Today Headlines

16 Oct 2018 00:30 AM IST

Reporter-Leftclicknews

ഡബ്ല്യു.സി.സി.ക്കെതിരേ ഭീഷണിയുമായി സിദ്ദീഖും ലളിതയും

ഡബ്ല്യു.സി.സി എ.എം.എം.എയ്ക്ക് എതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്ന് സംഘടനാ സെക്രട്ടറി സിദ്ദീഖ്.

എ.എം.എം.എയ്ക്ക് എതിരേ ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്ന് സംഘടനാ സെക്രട്ടറി സിദ്ദീഖ്. ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവിന്റെ തീരുമാനം ജനറല്‍ ബോഡി തള്ളിക്കളഞ്ഞെന്നും അതിനാല്‍ ദിലീപിനെ പുറത്താക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്നും സിദ്ദീഖ് പറഞ്ഞു. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നും താന്‍ രാജിവെയ്ക്കുകയാണെന്നും ദിലീപ് എ.എം.എം.എയുടെ അധ്യക്ഷന്‍ മോഹന്‍ലാലിനെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ ഇപ്പോള്‍ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതായി സംശയിക്കുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്.

ദിലീപിനെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തുവരെ ദിലീപ് നിരപരാധിയാണ്. ദിലീപിനെ ബി.ഉണ്ണിക്കൃഷ്ണന്റെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ ആവശ്യപ്പെടുന്നു. ആരുടെയും ജോലി നഷ്ടപ്പെടുത്താനല്ല സംഘടന. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമെല്ലാം ജനങ്ങളുടെ അംഗീകാരം നേടിയവരാണ്. അവര്‍ക്ക് എതിരേ പറയുമ്പോള്‍ ജനങ്ങള്‍ എതിരാകുന്നത് ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് അംഗീകാരമുള്ളതുകൊണ്ടാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ സര്‍ക്കാരിന് കത്തു നല്‍കി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരേ ആക്ഷേപം പറയുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപം വരുമ്പോള്‍ തങ്ങളെ കുറ്റപ്പെടുത്തരുത്.

സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് അധ്യക്ഷന്‍ മോഹന്‍ലാലിനെ കുറ്റം പറഞ്ഞാല്‍ നടപടിയെടുക്കുമെന്ന് സിദ്ദീഖ് മുന്നറിയിപ്പ് നല്‍കി. സംഘടനയില്‍ നിന്നുകൊണ്ട് സംഘടനയ്ക്ക് എതിരേ പറയാന്‍ പാടില്ല. രാജിവെച്ച് പുറത്തുപോയ നടിമാര്‍ സംഘടനയില്‍ നിന്ന് സ്വയം പുറത്തുപോയവരാണ്. സ്വയം പുറത്തുപോയവരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ല. 3-4 നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നും ചെയ്യാന്‍ കഴിയില്ല. മീ ടൂ ക്യാമ്പയിന്‍ നല്ലതാണെന്ന് പറഞ്ഞ സിദ്ദീഖ്, പക്ഷേ അതു ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ലെന്ന് ഓര്‍മ്മിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ തെറി കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ജനങ്ങള്‍ ഇവരുടെ അഭിപ്രായത്തോട് യോജിക്കാത്തതുകൊണ്ടാണ്.

സംഘടനയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തു പോയവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ലളിത അറിയിച്ചു. മോഹന്‍ലാലിനെയൊക്കെ എതിര്‍ക്കുന്നത് ശരിയല്ല. അദ്ദേഹം എത്ര വലിയ ആളാണ്. ഒരു മമ്മൂട്ടിയേ ഉണ്ടാകൂ. ഒരു മോഹന്‍ലാലും ഒരു സിദ്ദീഖുമേ ഉണ്ടാകൂ.

