Kerala News

12 Dec 2018 16:55 PM IST

ശബരിമല സമരം : എങ്ങനെ നിറുത്തണമെന്നറിയാതെ ബി.ജെ.പി

ശബരിമല സമരത്തിന് മാധ്യമശ്രദ്ധകുറയുകയും അണികളും അനുഭാവികളും പിന്മാറാൻ തുടങ്ങുകയും ചെയ്തതോടെ, ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന വലിയ ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരേ സമരവുമായി എടുത്തുചാടിയ ബി.ജെ.പി, സമരം എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ വലയുകയാണ്. ഭക്തരുടെ വിശ്വാസത്തെ രാഷ്ട്രീയമായി മുതലെടുക്കാമെന്ന് കരുതി ആരംഭിച്ച സമരം ഏതാണ്ട് നിലച്ചിരിക്കുന്നു. ശബരിമലയില്‍ ആദ്യ ദിവസങ്ങളില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് ബലപ്രയോഗം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞതോടെ ബി.ജെ.പി നേതാക്കള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പ്രകോപിപ്പിച്ച് വലിയ ഒരു പോലീസ് നടപടി ക്ഷണിച്ചുവരുത്തുകയും അതിലൂടെ ജനങ്ങളുടെ പിന്തുണ നേടുകയും ചെയ്യാമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍, പോലീസിന്റെ സംയമനം മൂലം നടക്കാതെ പോയി. അതേസമയം പോലീസ് കൃത്യമായും കണിശമായും ഇടപെട്ടതോടെ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ സാധ്യമാകാതെ വരികയും ചെയ്തു.

 

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്യുകയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ അടയ്ക്കുകയും ചെയ്തതോടെ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രധാന നേതാക്കള്‍ പോലും വിമുഖത കാട്ടിത്തുടങ്ങി. ശബരിമലയില്‍ എല്ലാ ദിവസവും ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിയമം ലംഘിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റിയതോടെ മാധ്യമങ്ങളില്‍ നിന്നും സമരം അപ്രത്യക്ഷമാകാന്‍ തുടങ്ങി. സമരകേന്ദ്രം മാറ്റിയതായുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനത്തെ വി.മുരളീധരന്‍ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. സമരം ശബരമലയില്‍ നിന്ന് മാറ്റുകയല്ല, സെക്രട്ടറിയേറ്റ് നടയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്ന് തന്റെ പ്രസ്താവന ശ്രീധരന്‍പിള്ളയ്ക്ക് തിരുത്തേണ്ടി വന്നു. പാര്‍ട്ടിയിലെ രൂക്ഷമായ ഭിന്നതയും തര്‍ക്കങ്ങളും പുറത്തെത്തിക്കാന്‍ സഹായിച്ചു എന്നതുമാത്രമായി ശബരിമല സമരത്തിന്റെ ബാക്കിപത്രം മാറുകയാണ്.

 

കുറച്ചുദിവസം നീണ്ടു നില്‍ക്കുന്ന ചില പ്രതിഷേധങ്ങള്‍ നടത്താന്‍ കഴിയുമെന്നല്ലാതെ, നീണ്ടുനില്‍ക്കുന്ന ഒരു സമരം സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന വസ്തുത, ഒരിക്കല്‍ കൂടി വ്യക്തമാക്കാന്‍ ശബരിമല സമരത്തിന് കഴിഞ്ഞു. ആര്‍.എസ്.എസ് ശാഖകളില്‍ പരിശീലനം ലഭിച്ചവരും സാമൂഹ്യവിരുദ്ധവാസനയുള്ളവരും ക്രിമിനല്‍ കുറ്റവാളികളുമാണ് ശബരിമലയിലെ പ്രതിഷേധങ്ങളില്‍ പ്രധാനമായും പങ്കെടുത്തത്. കാരണമില്ലാതെ അക്രമം അഴിച്ചുവിടുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങി ഇക്കൂട്ടരുടെ സഹജമായ ശീലങ്ങള്‍ ശബരിമല സമരത്തിന്റെ മുഖം വികൃതമാക്കിയതില്‍ വലിയ പങ്കുവഹിച്ചു. അത്തരക്കാരുമായി നീണ്ടു നില്‍ക്കുന്ന ഒരു സമരത്തിനു പോകുന്നതിന്റെ അപകടം ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ക്ക് അറിയാം. പോലീസ്, കൃത്യമായി കേസ് ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അക്രമികളില്‍ ഒരുകൂട്ടര്‍ പിന്‍വലിയുകയും ചെയ്തു.

 

15 ദിവസത്തെ നിരാഹാരമെന്നാണ് ഡിസംബര്‍ 3 ന് എ.എന്‍.രാധാകൃഷ്ണന്‍, നിരാഹാരം ആരംഭിക്കുന്ന വിവരം അറിയിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞത്. നിശ്ചിത ദിവസത്തേക്കുള്ള നിരാഹാരം എന്ന പ്രഖ്യാപനം പരിഹാസവിഷയമായപ്പോഴാണ് അനിശ്ചിതകാല നിരാഹാരമായി അത് മാറ്റിയത്. 7 ദിവസം കഴിഞ്ഞപ്പോള്‍ എ.എന്‍.രാധാകൃഷ്ണന്‍ പിന്മാറി. പിന്നീട് നിരാഹാരം കിടക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കാന്‍ സന്നദ്ധനായത്. പത്മനാഭനു ശേഷം കിടക്കാനുള്ള ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമരം പൊളിയുന്നു എന്ന നിരാശയില്‍ നിന്ന് ഒറ്റപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളിലേക്ക് അണികള്‍ തിരിയുകയാണ്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന വലിയ ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം.