Open Space

12 Oct 2018 01:00 AM IST

മുകേഷിന്റെ ചിരി

മീ ടൂ ക്യാമ്പയിന്റെ അല മുകേഷിൽ പതിച്ചപ്പോൾ ചിരിയായിരുന്നു ആദ്യ പ്രതികരണം. ആര്, എന്ത്, എപ്പോ...ഒന്നുമറിയാത്ത കളി. ഒന്നും ഓർമ്മയുണ്ടാവണമെന്നില്ല. രേവതി പറഞ്ഞപോലെ, ഒക്കെ ഒരു ശീലമല്ലേ?

മീ ടൂ ക്യാമ്പയിന്റെ അല മുകേഷിൽ പതിച്ചപ്പോൾ ചിരിയായിരുന്നു ആദ്യ പ്രതികരണം. ആര്, എന്ത്, എപ്പോ...ഒന്നുമറിയാത്ത കളി. ഒന്നും ഓർമ്മയുണ്ടാവണമെന്നില്ല. രേവതി പറഞ്ഞപോലെ, ഒക്കെ ഒരു ശീലമല്ലേ?

 

മീ ടൂ വെറുമൊരു ക്യാമ്പയിൻ മാത്രമല്ല; ഒരു കൊടുങ്കാറ്റാണ്. ആ കൊടുങ്കാറ്റിൽ മുകേഷിനെ പോലുള്ളവർ അല്പം ചമ്മിയാലും പിടിച്ചു നില്ക്കാൻ ശ്രമിക്കും. കാറ്റിന്റെ തീഷ്ണത അനുസരിച്ച് ഒന്നുലയും. എത്ര കൊടുങ്കാറ്റടിച്ചാലും ഒരുപക്ഷെ വീണ്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ അവർ രണ്ടു കാലിൽ തന്നെ നില്ക്കും. "ഇപ്പോഴല്ലല്ലോ, അത് പണ്ടല്ലേ നടന്നത്, അന്നെന്താ പറയാഞ്ഞേ?" സപ്പോർട്ട് ചെയ്യാൻ അവരവരുടെ രാഷ്ട്രീയപാർട്ടികൾ മാത്രമല്ല, സ്ത്രീകളും കൂടെ കാണും. " എന്തിനാ ഇപ്പൊ ഇതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നേ? കഴിഞ്ഞത് കഴിഞ്ഞു, ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം? പത്തു പതിനെട്ടു വർഷം മുമ്പുണ്ടായ ഒരു സംഭവം ഇപ്പോൾ പറഞ്ഞു മീഡിയയുടെ ശ്രദ്ധ പിടിച്ചെടുക്കാനാണോ?"


അതെ, പത്തു പതിനെട്ടു കൊല്ലം മുമ്പ് നടന്ന ഒരു ലൈംഗികാതിക്രമം ഇപ്പോൾ പറയാൻ തോന്നിയെങ്കിൽ, മി ടൂ ക്യാമ്പയിനിനു എതിരായി നിൽക്കുന്ന പുരുഷന്മാരും, അവരെ സപ്പോർട്ട് ചെയ്യുന്ന സ്ത്രീകളും ഒരു കാര്യം ഓർക്കണം, എല്ലാ ലൈംഗികാതിക്രമങ്ങളും, ലൈംഗികച്ചുവയുള്ള നിങ്ങളുടെ ചിരികളും, തമാശകളും ഒരു നീറ്റലാണ്,അതിഷ്ടമല്ലാത്ത സ്ത്രീകളുടെ ഉള്ളിൽ അവ നീറി നീറി പുകഞ്ഞുകൊണ്ടിരിക്കും. (അതൊക്കെ ഇഷ്ടപ്പെടുന്ന ആനന്ദിക്കുന്ന സ്ത്രീകളെപ്പറ്റി എനിക്കൊന്നും പറയാനില്ല.)

 

പലപ്പോഴും ലൈംഗികച്ചുവയുള്ള നിങ്ങളുടെ കമന്റുകൾ കേട്ട് രസിക്കാനോ, നിങ്ങളുടെ അപ്രതീക്ഷിതമായ "തൊടലോ" "തലോടലോ" ഉണ്ടാവുമ്പോൾ പ്രതികരിച്ചു എന്നോ വരില്ല. അതിനർത്ഥം അതിഷ്ടമായി എന്നുമല്ല. അത് ഒരു വാണിംഗ് ആണ് പിന്നങ്ങോട്ട്. പിന്നെ നിങ്ങളെ കാണുമ്പോൾ കൃത്യമായ ഒരു ദൂരം പാലിക്കാൻ ശ്രമിക്കും. അപരിചിതനാണേൽ അവഗണിക്കാം. പക്ഷെ എന്നും കുന്നും കൂടെ ജോലി ചെയ്യുന്ന ആളോ ഒരു അടുത്ത സുഹൃത്തോ ബന്ധുവോ ആണെങ്കിലോ? അവഗണിക്കാനും പറ്റില്ല, തുറന്നു പറയാനും പറ്റില്ല. എല്ലാം അപ്പാടെ പിന്നെ വിഴുങ്ങും.

 

പക്ഷെ ആ സംഭവം ഉള്ളിൽ നീറി നീറി തന്നെയുണ്ടാവും. മീ ടൂ ക്യാമ്പയ്‌നിലൂടെ ആ നീറ്റലാണ് പുറത്തേക്കു വരുന്നത്. ഒരു പക്ഷെ ആ തുറന്നു പറിച്ചിലിലൂടെ കുറ്റക്കാരൻ സമൂഹത്തിലെ പ്രമാണി ആണെങ്കിൽ പിടിച്ചു നില്ക്കാൻ ശ്രമിച്ചേക്കാം. എന്നാൽ വീണ്ടും അയാളുടെ കൂടെ പണി എടുക്കുന്ന സ്ത്രീകൾക്കും പുതുതായി അയാളെ പരിചയപ്പെടുന്ന സ്ത്രീകൾക്കും, ഒരു ദൂരം പാലിക്കാൻ ആവും. മുഖമൂടി അഴിഞ്ഞു വീണ ആ മാന്യന്മാർ, എത്ര വലിയ കഥാകാരനായാലും, സംഗീതഞ്ജനോ, നടനോ, ആർട്ടിസ്റ്റോ ആയാലും, പിന്നെ മറ്റുള്ളവരുടെ ഉള്ളിൽ "ഇത്രേ ഒക്കെ ഉള്ളു അയാൾ" എന്ന പുച്ഛ ഭാവമാവും ഉണ്ടാകുക.

 

ഒരിക്കൽ പുതുതായി ഓഫീസിൽ ചാർജ് എടുത്ത എന്റെ ഒരു ബോസ് എന്നെ ക്യാബിനിലേക്കു വിളിച്ചു. അയാൾ എല്ലാ സ്റ്റാഫിനെയും ക്യാബിനിൽ വിളിച്ചു സ്വയം പരിചയപ്പെടുത്തിയിട്ടു ഓരോത്തരുടേയും വീട്ടുകാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് ഡീറ്റൈൽസും ചോദിച്ചു മനസ്സിലാക്കിയിരുന്നു. എന്നോടും അതെ ചോദ്യങ്ങളും കുശലങ്ങളും ചോദിച്ചു. സ്വയം പരിചയപ്പെടുത്തിയത് ഒരു പ്രത്യേക സ്റ്റൈലിൽ ആയിരുന്നു: "ഞാൻ ... ഇത്ര വർഷമായി ഈ ഫീൽഡിലാണ്, നാട്... വിവാഹം കഴിച്ചു... കുട്ടികൾ... " പരിചയപ്പെടൽ കഴിഞ്ഞു എന്ന് കരുതി ഞാൻ എണീക്കാൻ തുടങ്ങിയപ്പോൾ വന്നു അടുത്ത സ്റ്റേറ്റ്മെന്റ്: "ഞാൻ ഇതുവരെ ഞാൻ ആരേം കൊന്നിട്ടില്ല, ജയിലിൽ കിടന്നിട്ടില്ല, ആരേം റേപ്പ് ചെയ്തിട്ടില്ല." എന്നിട്ടെന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി. പ്രതികരണം അറിയാനാവും. അവസാനത്തെ വാചകം കേട്ട് ഞാൻ പ്രതികരണ ശേഷി ഇല്ലാതെ അമ്പരന്നു നിന്നു. അതൊരു തമാശ ആയി തോന്നാത്തതിനാൽ ചിരി വന്നില്ല. അയാൾ അതാവും കാത്തിരുന്നത്. മറുചോദ്യം ചോദിയ്ക്കാൻ മറന്നു ഞാനൊരു പഴയ ട്യൂബ് ലൈറ്റ് പോലെ മിന്നി മിന്നി സ്ഥലം കാലിയാക്കി. അയാളും ഞാനും തമ്മിൽ കൃത്യമായി ഒരു അകലം പിന്നീട് എപ്പോഴും ഉണ്ടായിരുന്നു.

