Kerala News

14 Oct 2018 01:30 AM IST

Reporter-Leftclicknews

ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്തയാൾ ഇപ്പോഴും പുറത്ത്

ഭരണഘടന കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ ഇപ്പോഴും സമൂഹത്തില്‍ സ്വൈരവിഹാരം നടത്തുന്നു.

ഭരണഘടന കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ ഇപ്പോഴും സമൂഹത്തില്‍ സ്വൈരവിഹാരം നടത്തുന്നു. ഒക്‌ടോബര്‍ 1 ന് പത്തനംതിട്ടയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച യോഗത്തിലാണ് അഭിഭാഷകന്‍ കൂടിയായ മുരളീധരനുണ്ണിത്താന്‍ അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഭരണഘടനയും ഐ.പി.സിയും സി.ആര്‍.പി.സിയും അല്ല, നമ്മുടെ സംസ്‌കാരമാണ് നമ്മെ നയിക്കുന്നതെന്ന് അഭിഭാഷകന്‍ കൂടിയായ ഉണ്ണിത്താന്‍ പ്രസംഗിക്കുമ്പോള്‍ ജനക്കൂട്ടം നിറുത്താതെ കരാഘോഷം മുഴക്കുന്നുണ്ടായിരുന്നു. ഭരണഘടനാ ശില്പിയായ അംബേദ്കറെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ണിത്താന്‍ നടത്തിയിരുന്നു. കോട്ടിട്ട സായിപ്പന്മാര്‍ എഴുതിയുണ്ടാക്കിയ ഭരണഘടന ചുടേണ്ട കാലം അതിക്രമിച്ചു എന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. 


ആര്‍.എസ്.എസ്സും ബി.ജെ.പിയും ഉള്‍പ്പെട്ട പല ക്രിമിനല്‍ കുറ്റങ്ങളിലും പങ്കാളിയാണ് മുരളീധരനുണ്ണിത്താന്‍. ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മുരളീധരന്‍ ഉണ്ണിത്താന്റെ പ്രസംഗം വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും പോലീസ് ഇതുവരെ സ്വമേധയാ കേസെടുക്കാൻ തയ്യാറായിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരിലും പുസ്തകം സൂക്ഷിച്ചതിന്റെ പേരിലും ആളുകളെ തീവ്രവാദി മുദ്ര കുത്തി അറസ്റ്റ് ചെയ്യുകയും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന കേരള പോലീസ്, ഭരണഘടന കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ഒരു അറിയപ്പെടുന്ന കുറ്റവാളിക്കെതിരേ സ്വമേധയാ കേസെടുക്കാൻ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


Reporter-Leftclicknews