Specials

21:47 PM IST

ഹിമാലയം ഉരുകിയൊലിച്ച് വന്‍ദുരന്തം ഉണ്ടാകുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യാതിയാനം ഇന്ത്യയെ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും പ്രകൃതി ക്ഷോഭങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ്.

 ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യാതിയാനം ഇന്ത്യയെ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും പ്രകൃതി ക്ഷോഭങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ്. ഹിമാലയത്തിലെ 33 ശതമാനം മഞ്ഞും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ ഉരുകി ഒലിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. വ്യവസായവത്കരണം കാലാവസ്ഥയില്‍ വലിയമാറ്റമുണ്ടാക്കുന്നു. ആഗോള താപനം 1.5 ശതമാനം വര്‍ദ്ധിക്കും. ഇതോടെ ഹിമാലയത്തിലെ താപനിലയില്‍ 2.1 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനയുണ്ടാകും. ഇപ്പോഴേ ഉത്തരേന്ത്യയില്‍ ശൈത്യകാലത്ത് കിട്ടുന്ന മഞ്ഞിന്റെ അളവില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞ് കെട്ടിക്കിടന്ന് വര്‍ഷങ്ങളെടുത്താണ് മഞ്ഞുപാളികള്‍ രൂപപ്പെടുക.
ആഗോള താപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയത്തില്‍ പുതിയ മഞ്ഞുപാളികള്‍ രൂപപ്പെടാനുള്ള സാഹചര്യം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുക, ഈ രാജ്യങ്ങളിലെ നദികളിലേക്കുള്ള പ്രധാന ജലസ്രോതസാണ് ഹിമാലയത്തിലെ മഞ്ഞുപാളികള്‍. ഹിമാലയ മേഖലയിലെ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിലൂടെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കും. ഇത് ഉത്തരേന്ത്യന്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തും. ഇതോടെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകും. ഹിമപാളികള്‍ പൂര്‍ണമായും ഉരുകി തീരുമ്പോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ കൊടിയ വരള്‍ച്ചയിലേക്ക് നയിക്കും. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മലിനീകരണ തോത് വളരെ കൂടുതലാണ്. ഇതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്.