Kerala News

മുഖ്യമന്ത്രി ഇല്ലാതെ ആദ്യ മന്ത്രിസഭായോഗം : ഇ.പി.ജയരാജൻ അധ്യക്ഷൻ

കേരള പുനർനിർമ്മാണത്തിന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാർഗരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി.

Thiruvananthapuram

ചികിത്സക്കായി മുഖ്യമന്ത്രി വിദേശത്തു പോയശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്നു. 20 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം ചേരുന്നത്. കേരള പുനർനിർമ്മാണത്തിന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാർഗരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി.

 

വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ പുനർനിർമാണത്തിനാണ് സഹായം തേടുകയാൻ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വ്യക്തികൾക്കും സംഘടനകൾക്കും ഒന്നുകിൽ നിർമ്മാണത്തിനുള്ള പണം നൽകാം. അല്ലെങ്കിൽ സ്വന്തം നിലയിൽ നിർമാണം ഏറ്റെടുക്കാം. അതുമല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന നിർമ്മാണ ഏജൻസിക്കും പണം നൽകാം.പ്രവാസികളുടെ സഹായമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

 

കഴിഞ്ഞ മാസം 30ന് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. രണ്ടിന് മുഖ്യമന്ത്രി ചികിത്സക്ക് പോയശേഷം ഇതുവരെ കാബിനറ്റ് ചേരാത്തത് വിവാദമായിരുന്നു.മുഖ്യമന്ത്രി ചുമതല നൽകാതെ പോയതും മന്ത്രിസഭാ യോഗം ചേരാത്തതും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന്റെ ചുമതല ഉള്ളതിനാൽ മന്ത്രിമാർ വിവിധ ജില്ലകളിലാണെന്നും ഇ-ഫയലിലൂടെ കാര്യങ്ങൾ തീർപ്പാക്കുന്നുണ്ടെന്നും ഇതിനെ മന്ത്രി എ.കെ.ബാലൻ ന്യായീകരിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും 24 ന് തിരിച്ചെത്തും. അടുത്ത മന്ത്രിസഭാ യോഗം 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.