Kerala News

ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഫ്രാങ്കോ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Kottayam

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബർ 24 തിങ്കളാഴ്ച ഉച്ചക്ക് 2.30വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഫ്രാങ്കോ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

 

മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. തെളിവെടുപ്പ് അടക്കമുള്ളവ പൂർത്തിയാക്കുന്നതിനാണ് മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിൽ കൊണ്ടുപോയി തെളിവെടുക്കുക, ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധന നടത്തുക എന്നിവയാണ് പ്രധാനമായും പൂർത്തിയാക്കേണ്ടത്. തൊടുപുഴയിൽ താമസിച്ചു എന്ന് അവകാശപ്പെടുന്ന മഠത്തിലും കന്യാസ്ത്രീയും ഫ്രാങ്കോയും ഒരുമിച്ചു പങ്കെടുത്ത ചടങ്ങു നടന്ന വീട്ടിലും തെളിവെടുപ്പിനായി പൊകേണ്ടതുണ്ട്. ഇവയെല്ലാം 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് പോലീസ് നേരിടുന്ന വലിയ വെല്ലുവിളി. തിങ്കളാഴ്ച ഉച്ചക്ക് 2.30 ഫ്രാങ്കോ മുളയ്ക്കലിനെ തിരികെ കോടതിയിൽ ഹാജരാക്കണം.

 

പോലീസ് ആവശ്യപ്പെട്ടപ്പോഴെല്ലാം ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞു. വിധി പറയുന്നതിനായി ഉച്ചക്ക് കോടതി വീണ്ടും ചേർന്നപ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.

 

കോടതിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം പോലീസ് ക്ലബിലേക്കാണ് ഫ്രാങ്കോയെ കൊണ്ടുപോയത്.