National News

11 Dec 2018 10:40 AM IST

Reporter-Leftclicknews

രാജസ്ഥാനിൽ കോൺഗ്രസ് : പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും പ്രവർത്തകർ

സച്ചിൻ പൈലറ്റിന്റെ വീടിനുമുന്നിലും കോൺഗ്രസ് ഓഫീസിനു മുന്നിലും ഒത്തുകൂടിയ പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.

Jaipur

സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കെന്നുള്ള ഫലസൂചനകൾ പുറത്തു വന്നതോടെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും കോൺഗ്രസ് പ്രവർത്തകർ.സച്ചിൻ പൈലറ്റിന്റെ വീടിനുമുന്നിലും കോൺഗ്രസ് ഓഫീസിനു മുന്നിലും ഒത്തുകൂടിയ പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. 100 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്.

 

ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്തും പ്രവര്‍ത്തകര്‍ വലിയ ആഹ്ലാദത്തിലാണ്. ദല്‍ഹിയിൽ രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും സച്ചിന്‍ പൈലറ്റിന്റേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രത്തിലാണ് പുഷ്പാര്‍ച്ചന നടത്തുന്നത്.

 

വസുന്ധര രാജെ സർക്കാരിനോടുള്ള കടുത്ത അതൃപ്തിയാണ് ഭരണകക്ഷി ആയിരുന്ന ബിജെപിയുടെ തോൽവിയുടെ പ്രധാന കാരണം. ഭരണവിരുദ്ധ വികാരത്തിന് പുറമെ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാൽ വസുന്ധരെക്ക് പകരം മറ്റൊരു നേതാവിനെ ഉയർത്തിക്കാണിക്കാൻ ബിജെപിക്ക് കഴിഞ്ഞതുമില്ല.

 

അതെ സമയം സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്‍ലോട്ട് എന്നിവരുടെ നേതൃത്വത്തിലെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് തുണയായി. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കരുതുന്ന അശോക് ഗെഹ്‌ലോട്ട് ലീഡ് ചെയ്യുകയാണ്. സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.


Reporter-Leftclicknews