Kerala News

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങി

കുറവിലങ്ങാട് മഠത്തിൽ എത്തിയത് സംബന്ധിച്ച് അനുകൂലമായ മൊഴി ലഭിച്ചാൽ ഇന്ന് ഉച്ചയോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങും.

Kochi

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം അനുസരിച്ച് ഫ്രാങ്കോ മുളയ്ക്കൽ രാവിലെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് നീക്കം.

 

ഇന്നലെ നടന്ന ചോദ്യ ചെയ്യലിൽ ലൈംഗികപീഡന പരാതി ഫ്രാങ്കോ മുളയ്ക്കൽ നിഷേധിച്ചിരുന്നു. ഏഴുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. ബിഷപ്പിന്റെ മറുപടികൾ തൃപ്തികരമല്ല എന്ന് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

 

ബിഷപ്പിന്റെ പ്രതിരോധത്തെ പൊളിക്കുന്നതിനുള്ള ചോദ്യങ്ങളാകും ഇന്ന് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. ക്രോസ്സ് വിസ്താരത്തിന്റെ രീതിയിലാകും ഇന്നത്തെ ചോദ്യ ചെയ്യൽ. മഠത്തിൽ എത്തിയതുൾപ്പെടെ ബിഷപ്പ് നിഷേധിച്ച കാര്യങ്ങളിൽ മറ്റുള്ളവർ പോലീസിന് നൽകിയ മൊഴികളും നിരത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ. കുറവിലങ്ങാട് മഠത്തിൽ എത്തിയത് സംബന്ധിച്ച് അനുകൂലമായ മൊഴി ലഭിച്ചാൽ ഇന്ന് ഉച്ചയോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങും.