Kerala News

മൂന്നാർ ട്രൈബ്യൂണലിൽ അതിക്രമം : എസ്.രാജേന്ദ്രൻ എം.എൽ.എ ക്കെതിരെ കേസ്

അതിക്രമിച്ചു കയറല്‍, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രാജേന്ദ്രൻ ഒന്നാംപ്രതിയും തഹസില്‍ദാര്‍ പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

Moonnar

മൂന്നാർ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത എസ്.രാജേന്ദ്രൻ എം.എൽ.എ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. അതിക്രമിച്ചു കയറല്‍, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രാജേന്ദ്രൻ ഒന്നാംപ്രതിയും തഹസില്‍ദാര്‍ പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

 

ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രൈബ്യൂണൽ കെട്ടിടത്തിൽ എത്തിയത്. ഈ സമയം ട്രൈബ്യൂണൽ അംഗം എന്‍.കെ.വിജയന്‍, ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകര്‍ത്ത് കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ടശേഷം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

 

എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന അതിക്രമം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും മായ്ച്ചുകളയുകയും ചെയ്തു. ഇതിനുശേഷമാണ് സംഘം മടങ്ങിയതെന്ന് കോടതി ജീവനക്കാര്‍ പറഞ്ഞു.

 

മൂന്നാറിലും പരിസരങ്ങളിലുമുള്ള എട്ടുവില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു കൊണ്ട് ജൂലായ് 30-ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. തുടർന്ന് കോടതി കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകള്‍ ക്രമപ്പെടുത്തി മറ്റു കോടതികളിലേക്ക് അയയ്ക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ഇതിടെ പ്രളയത്തിൽ തകർന്ന ഗവ.കോളേജിലെ ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം പരിഗണിച്ചിരുന്നു. എന്നാൽ ഫയലുകൾ നീക്കുന്ന പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ കെട്ടിടം വിട്ടുനൽകിയില്ല. ഇതിനിടയിലാണ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ജീവനക്കാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്.