Open Space

17 Sep 2018 22:35 PM IST

ദുരിതാശ്വാസനിധി കൊണ്ട് നവകേരള നിർമ്മാണം

ക്രയോജനിക്‌ സാങ്കേതിക വിദ്യ, പഴയ പത്രത്തിൽ പൊതിഞ്ഞ റ്റ്യുണ മത്സ്യത്തെപ്പോലെ, ശാസ്ത്രജ്ഞർ മാലി യുവതികൾക്ക് കൈമാറി എന്ന് വിശ്വസിച്ച കേരളം തന്നെയാണ് ദുരിതാശ്വാസ നിധിയിൽ വന്നുചേരുന്ന പണംകൊണ്ട് നവകേരളം നിർമ്മിക്കപ്പെടുമെന്നു കരുതുന്നത്.

ക്രയോജനിക്‌ സാങ്കേതിക വിദ്യ, പഴയ പത്രത്തിൽ പൊതിഞ്ഞ റ്റ്യുണ മത്സ്യത്തെപ്പോലെ, ശാസ്ത്രജ്ഞർ മാലി യുവതികൾക്ക് കൈമാറി എന്ന് വിശ്വസിച്ച കേരളം തന്നെയാണ് ദുരിതാശ്വാസ നിധിയിൽ വന്നുചേരുന്ന പണംകൊണ്ട് നവകേരളം നിർമ്മിക്കപ്പെടുമെന്നു കരുതുന്നത്.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പേര് തന്നെ വ്യക്തമാക്കുന്നത് പോലെ ദുരിതത്തിൽ അകപ്പെട്ടവർക്കു ആശ്വാസ സഹായം പകരുവാൻ മാത്രമായി ഉണ്ടാക്കിയിട്ടുള്ള ഒരു സംവിധാനമാണ്. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ദുരിത ബാധിതർ, ക്യാൻസർ, ഹൃദ്രോഗം, ബ്രെയിൻ റ്റ്യുമർ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ, അപകട മരണം സംഭവിച്ചവരുടെ ആശ്രിതർ, അപകടങ്ങളിൽ മാരകമായ പരിക്ക് പറ്റിയവർ എന്നിവർക്ക് നൽകുന്ന അടിയന്തര സഹായം മാത്രമാണ് ദുരിതാശ്വാസ നിധിയുടെ പരിധിയിൽ വരിക. ക്യാൻസർ രോഗികൾ പോലെ വലിയ ചികിത്സാ ചെലവുകൾ നേരിടുന്നവർക്ക് രണ്ടു വർഷത്തിലൊരിക്കൽ മാത്രമേ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭിക്കൂ. അങ്ങിനെയല്ലാത്തവർക്കു അത് ജീവിതത്തിലൊരിക്കൽ മാത്രവും. തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കും മുകളിൽ പറഞ്ഞ തരത്തിൽ സഹായ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാവുന്നതാണ്.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമായും കൃത്യമായ ഓഡിറ്റിങ്ങോടു കൂടിയും കൈകാര്യം ചെയ്യപ്പെടുന്ന ഒന്നാണെന്നും അത് അർഹതപ്പെട്ടവർക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന കാര്യത്തിലും ആരും സംശയം ഉന്നയിച്ചിട്ടില്ല. എന്നാൽ ദുരിതാശ്വാസനിധിയിലെ പണം, “ദുരിത- ആശ്വാസത്തിനല്ലാതെ”,കൊട്ടിഘോഷിക്കപ്പെടുന്ന രീതിയിൽ കേരളത്തെ പുനർനിർമ്മിക്കാനായി ഉപയോഗിക്കാൻ കഴിയും എന്നത് തെറ്റായ പ്രചാരണമാണ്. ആ അർത്ഥത്തിൽ “വരൂ നമുക്കൊരുമിച്ചു കേരളത്തെ പുനർനിർമ്മിക്കാം” എന്ന പരസ്യ വാചകം തെറ്റിദ്ധാരണ പരത്തുന്നതാണ്. ലോകമെങ്ങുമുള്ള മലയാളികൾ കേരളത്തെ പുനർനിർമ്മിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെങ്കിൽ അവർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. നിങ്ങൾ അയക്കുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കപ്പെടുക. അത് അർഹതപ്പെട്ടവരിൽ തന്നെ എത്തിച്ചേരുകയും ചെയ്യും. എന്നാൽ നിങ്ങൾ കേരള പുനർനിർമ്മാണത്തിന്റെ ഭാഗമാകുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങിനെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചേരുന്ന പണം കൊണ്ട് നടത്താനാവുന്ന ഒന്നല്ല നവകേരള നിർമ്മാണം.

