Open Space

03 Apr 2020 04:50 AM IST

Rajeesh-Palavila

നോവൽ കൊറോണയെ തീവ്രവാദ കൊറോണയാക്കുമ്പോൾ

കൊറോണ വൈറസ് ബാധ തടയാൻ സാമൂഹ്യ സമ്പർക്കം പാടില്ലെന്ന നിർദ്ദേശത്തിൻ്റെ ഗൗരവം കാണാതിരുന്ന നിരവധി മത- വിശ്വാസ പരിപാടികളിൽ ഒന്നു മാത്രമാണ് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം. അതിനെ ഒറ്റ തിരിച്ച് ആക്രമിക്കുന്നതിനു പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയണം.

ലോക് ഡൗൺ കാലത്തെ കടുത്ത വിഷയദാരിദ്ര്യത്തിൽ നിന്ന് സംഘപരിവാർ ചാനലുകളൊക്കെ ഉണർന്നു. രാമായണവും കണ്ടുകൊണ്ടിരുന്ന കേന്ദ്രമന്ത്രിമാരും കഠിന-മൃദുല-നിഷ്പക്ഷ സംഘാനുകൂലികളൊക്കെ ചാടിയെഴുന്നേറ്റു. നിസാമുദ്ദീനിലെ മതസമ്മേളനം ഇന്ത്യയിലാകെ വൈറസിനെ പടർത്താനുള്ള തീവ്രവാദ പ്രവർത്തനമാണെന്നാണ് ആരോപണം. അതിനെ സാധൂകരിക്കാൻ ഒരു ഓഡിയോ ക്ലിപ്പ് ഗോസാമി ചാനൽ പുറത്തുവിട്ടിട്ടുണ്ട്. പണിയില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന മണിയനീച്ചകൾക്ക് ദേശസ്നേഹം ഒന്നുവീതം നാലുനേരം പ്രകടിപ്പിക്കാൻ ഇതിനെക്കാൾ വലിയ അവസരമില്ല. ഇന്ത്യയിൽ കൊറോണയുടെ തുമ്പ്മുറിച്ച് 'മുസ്‌ലിം കൊറോണ 'യാക്കി വംശവിദ്വേഷം വാരിവിതറാൻ സോപ്പും പൗഡറുമിട്ട് ആളുകൾ ന്യൂസ് സ്റ്റുഡിയോകളിൽ എത്തിക്കഴിഞ്ഞു! നല്ല കൈയ്യടി കിട്ടുന്ന വിഷയം. 'ഇസ്‌ലാമിക തീവ്രവാദ കൊറോണ'യെക്കുറിച്ചുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്തിനോടും ഇസ്‌ലാമിക തീവ്രവാദം എന്ന് ചേർത്തു കഴിഞ്ഞാൽ അതിനൊരു പ്രത്യേക ഗുമ്മാണ്. അത്തരക്കാരെ ആരെങ്കിലും പ്രതിരോധിച്ചാൽ ആളുടെ കഥ കഴിഞ്ഞു. കൂലിയെഴുത്തുകാരൻ, ന്യായീകരണ 'സിംഗം' മുതൽ രാജ്യദ്രോഹിപട്ടം വരെ കിട്ടിയേക്കാം. വംശവിദ്വേഷം ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ ബാധിച്ചതിന്റെ ഉപോല്പന്നമായ മാനസികാവസ്ഥയുടെ പകപോക്കലുകൾ അങ്ങനെയാണ്. കൊറോണയുടെ ഭീഷണിപോലെ നാം അങ്ങനെ പലതിനെയും കരുതിയിരിക്കേണ്ടതുണ്ട്.

 

വർഗ്ഗീയതയും തീവ്രവാദവും ഏതു വേഷത്തിൽ വന്നാലും എതിർക്കപ്പെടണം എന്നതിൽ യാതൊരു തർക്കവുമില്ല.ഇസ്‌ലാം കാരുണ്യത്തിന്റെ മൊത്തവിതരണക്കാരാണെന്നോ ഇസ്ലാമിൽ തീവ്രവാദമില്ലെന്നോ ഉള്ള അഭിപ്രായവുമില്ല. അധികമായാൽ പച്ചവെള്ളം പോലും അപകടമാണ്. അതിൽ ഏതെങ്കിലും മതവും രാഷ്ട്രീയവും ആശയവും പുറത്തല്ല!

