15 Oct 2018 20:50 PM IST
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 24 ദിവസങ്ങള്‍ക്കുശേഷമാണ് ഫ്രാങ്കോയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രധാന സാക്ഷികളുടെ രഹസ്യമൊഴികള്‍ കോടതി മുമ്പാകെ രേഖപ്പെടുത്തിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് കാര്യമായി എതിര്‍ത്തില്ല. കര്‍ശനമായ വ്യവസ്ഥകള്‍ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന് ഉന്നയിച്ചത്.
ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ പ്രവേശിക്കരുതെന്നതാണ് ജാമ്യത്തിനുള്ള പ്രധാന വ്യവസ്ഥ. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന വ്യവസ്ഥയുമുണ്ട്. പാസ്പോര്‍ട്ട് കോടതിക്കുമുന്നില്‍ സമര്‍പ്പിക്കണം. ഇന്നുതന്നെ ഫ്രാങ്കോ ജാമ്യത്തിലിറങ്ങും.