Open Space

12 Oct 2018 23:45 PM IST

നാമജപക്കാർ വിടി ഭട്ടതിരിപ്പാട് എന്ന് കേട്ടിട്ടുണ്ടോ?

ശബരിമലയില്‍ ആരാധന നടത്തുവാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ ഒരുപറ്റം സ്ത്രീകളെ തന്നെ തെരുവിലിറക്കി ചിലര്‍ നടത്തുന്ന സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ കാണുമ്പോഴാണ് വി.ടി ഭട്ടതിരിപ്പാടിന്റെ മഹത്വവും ദീര്‍ഘ ദര്‍ശിത്വവും ഓര്‍ത്തുപോകുന്നത്. ഭക്തിയുടെ പേരുപറഞ്ഞു തെരുവില്‍ അരങ്ങേറുന്ന വഷളത്തരത്തിനുള്ള മറുപടി മുക്കാല്‍ നൂറ്റാണ്ട് മുമ്പ് അദ്ദേഹം എഴുതിയ ലേഖനത്തിലുണ്ട്.

1933 ല്‍ വി.ടി ഭട്ടതിരിപ്പാട് എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ് “ഇനി നമുക്ക് അമ്പലം തീ കൊളുത്തുക”. കേരളത്തില്‍ സ്ത്രീകളുടെ ചരിത്രം എഴുതുമ്പോള്‍ ഒന്നാം പേരുകാരനായി വരുന്ന പുരുഷനാണ് വി.ടി. ”പുരുഷന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീ വിമോചന പ്രസ്ഥാനം”എന്നാണു വി.ടിയുടെ പ്രസ്ഥാനത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പി ച്ചിട്ടുള്ളത്. കുമാരനാശാന്‍ പാടിയതുപോലെ “അനാചാര മണ്ഡലഛത്രരായി നമ്പൂതിരിമാര്‍ വാണിരുന്ന “ ഒരു കാലഘട്ടത്തില്‍ നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. സ്ത്രീയുടെ പ്രശ്നം പുരുഷന്റെയും സമുദായത്തിന്റെയും മനുഷ്യകുലത്തിന്റെയും കലയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്നങ്ങളാണെന്ന തിരിച്ചറിവില്‍ നിന്നാണ് വി.ടി തന്റെ സ്ത്രീവിമോചന പരിശ്ര മങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുത്തത്.

 

ശബരിമലയില്‍ ആരാധന നടത്തുവാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ ഒരുപറ്റം സ്ത്രീകളെ തന്നെ തെരുവിലിറക്കി ചിലര്‍ നടത്തുന്ന സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ കാണുമ്പോഴാണ് വി.ടി ഭട്ടതിരിപ്പാടിന്റെ മഹത്വവും ദീര്‍ഘ ദര്‍ശിത്വവും ഓര്‍ത്തുപോകുന്നത്. ഭക്തിയുടെ പേരുപറഞ്ഞു തെരുവില്‍ അരങ്ങേറുന്ന വഷളത്തരത്തിനുള്ള മറുപടി മുക്കാല്‍ നൂറ്റാണ്ട് മുമ്പ് അദ്ദേഹം എഴുതിയ ഈ ലേഖനത്തിലുണ്ട്.

 

“ കേരളത്തില്‍ എവിടെ നോക്കിയാലും അഹംഭാവം കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്.ഇത് കണ്ടു കണ്ടു മടുത്തു. അസമത്വത്തിന്റെ യും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്ക് പൊളിച്ചു കളയണം. അതേ,അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്ക് തീ വയ്ക്കണം. അമ്പലങ്ങള്‍ക്കു തീ വയ്ക്കയോ? പല ഹൃദയങ്ങളിലും ഒരു കത്തിക്കാളല്‍ ഉണ്ടായേക്കും. അതിനു മറ്റാരുമല്ല നമ്മുടെ മതഭ്രാന്തു തന്നെയാണ് ഉത്തരവാദി....ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണു കെട്ടി ശയന പ്രദക്ഷിണം വയ്ക്കാതെ,ഈ മതഭ്രാന്തിനെ പൂജിക്കാതെ ,വങ്കത്തങ്ങളെ പുറത്തേക്ക് എഴുന്നള്ളിക്കാതെ നമുക്ക് ജീവിക്കുക.”

 

താനൊരു ശാന്തിക്കാരനായിരുന്നെങ്കില്‍, വച്ചുകഴിഞ്ഞ നിവേദ്യം വിശന്നു വലയുന്ന കേരളത്തിലെ പാവങ്ങള്‍ക്ക് വിളമ്പിക്കൊടുക്കുമെന്നും ദേവന്റെ മേല്‍ ചാര്‍ത്തി ക്കഴിഞ്ഞ പട്ടു തിരുവുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അര മറയ്ക്കാന്‍ ചീന്തി ക്കൊടുക്കും എന്നും എഴുതിയിട്ട് വി.ടി തുടരുന്നു :”പുകഞ്ഞു തുടങ്ങിയ ധൂപം അമ്പല ത്തിലുള്ള പെരുച്ചാഴികളെ --നമ്പൂതിരി,പട്ടര്‍ തുടങ്ങിയ വര്‍ഗ്ഗങ്ങളെ-- പുറത്തോടിച്ചു കളയുവാനാണ് ഉപയോഗിക്കുക. കത്തിച്ചുവച്ച കെടാവിളക്കാകട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കാനല്ല, അതിന്റെ തലയ്ക്കു തീ കത്തിക്കാനാണ് ഞാന്‍ ശ്രമിക്കുക. അത്ര വെറുപ്പ്‌ തോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്.അതാണ്‌ അമ്പലങ്ങള്‍ക്കു തീ വയ്ക്കുക.”

 

അമ്പലങ്ങളുമായി വര്‍ഷങ്ങളുടെ നിരന്തര ബന്ധമുണ്ടായിരുന്ന ബ്രാഹ്മണജാതിയിൽ ജനിച്ച ഒരാളുടെ അടങ്ങാത്ത അമര്‍ഷമാണ്‌ ഈ വാക്കുകളിലൂടെ പുറത്ത് വന്നത്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അനാചാരങ്ങളും അനാശാസ്യ പ്രവൃത്തികളും നേരിട്ട് മനസ്സിലാക്കിയ വി.ടിയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ഭരണഘടന നിലവില്‍ വരുന്നതിനും മുമ്പേ സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് പാപമാണെന്നും പറഞ്ഞു സുപ്രീം കോടതി ജഡ്ജിമാരെ ചീത്ത വിളിക്കുന്ന കെ.സുധാകരനെ പോലുള്ള കോണ്ഗ്രസ് നേതാക്കള്‍, ഭരണഘടന ജനിക്കും മുമ്പ് വി.ടി ഭട്ടതിരിപ്പാട് എഴുതിയ ഈ ലേഖനം വായിക്കേണ്ടതാണ്. “ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം കുറയും “ എന്ന് വി.ടിയ്ക്ക് ശേഷം പറഞ്ഞത് സി.കേശവനാണ്. അദ്ദേഹം അടിയുറച്ച കോൺഗ്രസുകാരന്‍ (പകല്‍ കോണ്ഗ്രസ്സും രാത്രിയില്‍ ബിജെപിയും ആകുന്ന കൂട്ടത്തിലല്ല ) ആയിരുന്നു എന്നത് സംഘി മനസ്സുള്ള കെ.സുധാകരന് ഒരുപക്ഷെ അജ്ഞാതമായിരിക്കാം.

 

അമ്പലങ്ങളിലെ അന്തര്‍നാടകങ്ങള്‍ അറിയാമായിരുന്ന വി.ടി പൂജാരി വര്‍ഗ്ഗത്തെ “പെരുച്ചാഴികള്‍ “എന്നേ മനസ്സിലാക്കിയിരുന്നുള്ളൂ. പെരുച്ചാഴികളെയും വെല്ലുന്ന മൂരികളും കോഴികളുമാണ് അവരെന്ന് ശബരിമല തന്ത്രി ലോകത്തിനു കാട്ടിക്കൊ ടുത്തു. 2006 ജൂലായ്‌ 23നു ശബരിമലയിലെ മുഖ്യതന്ത്രിമാരില്‍ ഒരാളെ അനാശാസ്യത്തിനു ഏറണാകുളത്തെ ഒരു ഫ്ലാറ്റില്‍ നിന്നും പോലീസ് പിടികൂടിയാതോടെയാണ് പെരുച്ചാഴിയെക്കാള്‍ വലിയ ഉരുപ്പടിയാണ് അമ്പലത്തിനുള്ളില്‍ ഉള്ളത് എന്ന് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ദേവസ്വം ബോഡ് അയാളെ തന്ത്രിപ്പണിയില്‍ നിന്നും ഒഴിവാക്കി.സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമെന്നും അമ്പലം അ ശുദ്ധമാകുമെന്നും പറഞ്ഞ് സ്ത്രീകളെ തെരുവിലിറക്കി സമരം നയിക്കുന്നവരുടെ കൂട്ടത്തില്‍ ഈ വിടപ്രമാണിയും ഉണ്ട്. സസ്പന്‍ഷനില്‍ നില്‍ക്കുന്ന കാലത്ത് ഈ തന്ത്രി ബ്രഹ്മചാരി ജാമ്യം കിട്ടിയ ഉടന്‍ അമ്പലത്തില്‍ തിരികെ പ്രവേശിക്കുവാന്‍ ഒരു ശ്രമം നടത്തി. സെക്യൂരിറ്റി ജീവനക്കാരും പോലീസും ഇയാളുടെ നീക്കം തടഞ്ഞു. അന്ന് ഈ വിശുദ്ധനു വഴിയൊരുക്കാനും ചൂട്ടുപിടിക്കാനും വന്നത് ഇപ്പോള്‍ ചാനലുകളില്‍ ഇരുന്നു ചീഫ് ജസ്റ്റിസ് കള്ളനാണെന്ന് വിളിച്ചു കൂവുന്ന തന്ത്രികുമാരനായിരുന്നു. പെണ്‍വാണിഭവും മദ്യപാനവും വ്യഭിചാരവും കുലത്തൊഴിലായി കൊണ്ട് നടക്കുന്ന ഇത്തരം വിഷയലമ്പടന്മാര്‍ കയറിയാല്‍ നശിക്കാത്ത വിശുദ്ധി സ്ത്രീകള്‍ കുളിക്കാതെയും നനയ്ക്കാതെയും കയറിയാല്‍ പോലും നശിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ കുറിച്ചു ആശങ്കപ്പെടുന്ന കുലസ്ത്രീകളും കുലപുരുഷന്മാരും ,പെണ്ണു പിടിയനായ ഈ തന്ത്രി വര്‍ഷങ്ങളോളം അമ്പലത്തിനകത്തിരുന്നു കാമപൂജ നടത്തിയെന്നറിഞ്ഞിട്ടും അയാള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതിരുന്നത് എന്തുകൊണ്ടാണ് ?

