Campus

15 Nov 2018 17:25 PM IST

വ്യാജഡിഗ്രി : ഡുസു പ്രസിഡന്റ് രാജിവച്ചു

വ്യാജ ഡിഗ്രി ആരോപണം നേരിടുന്ന എ.ബി.വി.പി നേതാവ് അങ്കിവ് ബൈസോയ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം എ.ബി.വി.പി നേതാവ് അങ്കിവ് ബൈസോയ രാജിവച്ചു. ബൈസോയയുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. ബൈസോയയോട് രാജി വയ്ക്കാന്‍ എ.ബി.വി.പി ആവശ്യപ്പെടുകയായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചതോടൊപ്പം സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍ നിന്നും ബൈസോയയെ ഒഴിവാക്കി.


അങ്കിവ് ബൈസോയയ്‌ക്കെതിരായ വ്യാജഡിഗ്രി ആരോപണം ഡല്‍ഹി സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെയും എ.ബി.വി.പിയുടെയും പ്രതിച്ഛായയെ കളങ്കപ്പെടുത്തിയതായി എ.ബി.വി.പി ഡല്‍ഹി സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആരോപണം തെളിയുകയാണെങ്കില്‍ ബൈസോയ നിയമനടപടികള്‍ നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.