National News

14 Nov 2018 14:20 PM IST

Reporter-Leftclicknews

അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും മത്സരിക്കും

രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

രാജസ്ഥാന്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മത്സരിക്കും. രണ്ട് നേതാക്കളുടെ നേതൃത്വത്തിലുള്ള ചേരികള്‍ തമ്മില്‍ രൂക്ഷമായ മത്സരം നില നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്കിടയില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും ചേര്‍ന്നാണ് രണ്ടുപേരും മത്സരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.


രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നത് ഏതാണ്ട് ഉറപ്പായിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് മത്സരത്തെ നേരിടണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. രണ്ടുപേരും മാറി നിന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നും രണ്ടുപേരും മത്സരരംഗത്തുണ്ടാവണം എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. തങ്ങള്‍ രണ്ടുപേരും മത്സരിക്കുന്നുണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും അശോക് ഗെഹ്‌ലോട്ടിന്റെ അഭ്യര്‍ത്ഥനയും മാനിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കണം എന്നതുകൊണ്ടാണ് രണ്ടുപേരും മത്സരിക്കട്ടെ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.


Reporter-Leftclicknews