 

തികച്ചും ഗൗരവത്തോടെ, അകലം പാലിച്ച് അന്ന് വരെ ഭരിക്കുന്ന ചില ബോസുമാർ പെട്ടെന്ന് തിരക്കൊഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ നമ്മുടെ മേശയിൽ കിടക്കുന്ന മുംബൈ ടൈംസ് മറിച്ചു നോക്കി അന്ന് റിലീസ് ആയ സിനിമകളെ കുറിച്ച് തറ ജോക്കുകളൊക്കെ അടിച്ചാൽ ജോക്ക് വെറും ജോക്ക് ആണോ എന്ന് പോലും സംശയം വരാതിരിക്കില്ല. അത്രമാത്രം വല്ലാത്ത ഒരു ജോക്ക് ആവും അത്. ശീലമാണവർക്ക്, എത്ര കേമന്മാരായാലും, സ്ത്രീകളുടെ ഒപ്പമിരുന്നു അല്പം "വളിപ്പടിക്കുക".

 

പല സ്ത്രീകൾക്കും "ഒന്ന് എഴുന്നേറ്റു പോടേ " എന്ന് ബോസ്സിനോട് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല. അതാവും അവർ മുതലെടുക്കുന്നത്. അവർക്കറിയാം, ആ ജോലിസ്ഥലത്തെത്തുന്ന ഓരോ സ്ത്രീയുടെ ചുമലിലും ബാധ്യതകളുടെ ഒരു ഭാണ്ഡക്കെട്ടുണ്ടാവുമെന്ന്. സ്ത്രീകളുടെ ആ അവസ്ഥയെയാണ് പുരുഷബോസ്സുകൾ ചൂഷണം ചെയ്യുന്നത്. എല്ലാം വിട്ടെറിഞ്ഞു നീ പോടാ പുല്ലേ എന്ന് ഉറക്കെ പറഞ്ഞു പുറത്തേക്കു വരാനാവാത്തവരാണ് വർക്കിംഗ് ക്ലാസ് വിമെൻ. അവർ കാലാകാലങ്ങളായി അനുഭവിക്കുന്ന ആ വിമ്മിഷ്ടമാണ് മീ ടൂ ക്യാമ്പയ്‌നിലൂടെ പുറത്തു വരുന്നത്. അല്ലാതെ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ കാണപ്പെട്ട കാർട്ടൂൺ പോലെ വെറും ഒരു "ഫലിതം" അല്ല.

 

എംജെ അക്ബർ എന്ന എഴുത്തുകാരനും, പത്രപ്രവർത്തകനും ബിജെപി മന്ത്രിക്കും എതിരെ ലൈംഗികാതിക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ അവസ്ഥയിൽ ഞാൻ ആലോചിച്ചു പോകുന്നത്, ഇനിയും മിണ്ടാത്ത പത്രമോഫീസുകളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകരല്ലാത്ത സ്ത്രീകളെ പറ്റിയാണ്. അവർക്കും ഉണ്ടാവില്ലേ അതിക്രമങ്ങളുടെ അനുഭവങ്ങൾ? സ്വന്തം ഓഫീസിൽ, അവർ എത്രമാത്രം സുരക്ഷിതരാണ്? ജോലി നഷ്ടപ്പെടരുതെന്ന ഭീതിയിൽ അവർ എല്ലാ വേദനകളും അടിച്ചമർത്തുക അല്ലെ? സെക്ഷ്വൽ ഹരാസ്മെന്റിനെതിരായ നിയമങ്ങൾ അവിടെ നടപ്പിലാക്കിയിട്ടുണ്ടോ? എങ്ങനെയാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്?

