Kerala News

17 Nov 2018 20:30 PM IST

കെ.സുരേന്ദ്രൻ കസ്റ്റഡിയിൽ

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നിലയ്ക്കലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശബരിമല സന്നിധാനത്തേക്ക് നീങ്ങാൻ ശ്രമിച്ച സുരേന്ദ്രനെ പോലീസ് കരുതൽ തടങ്കലിലെടുക്കുകയായിരുന്നു. സന്നിധാനത്തേക്ക് പോകരുതെന്നും നിലയ്ക്കൽ നിന്ന് മടങ്ങണമെന്നും പോലീസ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. പോലീസ് നിർദ്ദേശത്തിന് വഴങ്ങാതെ ബലം പ്രയോഗിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ച സുരേന്ദ്രനെ പോലീസ് തടഞ്ഞു. സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് പോലീസ് കർശനമായ നിലപാടെടുത്തതോടെ, താൻ പ്രശ്നമുണ്ടാക്കില്ലെന്നും തന്നെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കണമെന്നും ഹേലീസിനോട് സുരേന്ദ്രൻ തൊഴുകയ്യോടെ അപേക്ഷിച്ചു. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പ്രകടമായും ഭയന്ന സുരേന്ദ്രൻ പരസ്പര വിരുദ്ധമായ വാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചിറ്റാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

ഇന്ന് വെളുപ്പിന് കെ.പി.ശശികലയെ അറസ്റ്റു ചെയ്ത പോലീസ്, സന്നിധാനത്തേക്ക് ഗൂഢാലോചനയുടെ ഭാഗമായി എത്തുന്ന എല്ലാ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കളെയും അറസ്റ്റു ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട്. കലാപം നടത്താനുള്ള ഗൂഢാലോചനയിൽ സുരേന്ദ്രൻ പങ്കു വഹിച്ചതിന്റെ വ്യക്തമായ തെളിവുകൾ പോലീസ് നാളെ കോടതിയിൽ ഹാജരാക്കും. ശശികലയ്ക്ക് പുറകേ സുരേന്ദ്രനെ കൂടി അറസ്റ്റ് ചെയ്തതോടെ ശബരിമലയിലേക്ക് പോകാൻ ബി.ജെ.പി നേതാക്കൾ മടിക്കുകയാണ്. സന്നിധാനത്തേക്ക് പോകാൻ ബി.ജെ.പിയിലെ ശ്രീധരൻപിള്ള വിരുദ്ധ വിഭാഗം പിള്ളയോട് ആവശ്യപ്പെട്ടു. ഈ സൗർഭത്തിൽ താൻ അറസ്റ്റിന് വിധേയനാകുന്നത് ശബരിമല സമരത്തിന് ഗുണകരമാകില്ലെന്ന നിലപാടിലാണ് ശ്രീധരൻപിള്ള. ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം ഉയർത്തുന്നതിന് താൻ പുറത്തു നില്ക്കേണ്ടത് ആവശ്യമാണെനാണ് ശ്രീധരൻപിള്ളയുടെ വാദം.