Kerala News

17 Nov 2018 14:30 PM IST

മരങ്ങളോടും മഞ്ഞിനോടുമൊത്ത് പാടുമ്പോള്‍

ടി.എം കൃഷ്ണയുടെ സംഗീത പരിപാടിയിൽനിന്ന് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറിയതിൽ രാഷ്ടീയവും ജാതിയും കെട്ടുപിണഞ്ഞ ഭയാനകമായ ചിലത് കാണാതെ പോകരുത്.

ടി എം കൃഷ്ണയുടെ സംഗീതം ഒരു ലഹരിയാണ്. പരമ്പരാഗത ശൈലിയിൽ നിന്നും വ്യതിചലിച്ച് ലയത്തിന്റെ അതിപ്രസരത്തിലൂടെ സംഗീതസാഗരത്തിന്റെ അത്യഗാധതലങ്ങളിൽ ഊളിയിട്ട് മുത്തും ചിപ്പിയും മാത്രമല്ല കടലിന്റെ ഇതുവരെ കേൾക്കാത്ത ഇരമ്പവും മൗനത്തിന്റെ അത്യപൂർവ്വ ഗതിവിഗതികളും വരെ നിങ്ങളുടെ മുന്നിലെത്തിക്കും. ആകാശം തൊട്ട് താഴെയിറക്കുന്നത് നിങ്ങളറിയില്ല. അങ്ങിനെയൊരനുഭൂതിയിൽ നിന്നുണർന്ന് ഒരിക്കൽ ഹാബിറ്റാറ്റ് സെന്ററിൽ വെച്ച് കച്ചേരി കഴിഞ്ഞ് ഒരു പതിനാറുകാരിയെപ്പോലെ ഓടിപ്പോയി ആ കൈകളിൽ ഒന്നു തൊട്ടിട്ടുണ്ട്. നെഹൃ പാർക്കിൽ തോരാമഴയിലും മഞ്ഞിലും പുലരും മുൻപെഴുന്നേറ്റുപോയി താളം പിടിക്കുന്ന മരങ്ങൾക്കൊപ്പം ഒരിക്കലെങ്കിലും സംഗീതം അനുഭവിച്ചില്ലെങ്കിൽ (മ്യൂസിക് ഇൻ ദ പാർക്) അത് ഒരു വലിയ നഷ്ടമാണ് എന്ന് വിശ്വസിക്കുന്നുമുണ്ട്. രണ്ടും കൂടി ഒത്തു വരുന്ന ഒന്നാണ് ചിലർ ഇവിടെ നഷ്ടപ്പെടുത്തിയത്.


‌ സംഗീതമായാലും സാഹിത്യമായാലും ഒരാളുടെ സ്വകാര്യ ജീവിതം അയാളുടെ കലാപ്രതിഭയെ ആസ്വദിക്കുന്നതിൽ നിന്നും നമ്മെ വിലക്കുന്നുവെങ്കിൽ അത് നമ്മുടെ കാഴ്ചപ്പാടിന്റെ പരിമിതിയാണ്‌. അവരിലെ കലാപ്രതിഭയാണു നമ്മുടെ ആസ്വാദന മുകുളങ്ങളെ തൊട്ടുണര്‍ത്തുന്നത്. പിന്നെ ഇതൊക്കെ ചെയ്യിക്കുന്നവർ ഈ പ്രതിഭ ആസ്വദിക്കാൻ കഴിയുന്നവരോ തിരിച്ചറിയാൻ കഴിയുന്നവരോ അതിന്റെ ഏഴയലത്തു കൂടി വഴി നടന്നവരോ ആയിരിക്കില്ല എന്നതാണ് ഏറ്റവും സങ്കടകരമായത്. സംഗീതജ്ഞനായ റ്റി.എം കൃഷ്ണയെ അറിയുന്നവരായിരിക്കില്ല എതിര്‍ക്കുന്നവര്‍.


‌താന്‍ ജീവിക്കുന്ന ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങൾ ഹിന്ദുവിൽ ലേഖനങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്ന ടി.എം.കൃഷ്ണ സംഗീതത്തിലെ വരേണ്യതയെയും ജാതി മേധാവിത്വത്തേയും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സംഗീതാസ്വാദകർക്ക് പുറത്ത് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പൊതുവേ വരേണ്യ സമൂഹത്തിനും പാരമ്പര്യ ഹിന്ദുത്വ വാദികൾക്കും കണ്ണിലെ കരടായി മാറി ത്തുടങ്ങി. വരേണ്യവേദികളിൽ അയിത്തം കല്പിച്ചിരുന്ന നാടൻ പാട്ടുകളിൽ സംഗീതം തേടിപ്പോയി അവയെ പഠിക്കാനും അവർക്കു വേണ്ടി പാടാനും തയാറായി എന്നതും കൃഷ്ണയെ അവരിൽ നിന്നും അകറ്റി. കർണ്ണാടക സംഗീതജ്ഞരുടെ സ്വപ്നവും അഹങ്കാരവുമായ മാർകഴി സംഗീതോത്സവത്തിൽ ഇനി താൻ പാടില്ലെന്ന കൃഷ്ണയുടെ അറിയിപ്പോടെ എതിർപ്പുകൾക്ക് ശക്തി കൂടി.