 

ഇത്തരം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചതിൽ, നവകേരളം എന്ന ഇനിയും വ്യക്തമാക്കപ്പെടാത്ത ഒരു മുദ്രാവാക്യം മുന്നോട്ടു വെച്ച് ആളുകളെ വെറുതെ ആവേശം കൊള്ളിച്ചതിൽ ഒരു പാട് എൻ ജി ഓ കൾക്കും പ്രമുഖ വിദേശ മലയാളി പ്രഭൃതികൾക്കും ചില മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും ഒക്കെ പങ്കുണ്ട്. അവരിൽ പലരും ഇപ്പോൾ ആവേശക്കമ്മിറ്റിയിൽ നിന്ന് രാജി വെച്ച് പുറത്തു പോകുകയോ നിരാശരായി മടങ്ങുകയോ നിശ്ശബ്ദരാകുകയോ ചെയ്തിട്ടുണ്ട്. ഭരണകൂടം തങ്ങളുയർത്തിയ മുദ്രാവാക്യങ്ങളിൽ നിന്ന് അവർക്കു വേണ്ടത് മാത്രം എടുക്കുകയും സുതാര്യത, ആശയ വ്യക്തത, നവകേരള നിർമ്മാണത്തിനായുള്ള പ്രത്യേക അതോറിറ്റി, എന്നിവയില്ലാതെ വരികയും ചെയ്‌തതിനാലാണ് ഈ പിന്മാറ്റം. ഒടുവിൽ മുദ്രാവാക്യം മാത്രമാണ് ബാക്കിയാവുന്നത്.

 

നമ്മൾ ആശയ വ്യക്തത, സുതാര്യത എന്നിങ്ങനെ വിഷയങ്ങൾ സാംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലോകബാങ്കും കെ.പി.എം.ജിയും നവകേരള നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു, നിങ്ങളുടെയോ എന്റെയോ അനുമതി കൂടാതെ. നിയമസഭയിൽ പോലും യാതൊരു ചർച്ചകളും നടത്താതെ.

 

ബീഹാറിന് തെരഞ്ഞെടുപ്പിന് മുമ്പ് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയുടെ പാക്കേജ് ഓഫർ ചെയ്ത കേന്ദ്ര ഗവൺമെന്റിൽ നിന്ന്, അർഹതപ്പെട്ട -മുപ്പത്തിനായിരമോ നാല്പത്തിനായിരമോ കോടിയുടെ -ഒരു പാക്കേജ് നേടിയെടുക്കാൻ കരുത്തനായ ഒരു മുഖ്യമന്ത്രിയുണ്ടെന്ന് ഇപ്പോഴും ബഹുഭൂരിപക്ഷവും വിശ്വസിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണ നേതൃത്വം ഒരു ശ്രമവും നടത്തുന്നില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. ഈ ഭരണ നേതൃത്വം നമുക്ക് അർഹമായ പാക്കേജ് നേടിയെടുക്കാൻവേണ്ടി ഒരു രാഷ്ട്രീയ സമ്മർദ്ദവും നടത്തുന്നില്ലെന്നതാണ്, പാക്കേജിനായുള്ള രേഖകൾ പോലും ഇനിയും സമർപ്പിച്ചിട്ടില്ലെന്നുള്ളതാണ് നമ്മെ ശരിക്കും അത്ഭുതപ്പെടുത്തേണ്ടത്.. വലിയ സമരതന്ത്രജ്ഞരായ ഇടതുപക്ഷം ഇതേക്കുറിച്ചു ഇപ്പോഴും നിശ്ശബ്ദരാണ്.