 

ആചാര സംരക്ഷകരായി തെരുവിലിറങ്ങിയിരിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പോലുള്ളവര്‍ വി.ടിയുടെലേഖനം ഒരിക്കലെങ്കിലും വായിക്കണം. ഭട്ടതിരിപ്പാടിന്റെ ലേഖനം ആയതുകൊണ്ട് ആചാരലംഘനത്തെ ഭയക്കുകയും വേണ്ട. ആചാരപ്രേമത്തേക്കാള്‍ സുപ്രീം കോടതിയോടുള്ള പകയാണ് സ്ത്രീകളെയും കൂട്ടി തെരുവിലിറങ്ങാന്‍ സുകുമാരന്‍ നായരെ പ്രേരിപ്പിച്ചത്. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം എടുത്തു കളയണം എന്നാവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തൊടുക പോലും ചെയ്യാതെ ഉന്നത നീതി പീഠം ദൂരെയെറിഞ്ഞു കളഞ്ഞു. മന്നത്തു പത്മനാഭന്‍ മുതല്‍ അഡ്വ.പി.കെ. നാരായണപ്പണിക്കര്‍ വരെയുള്ള ,എഴുത്തും വായനയും നിയമ പരിജ്ഞാനവും ഉള്ള മുന്‍കാല എന്‍.എസ്. എസ് നേതാക്കളാരും ചെയ്യാത്ത സാഹസം കാട്ടിയ സുകുമാരന്‍ നായര്‍ക്കു ഇതില്‍ പരം അപമാനം ഉണ്ടാകാനില്ല. പടയാളി രക്തം സിരകളില്‍ ഒഴുകുന്ന സെക്രട്ടറിയുടെ ചോര തിളയ്ക്കാതിരിക്കുമോ? അമര്‍ഷവും പകയും കടിച്ചമര്‍ത്തി ഇരിക്കുമ്പോഴാണ് ഈ സുപ്രീംകോടതി വിധി വീണു കിട്ടിയത്. നോക്കിയപ്പോള്‍ അഭിഭാഷക പ്രമാണിയെന്നു അണികള്‍ വാഴ്ത്തുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ,യോഗക്ഷേമ സഭയുടെ നേതാവ് അക്കീരമണ്‍ ഭട്ടതിരി തുടങ്ങിയ സവർണരെല്ലാം സമരത്തിലുണ്ട്. പിന്നൊന്നും ആലോചിച്ചില്ല. പക്ഷേ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീല്‍ സുപ്രീം കോടതി വിധിയ്ക്കെതിരെ തെരുവില്‍ ഇറങ്ങുന്നതിന്റെ പ്രത്യാഘാതം അറിയാനിരിക്കുന്നതേ ഉള്ളൂ.

 

ഭക്തിയുടെ ഹിസ്റ്റീരിയ മാറിക്കഴിയുമ്പോള്‍ ,ആചാര സംരക്ഷണത്തിനെന്നു പറഞ്ഞു തങ്ങളെ വെയില്‍ കൊള്ളിച്ച പുരുഷ കേസരികള്‍ സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നു എന്ന് സ്ത്രീകള്‍ തിരിച്ചറിയും. പക്ഷേ, അമ്പലത്തിന്റെയും ആചാരത്തിന്റെയും പേരില്‍ കലാപമുണ്ടാക്കി കേരളത്തില്‍ ഭരണം പിടിച്ചെടുക്കുക എന്ന ബിജെ പി അജണ്ടയാണ് ഈ തെരുക്കൂത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സിന്റെ കാക്കിനഡ സമ്മേളനത്തില്‍, ടി.കെ മാധവന്‍ മുന്‍കൈ എടുത്ത് കോണ്ഗ്രസ്സിന്റെ പ്രവര്‍ത്തന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ‘അയിത്തോച്ചാടന’ പരിപാടി, മാറിയ സാഹചര്യത്തില്‍ ബിജെപിയോടുള്ള അയിത്തം ഇല്ലാതാക്കുകയാണെന്നു തിരുത്തിയിരിക്കുകയാണ് അവര്‍.