News

02 Oct 2018 23:25 PM IST

രാഹുല്‍ ഈശ്വറിനും പിസിജോര്‍ജ്ജിനും ഫാ.നിക്കൊളാസിനും നിയമം ബാധകമല്ലേ?

കൊടുംക്രിമിനല്‍കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എന്തുമാകാമെന്ന സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. രാഹുല്‍ ഈശ്വറും പി.സി.ജോര്‍ജ്ജും ഫാ.നിക്കൊളാസും അതുപോലെയുള്ളവരും ഒരു നിയമനടപടിയും നേരിടാതെ സ്വസ്ഥമായി പുറത്തിറങ്ങി നടക്കുന്നു എന്നതിന്റെ അര്‍ത്ഥം ഇവിടെ നിയമവാഴ്ചയ്ക്ക് കാര്യമായ തകരാര്‍ പറ്റിയിരിക്കുന്നു എന്ന് തന്നെയാണ്.

വയനാട്ടില്‍ മാവോയിസ്റ്റുകളിറങ്ങി എന്ന സംഭ്രമജനകമായ വാര്‍ത്ത അങ്ങനെയിരിക്കുമ്പോള്‍ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ''3 പേരടങ്ങിയ സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. റോഡരികിലെ ഒരു വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം വീട്ടില്‍ നിന്ന് ഉപ്പും മുളകും അരിയും എടുത്തുകൊണ്ടുപോയി. കത്തി, കത്രിക തുടങ്ങിയ മാരകായുധങ്ങള്‍ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് മാവോയിസ്റ്റ് എന്നു സംശയിക്കപ്പെടുന്ന സംഘം എത്തിയ വീടിന് ഒരു കിലോമീറ്ററകലെ കഴിഞ്ഞ മാസം മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.'' ഈ രീതിയിലാണ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുക. 'നക്‌സല്‍ ബാരി നമ്മുടെ പാത', 'വര്‍ഗ്ഗീസ് അടിയാളരുടെ പോരാളി' എന്നിങ്ങനെയുള്ള പോസ്റ്ററുകള്‍ എവിടെയങ്കിലും കണ്ടാല്‍ പോസ്റ്ററൊട്ടിച്ചവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുക, ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അകത്തിടുക, മാവോയിസ്റ്റ് ലഘുലേഖ വായിച്ചതിന്റെ പേരില്‍ ആളുകളുടെ പേരില്‍ യു.എ.പി.എ ചുമത്തുക ഒക്കെ നമ്മുടെ പോലീസിന്റെ മുഖ്യവിനോദങ്ങളാണ്.

 

ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാത്തിടത്തോളം മാവോയിസ്റ്റ് ലഘുലേഖ കൈവശം വയ്ക്കുന്നതോ മാവോയിസത്തില്‍ വിശ്വസിക്കുന്നതോ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കാരണമല്ല എന്ന് വ്യക്തമായ കോടതിവിധിയുള്ള നാട്ടിലാണ് പുസ്തകം വായിച്ചതിന്റെ പേരില്‍ ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുന്നതും . ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും. അതേ സമയം നിയമങ്ങള്‍ പരസ്യമായി ലംഘിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്ക് രാജകീയമായി വിലസാന്‍ സംരക്ഷണം കൊടുക്കുകയാണ് പോലീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ പരസ്യമായി വെല്ലുവിളിക്കുകയും നിയമ സമാധാനനില താറുമാറാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത രാഹുല്‍ ഈശ്വറിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുക മാത്രമല്ല, വിധിന്യായത്തിനു പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ താല്പര്യവുമുണ്ടെന്ന് ആരോപിക്കുകയും ചെയ്ത രാഹുല്‍ ഈശ്വര്‍ ചീഫ് ജസ്റ്റിസിനെ ആവര്‍ത്തിച്ച് കള്ളനെന്ന് വിളിക്കുകയും ചെയ്തു. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സംഭവിക്കാവുന്നതാണോ ഇത്?

 

തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന് പോലീസില്‍ പരാതിപ്പെട്ട കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പി.സി.ജോര്‍ജ്ജ് ഇവിടെ സര്‍വ്വതന്ത്രസ്വതന്ത്രനായി വിഹരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി അഭിപ്രായപ്രകടനം നടത്തിയ പി.സി.ജോര്‍ജിന് നോട്ടീസ് അയച്ച അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായ ദേശീയ-സംസ്ഥാന വനിതാകമ്മീഷനുകളെ ജോര്‍ജ്ജ് പരസ്യമായി വെല്ലുവിളിച്ചു. ദേശീയ വനിതാകമ്മീഷന്റെ നോട്ടീസ് താന്‍ അംഗീകരിക്കില്ലെന്ന് ജോര്‍ജ്ജ് പറഞ്ഞു. മാധ്യമങ്ങളിലും പൊതു ചര്‍ച്ചകളിലും സ്ത്രീത്വത്തെ അപമാനിക്കുന്നത് വിനോദമാക്കിയ ജോര്‍ജ്ജിനെതിരേ ഒരു നടപടിയും ഇതുവരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി കേസിലെ ഇരയെയും സാക്ഷികളെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഫാ.നിക്കൊളാസ് മണിപ്പറമ്പില്‍ എന്നൊരു പുരോഹിതന്‍ തയ്യാറായിരിക്കുന്നു. ഒരു കൊലക്കേസ് പ്രതിയെയും കൂട്ടി കുറുവിലങ്ങാട് മഠത്തിലെത്തി ഇരയായ കന്യാസ്ത്രീകളെയും സാക്ഷികളായ കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്താന്‍ ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ ശ്രമിച്ചതിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിട്ടും തങ്ങള്‍ ആശങ്കാകുലരാണെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിട്ടും നിക്കൊളാസ് മണിപ്പറമ്പിലിനെതിരേ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. കൊടുംക്രിമിനല്‍കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എന്തുമാകാമെന്ന സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. രാഹുല്‍ ഈശ്വറും പി.സി.ജോര്‍ജ്ജും ഫാ.നിക്കൊളാസും അതുപോലെയുള്ളവരും ഒരു നിയമനടപടിയും നേരിടാതെ സ്വസ്ഥമായി പുറത്തിറങ്ങി നടക്കുന്നു എന്നതിന്റെ അര്‍ത്ഥം ഇവിടെ നിയമവാഴ്ചയ്ക്ക് കാര്യമായ തകരാര്‍ പറ്റിയിരിക്കുന്നു എന്ന് തന്നെയാണ്.