Global News

11 Oct 2018 00:00 AM IST

Reporter-Leftclicknews

സുസ്ഥിര വികസനപാതയില്‍ ഇന്ത്യ യുഎന്നിനോടൊപ്പം : എന്‍.കെ.പ്രേമചന്ദ്രന്‍

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ അജന്‍ഡ 2030 സാക്ഷാത്കരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ അജന്‍ഡ 2030 സാക്ഷാത്കരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് 73-ാമത് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള ആറംഗ പ്രതിനിധിസംഘത്തിലെ അംഗമാണ് പ്രേമചന്ദ്രന്‍. സുസ്ഥിര വികസനം സാക്ഷാത്കരിക്കാന്‍ ശേഷിയില്ലാത്ത രാഷ്ട്രങ്ങളെ സഹായിക്കാനുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ വികസനനയം സംബന്ധിച്ച പരിഷ്‌കരണ നടപടികളെ ഇന്ത്യ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി പ്രേമചന്ദ്രന്‍ അറിയിച്ചു. ഈ പരിഷ്‌കരണനടപടികളുടെ കാതലായ ആര്‍.സി സമ്പ്രദായം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് സമ്പന്നരാഷ്ട്രങ്ങള്‍ അവരുടെ സംഭാവന വര്‍ദ്ധിപ്പിക്കണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

 

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിങ്ങനെ ഇന്ത്യ പ്രാധാന്യം നല്‍കുന്ന മേഖലകള്‍ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുരോധമായവയാണ്. 2014 ല്‍ ഇന്ത്യ ആരംഭിച്ച ശുചിത്വ പദ്ധതിയെക്കുറിച്ച് പ്രേമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. 4 വര്‍ഷം മുമ്പ് ലോകത്താകെ തുറന്ന സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരില്‍ 60 ശതമാനം ഇന്ത്യയിലായിരുന്നെങ്കില്‍ ഇന്ന് അത് 20 ശതമാനമായി കുറഞ്ഞിരിക്കുന്നു. ദുര്‍ബ്ബലരെയും പാര്‍ശ്വവല്കൃതരെയും ഉള്‍ക്കൊള്ളുന്നു എന്നുമാത്രമല്ല ഇന്ത്യ പിന്തുടരുന്ന വികസന നയത്തിന്റെ സവിശേഷത. അത് ഊര്‍ജ്ജസംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു. 2022 ആകുമ്പോഴേക്ക് 175 ഗിഗാവാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ 100 ഗിഗാവാട്ട് സൗരോര്‍ജ്ജമായിരിക്കും.

 

വലിയ വ്യാവസായിക പദ്ധതികള്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തെ ആശ്രയിച്ച് നടപ്പാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുഭവം പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 9 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വികിരണം ഒഴിവാക്കാന്‍ ഇതുമൂലം കഴിയും. അത് 9 ദശലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്. 6 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ലാഭിക്കാന്‍ ഇതുമൂലം കഴിയും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ അഭിപ്രായം വ്യക്തമായി അവതരിപ്പിച്ച പ്രേമചന്ദ്രനെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിനന്ദിച്ചു.

 


Reporter-Leftclicknews