 

ഇപ്പോഴും ഈ ക്യാമ്പയിൻ ശക്തി പ്രാപിച്ചിട്ടില്ല. സമൂഹത്തിലെ അടിത്തട്ടിലേക്ക് ഇത് ഊർന്നിറങ്ങിയിട്ടില്ല. വീട്ടുജോലിക്കാർക്കും വീട്ടമ്മമാർക്കും പെണ്മക്കൾക്കും പാടത്തു പണിയെടുക്കുന്ന സ്ത്രീകൾക്കും കെട്ടിടനിർമ്മാണത്തൊഴിലാളി സ്ത്രീകൾക്കും പഠിക്കുന്ന കുട്ടികൾക്കും ഒക്കെ പറയാനുണ്ട് ലൈംഗികാക്രമണത്തിന്റെ അനേകം കഥകൾ. പല പുരുഷ കേസരികളും ഇപ്പോഴും രക്ഷപ്പെട്ടിരിക്കയാണ്. അവരുടെ മുഖംമൂടികൾ അഴിഞ്ഞ് എപ്പോ വേണേലും വീഴാം. സമൂഹത്തിൽ കാലാകാലങ്ങൾ ആയി അടിച്ചർത്തപ്പെട്ട ആദിവാസി സ്ത്രീകളുടെ ഉള്ളിൽ കത്തിയെരിയുന്ന കനലുകളുടെ കഥകൾ ഇനിയും കേൾക്കുന്നതായി നമ്മൾ നടിക്കുന്നില്ല. ലൈംഗികാക്രമണത്തിൽ ആശ്ചര്യപ്പെടാത്ത ഒരു ജനതയായി, സ്ത്രീകളുടെ പങ്കിനെ വിമര്ശിക്കുന്നവരാണ് നമ്മൾ.ഇന്നത്തെ ഇന്ത്യൻ എക്സ്പ്രെസ്സിൽ ശാലിനി നായർ എഴുതിയ പോലെ,

 

"The movement in India has to question the erasure of Dalit, Bahujan, Adivasi women’s narratives and amplify the voices that speak out." (Indian Express "The Importance of Listening" by Shalini Nair available at: https://indianexpress.com/article/opinion/columns/metoo-movement-india-sexual-harassment-timesup-5396304/)

 

എല്ലാ തരത്തിലുള്ള ലൈംഗികാക്രമങ്ങളും പുരുഷ തന്ത്രങ്ങളാണ്. സ്ത്രീകളെ നിശ്ശബ്ദരാക്കാൻ പണ്ട് മുതൽക്കേ പ്രയോഗിക്കുന്ന ഒരു തന്ത്രം. അതിനെതിരെയാണ് മീ ടൂ കാമ്പൈനിലൂടെ സ്ത്രീകൾ ഉറക്കെ വിളിച്ചു പറയുന്നത്, മീ ടൂ, മീ ടൂ എന്ന്...ഇതൊരു കൊടുങ്കാറ്റായി പുരുഷയിടങ്ങളിൽ ഭീതി ഉണർത്തണം, ആ ഉലച്ചിലിൽ ആണ്കോയ്മ പതറി വീഴണം. ഈ ഭൂമി, പുരുഷന്മാർക്ക് മാത്രം വേണ്ടിയല്ല, സ്ത്രീകൾക്കും കൂടിയാണ് എന്ന് അവർ തിരിച്ചറിയണം. അവളുടെ ഉടലിന്റെ അധികാരം അവൾക്കു മാത്രമുള്ളതാണ്. അതുകൊണ്ടു, ശ്രദ്ധയോടെ കേൾക്കു എന്താണവൾ മീ ടൂ ക്യാമ്പയ്‌നിലൂടെ പറയാൻ ശ്രമിക്കുന്നത്.

 

 

 

 

( ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലിയുടെ മുൻ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖിക.)