National News

15 Nov 2018 11:25 AM IST

ബിജെപി സമ്മർദ്ദം ; ടിഎം കൃഷ്ണയുടെ പരിപാടിയിൽ നിന്ന് എഎഐ പിന്മാറി

അസഹിഷ്ണുതയുടെ രാഷ്ട്രീയം സാംസ്കാരികരംഗത്തും പിടി മുറുക്കുന്നു. സംഘപരിവാറിന്റെ സമ്മർദ്ദത്തെ തുടർന്ന് ടി.എം.കൃഷ്ണയുടെ പരിപാടിയിൽനിന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറി.

രാജ്യാന്തര പ്രശസ്ത കർണാടിക് സംഗീതജ്ഞൻ ടി.എം.കൃഷ്ണയെ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചതിനു ശേഷം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറി. നവംബർ 17,18 തിയതികളിൽ ഡല്‍ഹിയിൽ നടക്കുന്ന 'ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദ പാർക്' എന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നവംബർ 17 നായിരുന്നു കൃഷ്ണയുടെ പരിപാടി തീരുമാനിച്ചിരുന്നത്. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയും സ്പിക്മെക്കെയും ചേർന്ന് ചാണക്യപുരി നെഹ്‌റു പാര്‍ക്കിലാണ് 'ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദ പാർക്'' നടത്തുന്നത്.

 

കൃഷ്ണയുടെ സംഗീതക്കച്ചേരിയുടെ വിവരം നവംബർ 5 ന് ട്വിറ്ററിലൂടെ അറിയിച്ച എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ തൊട്ടടുത്ത ദിവസങ്ങളിൽ പത്ര മാധ്യമങ്ങളിൽ പരിപാടിയുടെ വലിയ പരസ്യങ്ങളും നൽകിയിരുന്നു. പരിപാടി മാറ്റി വയ്ക്കണമെന്ന് നവംബർ 14 ന് രാത്രി ഇമെയിലിലൂടെ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ സ്പിക് മെക്കെയെ അറിയിക്കുകയായിരുന്നു. കൃഷ്ണയെ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ സംഘപരിവാർ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരുന്നു. മോദി സർക്കാരിന്റെയും സംഘ്പരിവാറിന്റെയും കടുത്ത വിമർശകനായ ടി.എം.കൃഷ്ണയോടുള്ള ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും എതിർപ്പാണ് പരിപാടി മാറ്റിവയ്ക്കാൻ കാരണമെന്ന് വ്യക്തമാണ്.

 

ടി.എം കൃഷ്ണയോടുള്ള എതിർപ്പാണ് പരിപാടി മാറ്റി വയ്ക്കാൻ കാരണമെന്ന ആരോപണം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മഹാപാത്ര നിഷേധിച്ചു. അതേ സമയം നവംബർ 17 ന് ഡൽഹിയിൽ എവിടെയെങ്കിലും ഒരു വേദി ഒരുക്കിയാൽ താൻ അവിടെ പാടാമെന്നും ഭീഷണികൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും ടി.എം.കൃഷ്ണ പറഞ്ഞു. സംഘപരിവാറിന്റെ കടുത്ത അസഹിഷ്ണുത രാജ്യത്തെ സാംസ്കാരികരംഗത്ത് സൃഷ്ടിക്കുന്ന ഭീതിദമായ അവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ് ടി.എം കൃഷ്ണയുടെ പരിപാടിയിൽ നിന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയ സംഭവം.