Kerala News

11 Dec 2018 15:45 PM IST

ശബരിമല : കേരള പോലീസ് ശരിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശബരിമലയിലെ കേരള പോലീസിന്റെ നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം പൊളിഞ്ഞു.

ശബരിമലയിലെ പോലീസ് നടപടിയെ അനുകൂലിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ മാത്രമേ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ നിർദ്ദേശം അനുസരിച്ച് പല മേൽവിലാസങ്ങളിൽ സംസ്ഥാനത്തെ പോലീസിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 100 കണക്കിന് കത്തുകൾ അയച്ചിരുന്നു.കത്തുകളിലെ പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

 

ക്രമസമാധാന തകർച്ചയുടെ പേരിൽ കേരള സർക്കാരിനെ പിരിച്ചുവിടണം എന്നൊക്കെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കത്തെഴുതിയവർക്ക് കൃത്യമായ മറുപടികൾ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണത്തിൽ തീർത്തും നിരാശരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് പൊളിഞ്ഞത്.