കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നില്ലെങ്കിലും ഫ്രാങ്കോ മുളയ്ക്കിലിനെതിരായ പോലീസ് നടപടി ഉണ്ടാകുമായിരുന്നുവെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കന്യാസ്ത്രീകളുടെ സമരം അസാധാരണമായിരുന്നു. പക്വതയോടെയും ആത്മവിശ്വാസത്തോടെയും ഈ കേസ് ഇടതുപക്ഷ ജനാധിപത്യമുന്നണി കൈകാര്യം ചെയ്തുവെന്ന് ബേബി അവകാശപ്പെട്ടു.
ബി.ജെ.പിയും യു.ഡി.എഫും അരാഷ്ട്രീയ വാദികളും കന്യാസ്ത്രീകളുടെ സമരത്തിന്റെ മറവില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ വിമര്‍ശനം വ്യാപകമായ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം. കോടിയേരിയുടെ അഭിപ്രായമുയര്‍ത്തിയ എതിര്‍പ്പ് മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രിമാരായ ഇ.പി.ജയരാജനില്‍ നിന്നും മെഴ്സിക്കുട്ടിയമ്മയില്‍ നിന്നുമുണ്ടായിരുന്നു.