Kerala News

08 Nov 2018 12:15 PM IST

ശശിക്കെതിരായ അന്വേഷണം അട്ടിമറിച്ചു : യെച്ചൂരിക്ക് വനിതാ നേതാവിന്റെ പരാതി

പി.കെ.ശശി എം.എൽ.എ ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

Thiruvananthapuram

പി.കെ.ശശി എം.എൽ.എ ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. എം.എല്‍.എയ്ക്ക് എതിരായ പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് പുതിയ പരാതിയിലെ ആരോപണം. തെളിവായ ഓഡിയോ സഹിതമാണ് യുവതി പുതിയ പരാതി നൽകിയിരിക്കുന്നത്. ഓഡിയോ കേട്ടാൽ ശശി ചെയ്ത തെറ്റ് എന്തെന്ന് താങ്കൾക്ക് ബോധ്യപ്പെടും എന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകിയ പരാതിയിൽ പറയുന്നു.

 

നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല. സംശയാസ്പദമായ പെരുമാറ്റമാണ് പാര്‍ട്ടിയിൽനിന്ന് ഉണ്ടാകുന്നത്. പി.കെ ശശിക്കെതിരായ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു. സംശയാസ്പദമായ ഇടപെടലുകള്‍ പി.കെ ശശി നടത്തുന്നതായും പെണ്‍കുട്ടി കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു.

 

കമ്മീഷൻ അംഗമായ മന്ത്രി എ.കെ.ബാലനുമായി ശശി വേദി പങ്കിടുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും അദ്ദേഹത്തിന് വിലക്കില്ല. ഇത്തരം പരിപാടികളുടെയെല്ലാം ഫോട്ടോകൾ പോസ്റ്ററുകളായി നാടെങ്ങും പ്രചരിപ്പിക്കുന്നു. തന്റെ പരാതി പിന്‍വലിപ്പിക്കാനായി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമം നടത്തിയതായും പുതിയ പരാതിയില്‍ വനിതാനേതാവ് വ്യക്തമാക്കുന്നു.

 

അന്വേഷണ കമ്മീഷൻ അംഗങ്ങൾ ശശിക്ക് അനുകൂലമായി നിൽന്നവരെ മാത്രം തെരഞ്ഞു പിടിച്ചാണ് മൊഴി എടുത്തിരിക്കുന്നത്. ഇത്തരത്തിൽ പരാതി നൽകിയ ശേഷം പാർട്ടിയിൽ നിന്നുണ്ടായ എല്ലാ നടപടികളും ശശിക്ക് അനുകൂലമായിരുന്നു. പരാതിയിൽ ഉചിതമായ നടപടി എടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.