Open Space

20 Jul 2020 22:00 PM IST

V-Dethan

കര്‍ക്കിടകത്തിലെ രാമായണജ്വരം

കർക്കിടക മാസത്തിൽ മതാനുഷ്ഠാനം പോലെ രാമായണം വായിക്കുന്നവർ രാമൻ്റെ പട്ടാഭിഷേകത്തോടെ വായന അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്? കർക്കിടക രാമായണത്തിനു പിന്നിലെ ഒളിച്ചുകളികളും രാഷട്രീയ ഗൂഢലക്ഷ്യങ്ങളും തുറന്നു കാട്ടുകയാണ് വി.ദത്തൻ.

ഇന്ത്യൻ ഇതിഹാസങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്‌ രാമായണവും മഹാഭാരതവും. 'മര്യാദാ പുരുഷോത്തമനായ' രാമനാണ് രാമായണത്തിലെ കേന്ദ്രകഥാപാത്രം. രണ്ടു രാജകുടുംബങ്ങളുടെ കഥയിലൂടെ മുഴുവന്‍ മനുഷ്യകുലത്തിന്റെയും സ്വഭാവ വൈചിത്ര്യങ്ങള്‍ അനാവരണം ചെയ്യുന്ന കൃതിയാണ് മഹാഭാരതം. ഭാവ വൈചിത്ര്യവും കഥാപാത്ര വൈപുല്യവും കൊണ്ടു വലുതാണ്‌ ഭാരതമെങ്കിലും മലയാളികള്‍ ഏറെ വായിച്ചിട്ടുള്ളതും വായിക്കുന്നതും രാമായണമാണ്. ആദികവിയുടെ രാമായണമല്ല, അദ്ധ്യാത്മ രാമായണത്തിന് എഴുത്തച്ഛന്‍ നല്‍കിയ സ്വതന്ത്ര തര്‍ജ്ജമയാണെന്നു മാത്രം. കര്‍ക്കിടക മാസമാകുമ്പോള്‍ മലയാളികളില്‍ പലര്‍ക്കും ആദ്ധ്യാത്മ രാമായണ പാരായണ ജ്വരം പിടിപെടും. രാജ്യം പിടിക്കാന്‍ ഭക്തിയെ കരുവാക്കുകയാണ് എളുപ്പം എന്ന് മനസ്സിലാക്കിയ വിശ്വഹിന്ദുക്കളും സ്വയം സേവകന്മാരും രംഗത്തിറങ്ങിയതോടെയാണ് കര്‍ക്കിടക വ്യാധി വര്‍ദ്ധിച്ചത്.

 

നേരെ മറിച്ചാണ് മഹാഭാരതത്തിന്റെ സ്ഥിതി. അതു രാമായണം വായിക്കുന്നതു പോലെ ഭക്തിയോടെയോ സമയനിഷ്ഠയോടെയോ പാരായണം ചെയ്യപ്പെടാറില്ല. വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ പോലും പല വിശ്വ ഹിന്ദുക്കള്‍ക്കും ഭയമാണ്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം പദ്യ വിവര്‍ത്തനവും വിദ്വാന്‍ പി.പ്രകാശത്തിന്റെ മഹാഭാരതം ഗദ്യ തര്‍ജ്ജമയും പ്രീപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ ബുക്കു ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഭക്തനായ ഒരു അഭ്യുദയകാംക്ഷി എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം ആ ‘മഹാസത്യം’ തുറന്നു പറഞ്ഞു. ഭാരതം വീട്ടില്‍ കൊണ്ടുവച്ചാല്‍ തന്നെ കലഹം ഒഴിയത്തില്ല പോലും. പിന്നെ വായിച്ചാലത്തെ കഥ പറയാനുണ്ടോ? രണ്ടും വാങ്ങുകയും വീട്ടില്‍ വച്ച് വായിക്കുകയും ചെയ്തിട്ടും എന്റെ വീട്ടില്‍ കലഹമുണ്ടായില്ല.

 

പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഭക്തിപ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ രചിക്കപ്പെട്ടതാണ് അദ്ധ്യാത്മരാമായണം. അതിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് എഴുത്തച്ഛന്‍റെ രാമായണം കിളിപ്പാട്ട്. വാല്മീകി രാമായണത്തില്‍ നിന്നും കഥാതന്തുവില്‍ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും രാമനെ മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് അദ്ധ്യാത്മരാമായണത്തില്‍ ഉടനീളം ചിത്രീകരിച്ചിട്ടുള്ളത്. വാല്മീകി രാമായണത്തില്‍ ഒന്നോ രണ്ടോ കാണ്ഡങ്ങളില്‍ മാത്രമേ രാമനെ അവതാര പുരുഷനായി ചിത്രീകരിച്ചിട്ടുള്ളൂ. കര്‍ക്കിടക പാരായണ ഭക്തര്‍, രാമകഥയെയും വാല്മീകിയെയും അവഹേളിക്കുന്നത് ആദ്ധ്യാത്മ രാമായണം വായിച്ചു നിര്‍ത്തുന്നതിലാണ്. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്ത ശേഷം അയോദ്ധ്യയിലെത്തി ശ്രീരാമ പട്ടാഭിഷേകം കഴിയുന്നതോടെ സംഘികള്‍ രാമായണ വായന നിര്‍ത്തും. തുടര്‍ന്ന് വായിക്കാത്തതിനു അവര്‍ പറയുന്ന ന്യായീകരണം ഉത്തര രാമായണം പ്രക്ഷിപ്തം (കൂട്ടിച്ചേര്‍ത്തത് ) ആണെന്നതാണ്. യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ഉത്തര ഭാഗത്താണ് രാമന്‍ ചെയ്യുന്ന രണ്ടു വലിയ അധര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്നത്-- ശൂദ്ര മഹര്‍ഷിയായ ശംബൂകനെ കൊല്ലുന്നതും സീതയെ ഉപേക്ഷിക്കുന്നതും. സീതാ പരിത്യാഗം, ഭക്തിപാരവശ്യത്തില്‍ മുഴുകി നില്‍ക്കുന്ന സ്ത്രീകളില്‍ ചെറിയ പ്രതിഷേധം പോലും ഉണ്ടാക്കിയെന്നു വരില്ല. പക്ഷേ ശംബൂകവധം വായന കേള്‍ക്കുന്ന ദളിതരിലും അവർണ്ണരിലും നീതിബോധമുള്ള മനുഷ്യരിലും സൃഷ്ടിക്കുന്ന പ്രതികരണം സംഘികള്‍ക്ക് അനുകൂലമായിരിക്കില്ല. ബ്രാഹ്മണ ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് നിരപരാധിയായ ശംബൂകനെ കൊല്ലുന്നതെന്നറിയുമ്പോള്‍ വിശേഷിച്ചും.

 

ഉത്തരരാമായണം മാത്രമല്ല, ബാലകാണ്ഡവും പ്രക്ഷിപ്തമാണെന്നും ചില പണ്ഡിതന്മാര്‍ വാദിച്ചിട്ടുണ്ട്. അതെല്ലാം യുക്തിപൂര്‍വ്വമായ വാദമുഖങ്ങള്‍ക്ക് മുമ്പില്‍ പൊളിഞ്ഞു വീണതാണ്. മാത്രമല്ല, പ്രക്ഷിപ്തമാണെന്ന് കര്‍ക്കിടക പാരായണക്കാര്‍ വിശ്വസിക്കുന്ന ബാലകാണ്ഡം അവർ വായിക്കുകയും ഉത്തരകാണ്ഡം വായിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്താണ് ?

 

‘രാമന്റെ ജീവിതകഥ’, ‘രാമന്റെ ജീവിത ഗതി’, ‘രാമനിലേക്കുള്ള മാര്‍ഗ്ഗം’ എന്നൊക്കെയാണല്ലോ രാമായണം എന്ന കാവ്യനാമത്തിന്റെ അര്‍ത്ഥം. ഒരു മഹാപുരുഷന്റെ ജീവിതകഥ സമഗ്രമായി ആവിഷ്ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി അത് ഇടയ്ക്ക് വച്ചു ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവസാനിപ്പിക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാകുകയുള്ളൂ ; രാമായണമാവുകയുള്ളൂ എന്ന് രാമായണത്തെ കുറിച്ചു ഏറെ പഠിച്ച തിരുനല്ലൂര്‍ കരുണാകരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ധ്യാത്മ രാമായണമായാലും സ്ഥിതി അതു തന്നെ. മാത്രമല്ല സീതാപരിത്യാഗമില്ലാത്ത രാമകഥ കൊച്ചുകുട്ടികള്‍ പോലും സമ്മതിച്ചു തരില്ല. അതുപോലെ, ശ്രീരാമ പുത്രന്മാരായ കുശ,ലവന്മാരെകൂടാതെയുള്ള രാമായണവും അപൂര്‍ണ്ണമാണെന്ന് പാതിവായനക്കാരായ ഭക്തശിരോമണികളും സമ്മതിക്കുന്ന കാര്യമാണ്. കുശ,ലവന്മാര്‍ പ്രത്യക്ഷപ്പെടുന്നതാകട്ടെ ഉത്തരകാണ്ഡത്തിലും.

 

ഇതിലൊക്കെ വിചിത്രമാണ് രാമായണത്തിന്റെ പാതിവായന കര്‍ക്കിടകമാസത്തിലേ പാടുള്ളൂ എന്ന സംഘിനിര്‍ദ്ദേശം. ചില പുരോഗമന നാട്യക്കാരും രാമായണം വായിക്കാന്‍ സമയം കണ്ടെത്താറുള്ളത് കര്‍ക്കിടകമാസത്തിലാണെന്നുള്ളതാണ് രസകരം. എഴുത്തച്ഛന്‍റെ ഭാഷാഭംഗി മനസ്സിലാക്കാന്‍ വേണ്ടിയാണെന്ന് അവകാശപ്പെടുന്ന ഈ സാഹിത്യ രസികര്‍ക്ക് ഉത്തരഭാഗത്തിലെ ഭാഷാഭംഗി കാണണ്ടേ എന്ന് ചോദിച്ചാല്‍ അതിനു മറുപടിയില്ല. ഭക്തരായാലും സംഘികളായാലും സോ കാള്‍ഡ് പുരോഗമനക്കാരായാലും അദ്ധ്യാത്മരാമായണത്തിന്റെ അര്‍ദ്ധപാരായണം വഴി എഴുത്തച്ഛനെയും രാമചരിതത്തെയും അവഹേളിക്കുകയാണ് ചെയ്യുന്നത്.

 


V-Dethan