 

എന്നാൽ നോവെൽ കൊറോണ ഇന്ത്യയിൽ തീവ്രവാദികൊറോണയായി മാറുന്നത് (മാറ്റുന്നത്) അത്ര സ്വാഭാവികമായ ഒരു കാര്യമായി കരുതാൻ മാത്രം നിലവിൽ ഒരു തെളിവുമില്ല. സൗത്ത് കൊറിയയിൽ അത്ഭുതരോഗശാന്തിക്ക് ആളെക്കൂട്ടി കൊറോണ വ്യാപനത്തെ ത്വരിതപ്പെടുത്തിയ വകതിരിവില്ലാത്ത പാസ്റ്ററുടെ അതേ റോളിനപ്പുറം തബ്‌ലീഗ് മതസമ്മേളനത്തിലെ ആൾക്കൂട്ടം ആരോപിക്കപ്പെടുന്നപോലെ എന്ത് തീവ്രവാദമാണ് ചെയ്തത് എന്ന് വ്യക്തമല്ല. മാർച്ച് 13നാണ് ഡൽഹി നിസാമുദ്ദീനിൽ തബ്‌ലീഗ് മതസമ്മേളനം തുടങ്ങുന്നത്. മാർച്ച് 16 നാണ് ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ അമ്പതിന് മുകളിൽ ആളുകൾ കൂടിച്ചേരുന്ന മതപരിപാടികൾ ഉൾപ്പടെ എല്ലാം നിരോധിച്ചത്. രാജ്യത്തെ മറ്റു പല ഇടങ്ങളിലും നടന്നതുപോലെ അധികം ആളുകൾ കൂടുന്നതിന്റെ വിലക്കുകൾ ലംഘിച്ച് നിസ്സാമുദ്ദീനിലെ പള്ളിയിലും വിശ്വാസികൾ വന്നുപോകുന്നത് തുടർന്നു. എന്നുമാത്രമല്ല കൊറോണ ഭീഷണിയുള്ള പലരാജ്യങ്ങളിൽ നിന്നും അവിടേക്ക് ആളുകൾ വന്നു. അതിൽ അസ്വാഭാവികമായി എന്തെങ്കിലും തോന്നുന്നവർ ഇക്കാലയളവിൽ ഇന്ത്യയിലെ ആൾദൈവങ്ങളുടെ ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലുമൊക്കെ വന്നവരുടെ കാര്യത്തിൽകൂടി വേവലാതിപ്പെടണം. അമൃതാനന്ദമയിയുടെ ആശ്രമത്തിൽ വന്ന ഇറ്റലിക്കാർ ഉൾപ്പടെയുള്ള വിദേശികളുടെ കണക്കും മറച്ചുവക്കലുകളും ദ ഹിന്ദുവിൽ റിപ്പോർട്ട് ചെയ്തത് ഈ ലിങ്കിൽ വായിക്കാം

 

https://www.thehindu.com/…/68-foreigner…/article31165239.ece

 

