National News

11 Dec 2018 16:00 PM IST

തെരഞ്ഞെടുപ്പ് ഫലം : പ്രതിപക്ഷ മഹാസഖ്യത്തിന് പച്ചക്കൊടി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സല്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിന് തയ്യാറെടുപ്പിനുള്ള വലിയ അവസരമായി 5 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറി.

5 സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മഹാസഖ്യ രൂപീകരണ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ വ്യക്തത കൈവരുത്താന്‍ ഈ തെരഞ്ഞെടുപ്പ് ഫലങ്ങളും മുമ്പ് നടന്ന യു.പി, ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രതിപക്ഷത്തിന് സഹായകമാകും. ഓരോ സംസ്ഥാനത്തെയും സവിശേഷ സ്ഥിതികള്‍ കണക്കിലെടുത്ത് സംസ്ഥാന തലത്തില്‍ മുന്നണി രൂപീകരിക്കാനും ദേശീയ തലത്തില്‍ വിശാല സഖ്യമായി പ്രവര്‍ത്തിക്കാനുമുള്ള തീരുമാനത്തെ ശരിവയ്ക്കുന്നതാണ് ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി പ്രധാന ശക്തിയായ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുക, ബി.ജെ.പിക്ക് കാര്യമായ സ്വാധീന ശക്തിയില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാലും ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ പൊതു സമീപനം.


പ്രതിപക്ഷപ്പാര്‍ട്ടികൾ പരസ്പരം മത്സരിച്ച് ബി.ജെ.പി ജയിക്കുന്ന സാഹചര്യമുണ്ടാകരുത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദ് കേജ്‌രിവാളിനെ പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഡി.എം.കെ നേതാവ് സ്റ്റാലിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും മുന്‍കൈ എടുത്തത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നീട് യുപിയില്‍ നടന്ന ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കുകയുണ്ടായി. പരസ്പരം മത്സരിക്കാതിരിക്കുക എന്ന പാഠമാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പും നല്‍കിയത്.


തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചതില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സീറ്റു വിഭജനത്തിന് വഴി വയ്ക്കും. മധ്യപ്രദേശില്‍ 40 സീറ്റില്‍ കുറഞ്ഞാല്‍ മുന്നണിയില്ല എന്ന ബി.എസ്.പിയുടെ കടുംപിടുത്തം മൂലമാണ് മുന്നണിയുണ്ടാകാതെ പോയത്. മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ പുറത്തുനിറുത്താന്‍ കഴിയുമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. അത്തരമൊരു മുന്നണി കോണ്‍ഗ്രസിനും ബി.എസ്.പിയ്ക്കും ഗുണകരമാകുമായിരുന്നു. അതിരു കടന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് ഉള്ള സാധ്യതകള്‍ കൂടി നശിപ്പിക്കരുതെന്ന തിരിച്ചറിവിലേക്ക് പ്രതിപക്ഷപ്പാര്‍ട്ടികള്‍ എത്തിച്ചേരാന്‍ 5 സംസ്ഥാന നിയമസഭകളിലെ ഫലം കാരണമാകും.


പ്രതിപക്ഷമാഹസഖ്യത്തില്‍ ചേരാന്‍ ഇപ്പോള്‍ വിമുഖത കാട്ടുന്ന എസ്.പിയെയും ബി.എസ്.പിയെയും മുന്നണിയിലേക്ക് കൊണ്ടുവരാന്‍ മമത ബാനര്‍ജിയും ഫാറൂഖ് അബ്ദുള്ളയും ചന്ദ്രബാബു നായിഡുവും സ്റ്റാലിനും ശ്രമിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്പിക്കുക എന്ന ലക്ഷ്യം നേടാന്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട് എസ്.പിയും ബി.എസ്.പിയും മഹാസഖ്യത്തില്‍ ചേരാന്‍ തയ്യാറാകുമെന്നാണ് മറ്റു പ്രതിപക്ഷനേതാക്കള്‍ വിശ്വസിക്കുന്നത്. ടി.ആര്‍.എസ്സിന്റെ ചന്ദ്രശേഖര റാവു മുന്നോട്ടുവെച്ച ഫെഡറല്‍ ഫ്രണ്ട് എന്ന ആശയം ഇപ്പോള്‍ അപ്രസക്തമായി കഴിഞ്ഞു. ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്തായാലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സല്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിന് തയ്യാറെടുപ്പിനുള്ള വലിയ അവസരമായി 5 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറി.