Columns

സ്‌നേഹം കലയും കലാപവുമാക്കിയ ഗിരീഷ്

(ഇന്നലെ രാത്രി അന്തരിച്ച ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ്കുമാറിനെ സുഹൃത്തും ന്യൂഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.മാത്യു ജോസഫ് ചെങ്ങളവൻ അനുസ്മരിക്കുന്നു.)

New Delhi

(ഇന്നലെ രാത്രി അന്തരിച്ച ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ്കുമാറിനെ സുഹൃത്തും ന്യൂഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.മാത്യു ജോസഫ് ചെങ്ങളവൻ  അനുസ്മരിക്കുന്നു.)

 

 കോട്ടയം സി.എം.എസ് കോളേജില്‍ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഗിരീഷ് അവിടെ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ്. ഞാൻ കോളേജില്‍ ചേരുന്ന സമയത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു ഗിരീഷ്. കോളേജില്‍ ചേര്‍ന്ന് ആദ്യ ദിവസം മുതല്‍ തന്നെ ഗിരീഷുമായി സൗഹൃദത്തിലാവുകയായിരുന്നു.

 

ഒരു സാധാരണ വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവായിരുന്നില്ല ഗിരീഷ്. ഒരു സാധാരണ വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവിന്റെ ശരീരഭാഷയും ഭാവഹാവാദികളുമൊന്നുമായിരുന്നില്ല ഗിരീഷിന്റേത്. കവിതയോടും സംഗീതത്തോടും ചിത്രകലയോടും സിനിമയോടുമെല്ലാം ഒടുങ്ങാത്ത സ്‌നേഹവും സര്‍ഗ്ഗാത്മക പ്രതിഭയുമുള്ള ഒരാള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയനേതാവാകുന്നത് സാധാരണ കാര്യമായിരുന്നില്ല. കവിത എഴുതുകയും കവിത ചൊല്ലുകയും ചെയ്യുന്ന ഒരാള്‍. അന്ന് കോളേജിലെ എസ്.എഫ്.ഐയ്ക്ക് വേണ്ടി ഗിരീഷ് ഡിസൈന്‍ ചെയ്തിരുന്ന പോസ്റ്ററുകളില്‍ ആ വ്യത്യസ്തത നമുക്ക് അറിയാന്‍ കഴിയുമായിരുന്നു. പോസ്റ്ററുകളില്‍ ചിത്രങ്ങളോടൊപ്പം കവിതകള്‍ കൊടുക്കുക പതിവുണ്ടായിരുന്നു ഗിരീഷിന്. ആധുനിക കവിതകളോടൊപ്പം പഴയ കവിതകളില്‍ നിന്നുമുള്ള വരകികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗിരീഷ് ചെയ്ത പോസ്റ്ററുകളും ഗിരീഷ് ചൊല്ലാറുണ്ടായിരുന്ന കവിതകളും ഞങ്ങളില്‍ പലര്‍ക്കും കവിതയില്‍ താല്പര്യമുണ്ടാകാന്‍ കാരണമായിട്ടുണ്ട്.

 

സ്‌നേഹകലാപങ്ങളുടെ ആളായിരുന്നു ഗിരീഷ്. മൂത്ത ചേട്ടനെപ്പോലെ നമ്മളെ വഴക്കു പറയുകയും ശാസിക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ എല്ലാത്തിനും കൂടെയുണ്ടാകും. ഗിരീഷ് കൂടെയുണ്ടെങ്കില്‍ മറ്റൊന്നും പേടിക്കാനില്ല എന്ന വിചാരമായിരുന്നു ഞങ്ങള്‍ക്കൊക്കെ. സംഘടനാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഗിരീഷിന് കൂടെയുള്ളവരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ വിശ്വാസത്തിന്റെ തെളിവാണത്. ബി.എസ്.സിക്ക് ഫിസിക്‌സായിരുന്നു ഗിരീഷിന്റെ വിഷയം. അദ്ധ്യാപകര്‍ക്കൊക്കെ ബഹുമാനമുള്ള മികച്ച വിദ്യാര്‍ത്ഥിയായിരുന്നു.

 

കോളേജിലുള്ള സുഹൃത്തുക്കള്‍ക്ക് കോളേജ് വിട്ടതിനുശേഷം കൃത്യമായി കത്തെഴുതുമായിരുന്നു. അങ്ങനെ കോളേജ് വിട്ടിട്ടും സംഘടനാപ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായി തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ കാലങ്ങളില്‍ സി.എം.എസിൽ എസ്.എഫ്.ഐക്കാരായ എഡിറ്റര്‍മാരുണ്ടായിരുന്ന വര്‍ഷങ്ങളിലെല്ലാം ഗിരീഷിന്റെ കൈകളിലൂടെയാണ് കോളേജ് മാഗസിന്‍ പുറത്തിറങ്ങിയിരുന്നത്. മാഗസിനുകള്‍ക്ക് വേണ്ടി ഗിരീഷ് തയ്യാറാക്കിയിരുന്ന ഫീച്ചറുകളെക്കുറിച്ച് എടുത്തു പറയേണ്ടതാണ്. പ്രാദേശിക ചരിത്രവുമായി, സി.എം.എസ് കോളേജിന്റെ ചരിത്രവുമായി ഒക്കെ ബന്ധപ്പെട്ട ഏടുകള്‍ ഒന്നാന്തരം ഫീച്ചറുകളാക്കി ഗിരീഷ് മാറ്റി. കോളേജ് മാഗസിനുകള്‍ക്ക് പുതിയ ഒരു മാനം നല്‍കാന്‍ ഗിരീഷിനു കഴിഞ്ഞു.

 

പിന്നീട് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതിനുശേഷമാണ് ചിത്രകലയിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ തിരിയുന്നത്. ഭ്രാന്തമായി തന്നെ ഗിരീഷ് വരച്ചു. പല മീഡിയങ്ങള്‍ ഉപയോഗിച്ച് വരച്ചു. നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തി. ചിത്രകാരന്‍ എന്ന നിലയില്‍ കേരള സമൂഹത്തില്‍ അടയാളപ്പെടുത്താവുന്ന രീതിയിലേക്ക് മാറി. നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഗിരീഷിനു കഴിഞ്ഞു.

 

തന്റെ രാഷ്ട്രീയ വിശ്വാസം കൃത്യമായി നിലനിറുത്തുമ്പോള്‍തന്നെ യാതൊരു കന്മഷവുമില്ലാതെ ആളുകളുമായി സൗഹൃദം പുലര്‍ത്താനുള്ള കഴിവ് ഗിരീഷിനുണ്ടായിരുന്നു. പരസ്പരം ചേരാത്തയാളുകള്‍ ഗിരീഷിനോടൊപ്പം ചേര്‍ന്ന് വിലയം പ്രാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 80 കളിലെ ക്ഷോഭിക്കുന്ന ഇടതുപക്ഷ യൗവ്വനത്തിന്റെ മുഖമായിരുന്നു ഗിരീഷ്. രാഷ്ട്രീയം, കവിത, സംഗീതം, ചിത്രകല എല്ലാമുള്‍ക്കൊണ്ട ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മികച്ച പ്രതീകം. അങ്ങനെയൊരാള്‍ നമ്മുടെ കൂട്ടത്തില്‍ നിന്ന് പോകുന്നു എന്നതാണ് ഗിരീഷ് വേര്‍പിരിയുമ്പോഴുള്ള ദുഃഖം.