മലേഷ്യയിൽ കൊറോണ ഭീഷണിയ്ക്കിടയിൽ മതസമ്മേളനം നടത്തി വിവാദവും കോലാഹലവും കൊറോണ വ്യാപനവും സൃഷ്‌ടിച്ച തബ്‌ലീഗ് എന്ന അതേ മതജീവികൾ ഇന്ത്യയിലും അങ്ങനെ സംഘടിച്ചു. കൊറോണയുടെ പേരിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ തുടങ്ങുന്നതിന് മുൻപ് രാജ്യത്ത് പലയിടങ്ങളിൽ ആരാധനാലയങ്ങളിലും ഉത്സവങ്ങളിലും പൊങ്കാലകളിലും ഒക്കെ സംഘടിക്കാൻ ആളുകളെ നയിച്ച ചേതോവികാരമെന്താണോ അത് തന്നെയാണ് കുറച്ചുകൂടി വിശ്വാസഭ്രാന്തുള്ള തബ്‌ലീഗ് വിഭാഗത്തെയും നയിച്ചത്. തങ്ങളുടെ ഇസ്‌ലാമിക ചര്യകളെ ഇല്ലാതെയാക്കാനുള്ള ഗൂഢാലോചനയായിട്ടാണ് അവരുടെ മതബോധത്തിൽ ചെകുത്താന്റെ കൊറോണ വൈറസ്. അതിനെ ധിക്കരിച്ച് അള്ളാന്റെ മാർഗ്ഗത്തിൽ മരിക്കാനും തയ്യാറാണ് എന്ന് വീമ്പിളക്കുന്ന, ആധുനിക മനുഷ്യന്റെ പ്രായോഗിക ജീവിത ബുദ്ധിയും ശാസ്ത്രയുക്തിയും തീണ്ടിയിട്ടില്ലാത്ത ഒരു ഇസ്ലാമിക പെന്തക്കോസ്ത് വിഭാഗമാണ് മനസ്സിലാക്കിയിടത്തോളം തബ്‌ലീഗ്.

 

പ്രായോഗിക ബുദ്ധിയിലേക്ക് ഉണരാൻ കഴിയാത്ത തരത്തിൽ മനുഷ്യ മസ്തിഷ്കത്തെ മരവിപ്പിക്കുന്ന തീവ്രവിശ്വാസങ്ങൾ കൊറോണ കാലത്തെ ഏറ്റവും വലിയ ദുരന്ത കാഴ്ചകളാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിലെ ആൾക്കൂട്ടവും. കൊറോണ കാലത്ത് എവിടെയൊക്കെ ആളുകൾ കൂടുന്നുണ്ടോ അവിടെയെല്ലാം ഉണ്ടാകുന്ന ഭീഷണി തന്നെയാണ് നിസാമുദ്ദീനിലും ഉണ്ടായിരുന്നത്. മാർച്ച് 22ലെ ജനതാ കർഫ്യൂവിൽ പാട്ടയും കൊട്ടിയിറങ്ങിയവർ മുതൽ മാർച്ച് 24 ശേഷം വന്ന ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന കൂട്ട പലായനങ്ങൾ നടത്തിയവർവരെ കൊറോണ വൈറസിന്റെ കൈമാറ്റത്തിന് അനുകൂലമായ സാഹചര്യത്തെ സൃഷ്ടിച്ച ജനക്കൂട്ടങ്ങളാണ്. പലതിന്റെയും ഫലം വരാനിരിക്കുന്നതേയുള്ളു.

 

നിസാമുദ്ദീൻ സമ്മേളനം കൊറോണയുടെ ഹബ്ബ് എന്ന് വിളിക്കുന്ന തരത്തിലേക്ക് മാറിയതിന്റെ പ്രധാനകാരണം വിവിധ രാജ്യങ്ങളിൽ നിന്ന് സഞ്ചരിച്ച് വന്ന കൊറോണ ബാധിതരായ വ്യക്തികൾ അവിടെ കൂടുതൽ പങ്കെടുത്തിരുന്നു എന്നതാവണം. അതിന്റെ പ്രത്യാഘാതം രാജ്യം ഇന്ന് അനുഭവിക്കുന്നു. ജനതാ കർഫ്യൂ(മാർച്ച് 22)വിന് മുൻപ് നിസാമുദ്ദീനിൽ നിന്ന് വിവിധ സംസ്ഥാങ്ങളിലേക്ക് മടങ്ങിപ്പോയവരുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ശേഷം കുടുങ്ങിപ്പോയവരുണ്ട്. അവരെയെല്ലാം ട്രാക്ക് ചെയ്യുക എന്ന ശ്രമകരമായ ദൗത്യം രാജ്യം ഏറ്റെടുത്തിരിക്കുന്നു. ഈ അവസരത്തിൽ ഇസ്‌ലാമിക തീവ്രവാദം ആരോപിച്ച് അവതരിക്കുന്നവർ അത്ര നിഷ്കളങ്കരായ രാഷ്ട്രീയക്കാരല്ല. തീവ്രവാദത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്നവർ അതിന് തെളിവും തരണം. വെറുതെ ഒരു സമൂഹത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്ന ഹിറ്റ്ലർ സിദ്ധാന്തം മനുഷ്യവിരുദ്ധമാണ്.

