National News

06 Dec 2018 16:35 PM IST

ബി.ജെ.പി എം.പി രാജിവച്ചു ; പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങി

വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയിൽ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങി. യു.പിയിൽ നിന്നുള്ള പാർലമെന്റ് അംഗം സാവിത്രിബായിഫൂലെ ഇന്ന് ബി.ജെ.പിയിൽനിന്ന് രാജിവച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രിബായി ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന രൂക്ഷവിമര്‍ശനത്തോടെയാണ് സാവിത്രിബായി ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഭരണഘടനയാണ്, രാമക്ഷേത്രമല്ല രാജ്യത്തിന് ആവശ്യമെന്ന് അവര്‍ പറഞ്ഞു. ദളിതരോട് കടുത്ത വിവേചനം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് സാവിത്രി ആരോപിച്ചു.

 

കാട്ടില്‍ വസിച്ചിരുന്ന ഒരു ദളിത് ആണ് ഹനുമാനെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ സാവിത്രി നിശിതമായി വിമര്‍ശിച്ചിരുന്നു. രാമനുവേണ്ടി എല്ലാ സേവനവും ചെയ്ത ഹനുമാനെ ഇവരെന്തിനാണ് കുരങ്ങനാക്കിയതെന്ന് സാവിത്രി ചോദിച്ചു. ദളിതരുടെ വീടുകളില്‍ നിന്ന് അത്താഴം കഴിക്കുന്ന ഡിന്നര്‍ വിത്ത് ദളിത്‌സ് എന്ന പരിപാടിയെയും സാവിത്രി രൂക്ഷമായി വിമര്‍ശിച്ചു. ദളിതരുടെ വീടുകളില്‍ നിന്ന് ആദിത്യനാഥ് ഭക്ഷണം കഴിച്ചാലും ആ വീടുകളിലെ പാചകക്കാര്‍ സവര്‍ണ്ണരായിക്കുമെന്ന് അവര്‍ പരിഹസിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മിക്ക വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിടുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചട്ടീസ്ഗഢ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം പുറത്തുവരുന്നതോടെ ബി.ജെ.പിയില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ശക്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.