10 Oct 2018 22:15 PM IST
Thiruvananthapuram
താന്‍ ഫോണില്‍ കൂടി ശല്യം ചെയ്തു എന്ന് ടെസ് ജോസഫ് എന്ന സിനിമാ സാങ്കേതിക പ്രവര്‍ത്തക ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണ മൂലമാകാമെന്ന് മുകേഷ്. 19 വര്‍ഷം മുമ്പുണ്ടായി എന്നു പറയുന്ന സംഭവം ഓര്‍മ്മയില്ലെന്ന് മുകേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ് ജോസഫിനെ തനിക്ക് ഓര്‍മ്മയില്ല. ഫോട്ടോ കണ്ടിട്ടും ഓര്‍മ്മ വരുന്നില്ല. തന്റെ സ്വഭാവം അനുസരിച്ച് ടെസ് ജോസഫ് ആരോപിച്ചതുപോലെയുള്ള പെരുമാറ്റമുണ്ടാകില്ലെന്ന് മുകേഷ് പറഞ്ഞു.
താന്‍ പറഞ്ഞ കാര്യങ്ങളെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്ന് ടെസ് ജോസഫ് പറഞ്ഞകാര്യം മുകേഷ് ഓര്‍മ്മിപ്പിച്ചു. ആരോപണം തെറ്റായതിനാല്‍ നിയമനടപടിക്ക് തയ്യാറാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമനടപടികള്‍ക്കില്ല എന്നായിരുന്നു മറുപടി. 'സെല്‍ മി ആന്‍സര്‍' എന്ന പുതിയ ഒരു പ്രോഗ്രാമിന്റെ ഷൂട്ടിംഗ് താന്‍ ആരംഭിക്കുകയാണെന്നും പ്രളയദുരിതാശ്വാസത്തിനുവേണ്ടി പണം സമാഹരിക്കാന്‍ വേണ്ടിയാണ് പരിപാടിയെന്നും അതും ഈ ആരോപണത്തിന് കാരണമായേക്കാമെന്നും മുകേഷ് പറഞ്ഞു.
'മീ ടൂ' ക്യാമ്പയിനെ അനുകൂലിക്കുന്നതായി മുകേഷ് അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സത്രീകള്‍ അതേക്കുറിച്ച് പരസ്യമായി വെളിപ്പടുത്തുന്നത് നല്ല കാര്യമാണ്. ഇത്തരത്തില്‍ അനുഭവങ്ങളുണ്ടാകുന്ന പെണ്‍കുട്ടികള്‍ 'മീ ടൂ' ക്യാമ്പയിനുമായി രംഗത്തുവരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുകേഷ് പറഞ്ഞു.