നാലോ അഞ്ചോ പേര് വിചാരിച്ചാല്‍ സംഘടനയെ ഒന്നും ചെയ്യാനാകില്ലെന്ന് സിദ്ദീഖ് പറഞ്ഞു. നാലുപേര് പുറത്തു പോയാല്‍ 400 പേര് അകത്തുണ്ടെന്ന് ഓര്‍ക്കണം. കഴിഞ്ഞ 10-ാം തീയതിയാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. സംഘടന അത് പരിഗണിക്കും. അടുത്ത ജനറല്‍ ബോഡി ജൂണ്‍മാസം അവസാനമാണ് നടക്കുക. മൂന്നിലൊന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ ജനറല്‍ ബോഡി ചേരുകയുള്ളൂ. സംഘടനയ്ക്ക് എതിരേ പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്ക് എതിരേ നടപടിയുണ്ടാകും. വിശദീകരണം ചോദിക്കും. ആക്രമിക്കപ്പെട്ട നടിയെ സംഘടന പുറത്താക്കിയിട്ടില്ല.

ആക്രമിക്കപ്പെട്ട നടി സംഘടന തനിക്ക് സംരക്ഷണം നല്‍കില്ലെന്ന് പറഞ്ഞ് പുറത്തു പോയതാണ്. അവര്‍ സംഘടനയ്ക്ക് അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയുകയുള്ളൂ എന്നും സിദ്ദീഖ് പറഞ്ഞു. രാവിലെ ജഗദീഷിന്റെ പേരില്‍ വന്ന വാര്‍ത്താക്കുറിപ്പ് താന്‍ കണ്ടില്ലെന്ന് സിദ്ദീഖ് പറഞ്ഞു. വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരണത്തിനു നല്‍കാന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയതായി അറിയില്ല. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് കേരളത്തിലെ ജനത മുഴുവന്‍. ഡബ്ല്യു.സി.സി എന്താണ് ചെയ്തത്. നടിയെ ആക്രമിച്ച കേസ് കോടതിയിലാണ്. കോടതിവിധി വരുന്നതു വരെ ദിലീപ് സംഘടനയുടെ മുന്നില്‍ കുറ്റവാളിയല്ല. ജഗദീഷ് സംഘടനയുടെ ഖജാന്‍ജിയാണ്. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരായി താന്‍ വാര്‍ത്താസമ്മേളനത്തില്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ താന്‍ പറയുന്നതാണ് സംഘടനയുടെ നിലപാടെന്ന് സിദ്ദീഖ് പറഞ്ഞു. ഡബ്ല്യു.സി.സി അംഗങ്ങളെ മുന്‍നിര്‍ത്തി ആരോ എ.എം.എം.എയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം സിദ്ദീഖ് പ്രകടിപ്പിച്ചു.

ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകരാണ് ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയതെന്ന് വെളിപ്പെടുത്തണമെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു. എല്ലാ തൊഴില്‍ മേഖലകളിലും സത്രീകള്‍ സംരക്ഷിക്കപ്പെടണം. സ്ത്രീപീഡന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പോലീസിനെ സമീപിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്താസമ്മേളനം നടത്തിയ സ്ത്രീകള്‍ വരേണ്യ വിഭാഗത്തില്‍ പെട്ടവരാണ്. സാധാരണക്കാരായ സ്ത്രീകള്‍ക്ക് സംഘടന ആവശ്യമാണ്. ആഷിക് അബുവിന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടാക്കുന്നത്, ആ സിനിമയില്‍ അത് ആവശ്യമുള്ളതുകൊണ്ടായിരിക്കുമെന്ന് സിദ്ദീഖ് പറഞ്ഞു. നടിമാര്‍ എ.എം.എം.എയുടെ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടത്തുന്നത് പൂര്‍ണ്ണമായും വീഡിയോ റെക്കോഡ് ചെയ്തിരുന്നു. ആദ്യത്തെ 40 മിനിട്ട് അവരെ ആക്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞത് തെറ്റാണ്. അക്ഷയ്കുമാറും അമീര്‍ഖാനും സിനിമയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അത് തെറ്റാണ്. ആ മാതൃകയില്‍ ദിലീപിനെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് പറയുന്നത് ശരിയല്ല.


Reporter-Leftclicknews