Kerala News

19 Oct 2018 19:35 PM IST

2 യുവതികള്‍ ശബരിമലയില്‍ : സുരക്ഷ നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസ്റ്റുകളുടെ നിലപാടുകളും ശക്തിയും തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് കടകംപള്ളി പറഞ്ഞു. ഇന്ന് രാവിലെ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായ രണ്ട് സ്ത്രീകള്‍ പോലീസ് സുരക്ഷയില്‍ സന്നിധാനത്ത് എത്തിയതിനു തൊട്ടുപിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്.


ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒരുക്കിയ വന്‍ സുരക്ഷയിലാണ് 2 യുവതികള്‍ സന്നിധാനത്തെത്തിയത്. പോലീസ് വേഷത്തിലായിരുന്നു യുവതികള്‍ സന്നിധാനത്തേക്ക് നീങ്ങിയത്. ഭക്തകളല്ലാത്തവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന ദേവസ്വം മന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് നടപ്പന്തലില്‍ യുവതികള്‍ക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. എറണാകുളം സ്വദേശിനി രഹന ഫാത്തിമ, ഹൈദരാബാദ് സ്വദേശിയായ കവിത എന്നിവരാണ് ശബരിമലയില്‍ എത്തിയത്.


ശബരിമലയില്‍ പോകാന്‍ തയ്യാറായ യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാതെ സുരക്ഷ നല്‍കാന്‍ തയ്യാറായ പോലീസിനെ മന്ത്രി കടകംപള്ളി വിമര്‍ശിച്ചു. മടങ്ങാന്‍ പോലീസിനോട് മന്ത്രി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി അനുസരിച്ച് എത്തിയ തങ്ങള്‍ക്ക് പോലീസ് സുരക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ യുവതികള്‍ ഉറച്ചു നില്‍ക്കുകയാണ്. മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് പോലീസ് മടങ്ങിയാല്‍ തങ്ങള്‍ക്ക് പതിനെട്ടാം പടി കയറാനാവില്ലെന്ന് യുവതികള്‍ അറിയിച്ചു. അദ്വൈത മതവിശ്വാസിയാണെന്നും ഭരണഘടനയും സുപ്രീകോടതിയും ഉറപ്പുനല്‍കുന്ന അവകാശം സംരക്ഷിക്കപ്പെടണമെന്ന് രഹന ആവശ്യപ്പെട്ടു.