News

29 Oct 2018 11:10 AM IST

വിട്ടുവീഴ്ചയില്ല ; അക്രമങ്ങളിൽ പങ്കെടുത്തവരെയെല്ലാം അറസ്റ്റു ചെയ്യും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ പങ്കെടുത്ത എല്ലാവരെയും അറസ്റ്റ് ചെയ്യുകയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്യും.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ പങ്കെടുത്ത എല്ലാവരെയും അറസ്റ്റ് ചെയ്യുകയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്യും. അക്രമത്തിന് പ്രേരണ നല്കുന്നവരെയും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിൽ പ്രസംഗിക്കുന്നവരെയുമെല്ലാം പോലീസ് കസ്റ്റഡിയിലെടുക്കും. വിദ്വേഷ പ്രസംഗം നടത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും ചെയ്ത ബി.ജെ.പിയുടെയും മറ്റു സംഘപരിവാർ സംഘടനകളുടെയും സംസ്ഥാന നേതാക്കളുൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ഇന്ന് പോലീസ് ആസ്ഥാനത്ത് ചേരുന്ന ഉന്നതതല യോഗം ഇത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യും.

 

3500 ലേറെ ആളുകളെ അറസ്റ്റ് ചെയ്യുകയും 500 ലേറെ കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 200 ഓളം പേർ അറസ്റ്റിലായി. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ നാമജപ ഘോഷയാത്രയിൽ മാത്രം പങ്കെടുത്തവർക്കെതിരെ കേസെടുക്കരുത് എന്ന് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം അക്രമത്തിൽ പങ്കെടുത്ത ഒരാളെപ്പോലും ഒഴിവാക്കരുതെന്ന നിർദ്ദേശവുമുണ്ട്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റുചെയ്യാനായിരുന്നു നിര്‍ദേശം. ക്രിമിനൽ കേസുകളിൽ സ്ഥിരം പ്രതികളായ മിക്കവർക്കും എതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

 

ബസ്സുകളിൽ കയറി പരിശോധന നടത്തുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സ്ത്രീകളെയും ഒഴിവാക്കില്ല. നവംബർ 17 ന് തീർത്ഥാടനകാലം തുടങ്ങും മുമ്പ് നവംബർ 5 ന് ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസത്തേക്കായി നട തുറക്കുമ്പോൾ അനിഷ്ട സംഭങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിക്കും. സന്നിധാനത്ത് ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായരും ചുമതല വഹിക്കും. നേരത്തെ പത്തനംതിട്ട എസ്.പി ആയി സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് രാഹുൽ ആർ.നായർ. ശക്തമായ പോലീസ് നടപടി അക്രമപ്രവർത്തങ്ങളിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂ ടിയാണ്. തീർത്ഥാടനകാലം തുടങ്ങും മുമ്പ് കരുതൽ അറസ്റ്റുകളുമുണ്ടാകും.