 

വിവിധ സംഗീത നൃത്തരൂപങ്ങൾ, യോഗ, കരകൗശലം തുടങ്ങി ഭാരതിയ പാരമ്പര്യത്തിലെ ശാസ്ത്രിയവും തനി നാടനുമായ എല്ലാത്തിനെയും മറ്റുള്ളവരിലെത്തിക്കുക, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയുക എന്ന സദുദ്ദേശത്തോടെയാണ് സ്പിക് മാകേ ( SPIC MACAY- The Society for the Promotion of Indian Classical Music And Culture Amongst Youth) എന്ന നോൺ പൊളിറ്റിക്കൽ വോളണ്ടറി ഓർഗനൈസേഷൻ പ്രവർത്തനം തുടങ്ങിയത്. ഉന്നത ശ്രേണിയിലിരിക്കുന്ന കലാകാരന്മാരെ സ്കൂൾ കോളജ് വിദ്ധ്യാർത്ഥികൾക്കിടയിലും നമ്മളെ പോലുള്ള സാധാരണക്കാർക്കിടയിലും എത്തിച്ചതിൽ ഇവർക്കുള്ള പങ്ക് വലുതാണ്. ഡൽഹിയിലെ ജീവിതകാലത്ത് വലിയ സംഗീതജ്ഞരായ പണ്ഡിറ്റ് ജസ് രാജ്, ഹരിപ്രസാദ് ചൗരാസ്യ, പണ്ഡിറ്റ് രവിശങ്കർ, അനുഷ്ക, ശിവകുമാർ ശർമ്മ, വിശ്വമോഹൻ ഭട്ട്, ശുഭ മുഡ്ഗൽ, എൻ.രാജം, പർവീൺ സുൽത്താന തുടങ്ങി എണ്ണിത്തീരാതെ പലരേയും അനുഭവിച്ചത് സ്പിക് മകേയുടെ 'മ്യൂസിക് ഇൻ ദ പാർക്ക്' എന്ന പേരിൽ നെഹൃ പാർക്കിൽ എല്ലാ മാസവും നടത്തിയിരുന്ന പരിപാടിയിലൂടെയാണ്. തണുപ്പുകാലങ്ങളിൽ സന്ധ്യയും വേനലിൽ ഉദയസൂര്യനും മേമ്പൊടിയായുള്ള ശുദ്ധസംഗീതം തികച്ചും ഒരു വിശിഷ്ടാനുഭവമാണ്.

 

സോഷ്യൽ മീഡിയയിലെ ട്വീറ്റുകളിലും പ്രതികരണങ്ങളിലും ഭയന്ന് ഈ പരിപാടിയുടെ സംഘാടകരായ ഗവണ്മെന്റ് സ്ഥാപനമായ എയർ പോർട്ട് അതോറിറ്റി ഇത്തരമൊരു സംരംഭത്തിൽ നിന്നും പിൻമാറുമ്പോൾ നമ്മൾ വായിച്ചെടുക്കേണ്ട ചിലതുണ്ട്. രാഷ്ടീയവും ജാതിയും കെട്ടുപിണഞ്ഞ ഭയാനകമായ ചിലത് കാണാതെ പോകരുത്. മാനവികതയ്ക്കെതിരായ ആ ഇടപാടുകള്‍ അത്ര ലളിതമല്ല.

 

ദില്ലിയിലെ ആം ആദ്മി പാർട്ടി ഗവണ്മെന്റ് കൃഷ്ണയുടെ പരിപാടിയുമായി മുന്നോട്ടു പോകുന്നതിനായി ചർച്ച നടത്തുന്നതായി അറിയുന്നത് ആശ്വാസകരമാണ്‌. ടി എം കൃഷ്ണ പറഞ്ഞതുപോലെ ഇത്തരം ഭീഷണികള്‍ക്ക് നമ്മെ അടിച്ചമര്‍ത്താനാകാതെ പോകട്ടെ. മഹത്തായ സംഗീതം മരിക്കാത ബാക്കി നില്‍ക്കുവാന്‍ ധീരമായ നടപടികള്‍ കൂടിയേ തീരൂ. ഒരു കുളിർ സംഗീത സന്ധ്യ അതിന്റെ എല്ലാ മാസ്മരികതയോടും കുടി ദില്ലി നിവാസികള്‍ക്ക് അനുഭവിക്കാനാകുമെന്നു പ്രതീക്ഷിക്കാം.