Kerala News

19 Nov 2018 14:30 PM IST

സുപ്രീംകോടതി വിധി ആയതിനാൽ ഇടപെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

New Delhi

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ശബരിമല വിഷയത്തെ സംസ്ഥാനസർക്കാരിനെതിരെ ബിജെപി ആയുധമാക്കുമ്പോഴാണ് കേന്ദ്ര നേതൃത്വം കൈകഴുകുന്നത്. സുപ്രീംകോടതി വിധി ആയതിനാൽ ഇടപെടാനാകില്ലെന്നാണ് രാജ്‌നാഥ് സിങിന്റെ നിലപാട്. ഇക്‌ണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

"ശബരിമല വിഷയത്തില്‍ ചിലയാളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഞാന്‍ കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധിയായതിനാല്‍ നമുക്കെന്തു പറയാനാവും? ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം" ഇതായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.

 

ശബരിമല വിഷത്തെ ഒരു സുവർണ്ണ അവസരം എന്ന പരാമർശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അണികളെ അഭിസംബോധന ചെയ്തത്. ആചാര സംരക്ഷണം എന്ന പേരിൽ സംസ്ഥാനത്തുടനീളം ക്രമസമാധാന നില തകർക്കും വിധമുള്ള പ്രവർത്തനങ്ങളാണ് ബിജെപി, സംഘപരിവാരങ്ങൾ നടത്തുന്നത്. ശബരിമലയിൽ എത്തുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ വഴിമാറിയതോടെ നിലവിൽ 50 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പോലും മല ചവിട്ടാൻ കഴിയാത്ത സ്ഥിതിയാണ്. ശബരിമല വിഷയത്തെ ആചാര സംരക്ഷണത്തിലുപരി രാഷ്ട്രീയലാഭത്തിനുവേണ്ടി മാത്രമാണ് ബിജെപി ഏറ്റെടുത്ത് എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ.