൺഭ്രൂണഹത്യകളും പീഡനങ്ങളും മനുഷ്യക്കടത്തുകളും ഓർമ്മപ്പെടുത്തുന്നു!

 

നിയമപരമായ വിലക്കുകളും ഡോക്ടർമാരുടെ നിസ്സഹകരണവുംമൂലം പലരാജ്യങ്ങളിൽ നിന്നും അമേരിക്ക,മെക്സിക്കോ, തായ്‌ലാൻഡ് തുടങ്ങി ലിംഗനിർണ്ണയമോ ഗർഭച്ഛിദ്രമോ കുറ്റകരമല്ലാത്ത രാജ്യങ്ങളിലേക്ക്പോയി അബോർഷൻ ചെയ്യുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇന്ത്യക്കാർ ഇതിൽ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്ലാൻഡാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവരാണ് ഇത്തരം 'റീപ്രൊഡക്റ്റിവ് ടുറിസത്തിന്റെ' ഉപഭോക്താക്കൾ. ദരിദ്രരും നിരക്ഷരരും ആയവർക്കിടയിലാകട്ടെ സ്ഥലത്തെ ദിവ്യന്മാർ മുതൽ ആശുപത്രിജീവനക്കാർവരെ സഹായഹസ്തവുമായി നിൽക്കുന്നു. കുടുംബത്തിൽ ഒരു പെണ്ണിന്റെ ഗർഭം പെൺകുഞ്ഞാണ് എന്ന് ഏതെങ്കിലും ജ്യോതിഷിയോ മന്ത്രവാദിയോ ഗണിച്ചുപറഞ്ഞാൽ അതോടെ അതിനെ ഏതുവിധത്തിലും വകവരുത്താനുള്ള തത്രപ്പാടാണ്. കുഞ്ഞിന്റെ ലിംഗനിർണ്ണയത്തിൽ പിതാവിനാണ് മാതാവിനേക്കാളും പങ്കെന്നിരിക്കെ ആധുനികസമൂഹത്തിലും അന്ധവിശ്വാസങ്ങളും കുടുംബവിചാരണകളും സ്ത്രീയെ പ്രതിക്കൂട്ടിൽ നിർത്തുന്നു. പെൺകുഞ്ഞിനെ പ്രസവിക്കുന്നവൾ 'പാപിയായും' കുലദ്രോഹിയായും മുദ്രകുത്തപ്പെടുന്നു.

 

വ്യവസ്ഥാപിത കുടുംബസംവിധാനങ്ങളും സംഘടിതമതങ്ങളും ഖാപ്പ്കോടതികളും സ്ത്രീധന സമ്പ്രദായങ്ങളും ഇന്ത്യയിലെ ഓരോ പെൺകുഞ്ഞിനെയും ജനനം മുതൽ മരണംവരെ വേട്ടയാടുന്നു. നിയമങ്ങൾകൊണ്ടുമാത്രം ഇല്ലാതെയാക്കാൻ കഴിയുന്നതല്ല ഇതൊന്നും. നിയമങ്ങൾ നടപ്പാക്കുന്നതിലുള്ള ഉദാസീനതകളും പഴുതുകളും പ്രാകൃതമായ സാമൂഹികബോധവും വലിയ വിലങ്ങുതടികളാണ്. ഫലപ്രദമായ ബോധവൽക്കരണവും വിദ്യാഭ്യാസവും സുശക്തമായ നിയമപരിരക്ഷയും ഉണ്ടാകാതെ ഇന്ത്യയ്ക്ക് ഈ കളങ്കത്തിൽ നിന്നും മോചനമില്ല.