National News

10 Dec 2018 12:50 PM IST

മഹാസഖ്യം രൂപം കൊള്ളുന്നു ; കേജ്‌രിവാളും സഖ്യത്തില്‍

ബി.ജെ.പിക്കെതിരെ ഒരു സ്ഥാനാർഥി എന്ന ആശയം പരമാവധി പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളിലാണ് മഹാസഖ്യ രൂപീകരണത്തിന് മുന്കയ്യെടുക്കുന്ന നേതാക്കൾ .

മധ്യപ്രദേശ്, രാജസ്ഥാന്‍, ചട്ടീസ്ഗഢ്, തെലുങ്കാന, മിസോറാം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ പ്രതിപക്ഷപ്പാര്‍ട്ടികളുടെ മഹാസഖ്യ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ചടുലമാകുന്നു. മഹാസഖ്യരൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗം നിര്‍ണ്ണായകമാണ്. ബി.ജെ.പിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം.

 

പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഒന്നും ഭാഗമല്ലാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നു എന്നതിന് വലിയ പ്രാധാന്യമുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ ചെയര്‍ പേഴ്‌സണ്‍ സോണിയ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ജെ.ഡി.(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായും ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും സംസാരിക്കുന്നുണ്ട്. ബി.ജെ.പിക്കെതിരേ ഒറ്റ സ്ഥാനാര്‍ത്ഥി എന്ന ആശയം പരമാവധി പ്രാവര്‍ത്തികമാക്കാനാണ് പ്രതിപക്ഷ ഐക്യത്തിന് രൂപം നല്‍കാന്‍ മുന്‍കയ്യെടുക്കുന്ന നേതാക്കളുടെ ശ്രമം.