Kerala News

21 Oct 2018 06:30 AM IST

മഞ്ജു ഞങ്ങളുടെ മഹിളാനേതാവ് : കെഡിഎഫ് പ്രസിഡന്റ്

ശബരിമലയിൽ ദർശനത്തിന് അവസരം ലഭിക്കാതെ മടങ്ങേണ്ടിവന്ന മഞ്ജുവിനെതിരെ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ് പി.രാമഭദ്രൻ.

Kollam

ശബരിമലയിൽ ദർശനത്തിന് അവസരം ലഭിക്കാതെ മടങ്ങേണ്ടിവന്ന മഞ്ജുവിനെതിരെ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ് പി.രാമഭദ്രൻ. മഞ്ജുവിന്റെ പേരിൽ കേസുകളുണ്ടെങ്കിൽ അവ സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ടും പൊതുപ്രശ്നങ്ങളിൽ ധീരമായി പ്രതികരിച്ചതുകൊണ്ടുമാണെന്ന് രാമഭദ്രൻ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു. കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മഞ്ജു. ഭക്തയായതുകൊണ്ട് വ്രതമെടുത്ത് സന്നിധാനത്ത് തൊഴാൻ വേണ്ടിയാണ് മഞ്ജു പോയത്. ശബരിമലയിൽ പോകാൻ തയ്യാറാകുന്ന മഞ്ജു ഉൾപ്പെടെ വിശ്വാസികളായ സ്ത്രീകളെ ദളിത് ഫെഡറേഷൻ പിന്തുണയ്ക്കുമെന്ന് രാമഭദ്രൻ പറഞ്ഞു.

 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുമതി ആരുടേയും സൗജന്യമല്ല. സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ആർത്തവം അശുദ്ധിയാണെന്നാണ് സ്ത്രീകൾ ശബരിമലയിൽ പോകുന്നതിനെ എതിർക്കുന്നവർ പറയുന്നത്. മാതൃത്വത്തെയും സഹോദര്യത്തെയും ബഹുമാനിക്കുന്നവർക്ക് ആർത്തവം അശുദ്ധിയാണെന്ന് പറയാൻ കഴിയുമോ? പണ്ട് പിന്നോക്കക്കാരും ദളിതരും ക്ഷേത്രത്തിൽ കയറുന്നതിനെ എതിർത്തവരും അശുദ്ധി എന്ന ന്യായമാണ് പറഞ്ഞത്. അതൊന്നും ഇനി ചെലവാകില്ല.

 

രാജവാഴ്ച പോയതും ജനാധിപത്യം വന്നതും പ്രിവിപേഴ്‌സ്‌ നിർത്തലാക്കിയതും ഒന്നുമറിയാതെ അജ്ഞതയിൽ കഴിയുന്നവരാണ് ശബരിമലയിൽ ഏതോ കൊട്ടാരത്തിനും രാജാവിനും പ്രത്യേക അവകാശമുണ്ടെന്ന് കരുതുന്നത്. രാജാവൊക്കെ പോയി. ഇപ്പോൾ എല്ലാവരും ഒരു പോലെയുള്ള പൗരർ. ശബരിമല ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തിൽകൊണ്ടു കൊടുക്കണമെന്ന് പറഞ്ഞ തന്ത്രിയെയൊക്കെ പുറത്തെടുത്ത് കളയണം. വ്യഭിചാരം നടത്തുന്നവരൊക്കെയാണോ ശബരിമലയിൽ പൂജ ചെയ്യേണ്ടതെന്ന് രാമഭദ്രൻ ചോദിച്ചു.