National News

15 Oct 2018 06:30 AM IST

രാജി വയ്ക്കില്ല ; ആരോപണങ്ങൾ നിഷേധിച്ച് എം.ജെ അക്ബർ

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നിരവധി മാധ്യമ പ്രവർത്തകമാർ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ നിഷേധിച്ചു.

New Delhi

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നിരവധി മാധ്യമ പ്രവർത്തകമാർ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ നിഷേധിച്ചു. ടെലഗ്രാഫിന്റെയും ഏഷ്യൻ ഏജിന്റെയും സ്ഥാപക പത്രാധിപരായിരുന്ന അക്ബർ പത്രധപരായിരിക്കെ തങ്ങളുടെ നേർക്ക് ലൈംഗിക അതിക്രമത്തിന് മുതിർന്നുവെന്നാണ് മാധ്യമപ്രവർത്തകമാരുടെ ആരോപണം. അക്ബറിനോടൊപ്പം പ്രവർത്തിച്ചവരും ജോലിക്കായി അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടവരുമാണ് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകമാർ.

 

തനിക്കെതിരായ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും ഇവ തന്റെ സൽപ്പേരിന് കളങ്കം ചാർത്തിയെന്നും അക്ബർ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന്റെ അർത്ഥം വ്യക്തമാണെന്ന് അക്ബർ പറഞ്ഞു. നൈജീരിയയിൽ ഒരു ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അക്ബർ.

 

12 മാധ്യമപ്രവർത്തകമാരാണ് അക്ബറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണി ഒരു വർഷം മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ നടത്തിയ വെളിപ്പെടുത്തൽ ആവർത്തിക്കുകയായിരുന്നു. അന്ന് താൻ വെളിപ്പെടുത്തൽ നടത്തിയത് എം.ജെ.അക്ബറിനെ കുറിച്ചായിരുന്നു എന്ന് മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവർ പറഞ്ഞത്. ആദ്യം അക്ബറിന്റെ പേര് പറയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അദ്ദേഹം ഒന്നും ചെയ്തില്ല എന്നായിരുന്നു പ്രിയാരമനി പറഞ്ഞതെന്ന് അക്ബർ ഓർമ്മിപ്പിച്ചു. താൻ ഒന്നും ചെയ്തില്ലെങ്കിൽ തനിക്കെതിരെ എന്താണ് ആരോപണമെന്ന് അക്ബർ ചോദിച്ചു.

 

വ്യാജ ആരോപണങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് അക്ബർ അറിയിച്ചു. പ്രതിപക്ഷപ്പാർട്ടികൾ അക്ബറിന്റെ രാജി ആവശ്യം ശക്തമാക്കിയതിന് പിന്നാലെയാണ് രാജിവയ്ക്കില്ലെന്ന അക്ബറിന്റെ പ്രഖ്യാപനം. അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.