 

പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത സമയത്ത് പലരാജ്യങ്ങളിലും നിന്ന് കൊറോണ ബാധിതരായ ആളുകൾ ഉൾപ്പടെ പങ്കെടുക്കാൻ ഇടവന്നു എന്നതാണ് നിസാമുദ്ദീൻ സമ്മേളനം രാജ്യത്ത് നൽകുന്ന കൊറോണ ഭീഷണി. അത്രയും ആളുകളെയും അവരുടെ സമ്പർക്കങ്ങളെയും തിരഞ്ഞ് ആശുപത്രി സംവിധാങ്ങൾ ഉപയോഗിക്കേണ്ട ദാരുണമായ അവസ്ഥ. അതുയർത്തുന്ന കൊറോണ സമൂഹ വ്യാപനഭീതി. ഒന്നാലോചിച്ച് നോക്കൂ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി പറയുന്ന ആറ്റുകാൽ പൊങ്കാലയിൽ കൊറോണ ബാധിതരായ ആരെങ്കിലും പെട്ടിരുന്നുവെങ്കിൽ നാം ഇപ്പോൾ ഏതു സാഹചര്യത്തിൽ ആയിരിക്കും ? അതിന് അനുവാദം കൊടുത്ത സർക്കാർ നടപടി വിമർശിക്കപ്പെട്ടതും മറ്റൊന്നുംകൊണ്ടല്ല. വിദേശികൾ അവർ താമസിക്കുന്ന ഹോട്ടലുകൾക്ക് പുറത്തേക്ക് പോകുന്നതോ പൊങ്കാലയിടുന്നതോ നിയന്ത്രിക്കുമെന്ന് പറഞ്ഞതും ഇവിടെ ഓർക്കാം. അതുംകഴിഞ്ഞ് കേരളത്തിൽ തുടർച്ചയായി കൊറോണ കേസുകൾ വന്ന പശ്ചാത്തലത്തിൽ മതപരിപാടികൾ ഉൾപ്പടെ സംഘം ചേരൽ സർക്കാർ നിരോധിച്ചിട്ടും നടന്ന ഉത്സവങ്ങളുടെ കണക്കും ചിത്രങ്ങളും നാം മറന്നിട്ടില്ല.

 

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ മതസമൂഹങ്ങൾ ലോകത്തെല്ലായിടത്തും ഇങ്ങനെ കൊറോണ കാലത്ത് വകതിരിവില്ലായ്മ കാണിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്യപ്പെടേണ്ടതും നിയമത്തിന്റെ കാർക്കശ്യംകൊണ്ട് തടയപ്പെടേണ്ടതുമാണ്. കൊറോണയ്ക്ക് നിസാമുദ്ദീനിലെ ആൾക്കൂട്ടവും അമൃതാനന്ദ മയിയുടെ ആൾക്കൂട്ടവും ആറ്റുകാലിലെ ആൾക്കൂട്ടവും എല്ലാം ഒരുപോലെയാണ്. രോഗബാധിതർ എവിടെ സമ്പർക്കത്തിൽ വന്നു എന്നത് മാത്രമാണ് സംഘം ചേരാൻ ഇടവന്ന സാചര്യത്തെ പിന്നീട് പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന് മാത്രം. നിസാമുദ്ദീനിൽ അത്തരം രോഗബാധിതർ കൂടുതൽ ഉണ്ടാവാൻ ഇടവന്നു! അതിനുമപ്പുറം തീവ്രവാദ ചാപ്പയടികളുമായി കുളം കലക്കാൻ വരുന്നവരോട് കൊറോണ അവരെക്കാൾ ഭേദമാണ് എന്നേ പറയാനുള്ളൂ!

 

ജാഗ്രതൈ


Rajeesh-Palavila