Kerala News

08 Nov 2018 12:45 PM IST

ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ മരിച്ചു.

ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു.

Harippad

ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂരിൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ കൃഷ്ണ (20) മാവേലിക്കര നടപ്പാറയില്‍ ശങ്കര്‍കുമാര്‍ (20) എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഇരുവരുടെയും ശരീരം തീപടർന്ന് വെന്ത നിലയിലായിരുന്നു.

 

കിരൺ കൃഷ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മാവേലിക്കര സ്വദേശി ശങ്കര്‍ കുമാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

 

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളും, പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്.