 

നമുക്ക് അർഹമായത് കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കേണ്ടതിന് പകരം സാലറി ചലഞ്ച് പോലുള്ള മായപ്പൊടി വാരി വിതറി ജനങ്ങളുടെ കണ്ണിൽ മണ്ണിടുകയാണ് സംസ്ഥാന ഭരണനേതൃത്വം. സാലറി ചലഞ്ച് വഴി പരമാവധി കളക്ട് ചെയ്യാൻ കഴിയുന്നത് 3800 കോടി രൂപ മാത്രമാണ് എന്നോർക്കുക. അത് ദുരിതാശ്വാസത്തിനല്ലാതെ മറ്റൊന്നിനും തികയുകയുമില്ല. ഒരുമാസത്തെ ശമ്പളം കിട്ടാതായാൽ അമ്പേ താളം തെറ്റുന്നതാണ് തൊണ്ണൂറു ശതമാനം മലയാളികളുടെയും കുടുംബക്രമം. അയാൾ ജോലി ചെയ്തതിന്റെ കൂലിയാണത്. അതിന്റെ എത്ര ശതമാനം ചാരിറ്റിക്കായി ചെലവാക്കണമെന്നത് അയാൾക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമാണ്. സെപ്റ്റംബർ മാസത്തെ ഗ്രോസ് സാലറി കണക്കാക്കി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്നും അല്ലാത്തവർ അത് എഴുതി നല്കണമെന്നതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം മാത്രമല്ല മനുഷ്യ വിരുദ്ധം കൂടിയായ തീരുമാനമാണ്. അങ്ങിനെയൊരു തീരുമാനമെടുക്കാനുള്ള ചുമതല നമ്മൾ ഒരു തെരഞ്ഞെടുക്കപ്പെട്ട “ പൊതുജന സേവകർ” ക്കും നൽകിയിട്ടില്ല.

 

പോപ്പുലിസ്റ്റ് ഭരണ രീതികൾ ഇങ്ങനെയൊക്കെയാണ്. ജനങ്ങളിലേക്കാണ് അവർ എല്ലാ ഭാരവും ഇറക്കി വെക്കുക. ജനങ്ങളോടാണ് അവർ മുണ്ടു മുറുക്കിയുടുക്കാൻ ആവശ്യപ്പെടുക. ജനങ്ങളോടാണ് അവർ രാജ്യം വൃത്തിയാക്കാൻ ആവശ്യപ്പെടുക. ജനങ്ങളോടാണ് അവർ പൊതുനിരത്തിൽ തൂറരുതെന്നും നദികളും പുഴകളും ശുചീകരിക്കണമെന്നും ആവശ്യപ്പെടുക. ജനങ്ങളോടാണ് അവർ സംസ്ഥാനത്തെ പുനർ നിർമ്മിക്കാൻ ആവശ്യപ്പെടുക. ഇത്തരം മുദ്രാവാക്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം സംഗതി പരാജയപ്പെട്ടു കഴിയുമ്പോൾ അതും ജനങ്ങളുടെ ചുമലിൽ വെക്കാമെന്നുള്ളതാണ്. നിങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് പദ്ധതി പൊളിഞ്ഞതെന്നാണ് പിന്നീട് അവർ പറയുക.

 

എത്രയും പെട്ടെന്ന് കേരള പുനർനിർമ്മാണത്തിനായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കാനും പുനർനിർമ്മാണത്തിനായി ഒരു നയരൂപീകരണം നടത്താനും ആ നയം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താനും അത്തരമൊരു പുനർനിർമ്മാണത്തിനു വേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള രാഷ്ട്രീയസാമ്പത്തിക സാമൂഹിക സമ്മർദ്ദങ്ങൾ ആരംഭിക്കാനും കേരളാ ഗവണ്മെന്റ് തയ്യാറാകണം. ഓർക്കുക നല്ല പത്രസമ്മേളനങ്ങളല്ല, നല്ല വാഗ്‌ധോരണിയല്ല ഒരു നല്ല ഭരണാധികാരിയെ നിർണ്ണയിക്കുന്നത്