News

25 Oct 2018 12:20 PM IST

മീടൂ വെളിപ്പെടുത്തലുകളും ബിനാലെയും അന്വേഷണം വേണം

സ്ത്രീകൾ, തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന 'മീടൂ' ക്യാമ്പയിൻ, സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയും ഭീകരതയും വ്യക്തമാക്കുന്നു.

സ്ത്രീകൾ, തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന 'മീടൂ' ക്യാമ്പയിൻ, സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയും ഭീകരതയും വ്യക്തമാക്കുന്നു. അധികാരവും സ്ഥാനവും ദുരുപയോഗപ്പെടുത്തി പുരുഷൻ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ സ്ത്രീകളുടെ ജീവിതത്തിലും കരിയറിലും സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ഗൗരവം നമ്മുടെ സമൂഹം മനസ്സിലാക്കിയിട്ടില്ല. മുതിർന്ന പുരുഷന്മാർ കുട്ടികളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് അവരെ ലൈംഗികമായി പീഡിപ്പിക്കുക. തൊഴിലിടങ്ങളിലെ ഉയർന്ന പദവി ദുരുപയോഗപ്പെടുത്തി സഹപ്രവർത്തകരായ സ്ത്രീകളെ അരക്ഷിതാവസ്ഥയിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുക തുടങ്ങി ലൈംഗികാതിക്രമങ്ങളുടെ എണ്ണമറ്റ അനുഭവങ്ങളാണ് അവയ്ക്ക് വിധേയരായ സ്ത്രീകൾ പങ്കു വയ്ക്കുന്നത്.

 

സിനിമ, മാധ്യമം, രാഷ്ട്രീയം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു. അതിക്രമങ്ങളുടെ തോത് അനുസരിച്ചാണെങ്കില്‍ ലക്ഷത്തിലൊന്നു പോലും പുറത്തു വന്നിട്ടില്ല. പുറത്തുവന്ന വളരെ കുറച്ചു വെളിപ്പെടുത്തലുകള്‍ തന്നെ പുരുഷവ്യാഘ്രങ്ങളുടെ പൊറുതി മുട്ടിച്ചിരിക്കുകയാണ്. ഒരു ഡസനിലേറെ സ്ത്രീകളാണ് എം.ജെ.അക്ബറിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അതില്‍ ഒരാള്‍ക്കെതിരേ കേസ് കൊടുത്തതുകൊണ്ട്, വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് അക്ബറുടെ ശ്രമം. അതേ മാര്‍ഗ്ഗം തന്നെയാണ് തനുശ്രീ ദത്തയ്‌ക്കെതിരെ നാനാ പടേക്കറും പിന്തുടര്‍ന്നത്.

 

കേരളത്തില്‍ മീടൂ ക്യാമ്പയിനില്‍ ആദ്യത്തെ വെളിപ്പെടുത്തലുണ്ടായത് ഹിന്ദു പത്രത്തിന്റെ റസി.എഡിറ്റര്‍ ഗൗരീദാസന്‍ നായര്‍ക്കെതിരേയാണ്. ഗൗരീദാസന്‍ നായരുടെ പേര് വെളിപ്പെടുത്താതെ യാമിനീ നായര്‍ എന്ന മാധ്യമ പ്രവര്‍ത്തകയാണ് തനിക്കുണ്ടായ ദുരനുഭവം ബ്ലോഗിലൂടെ പറഞ്ഞത്. യാമിനി പേര് പറഞ്ഞില്ലെങ്കിലും ഗൗരീദാസന്‍ നായരുടെ പേര് പുറത്തു വരിക തന്നെ ചെയ്തു. തുടര്‍ന്ന് നിരവധി മാധ്യമ പ്രവര്‍ത്തകമാര്‍ ഗൗരീദാസന്‍ നായര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെയും പീഡനങ്ങളുടെയും അനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ഏറ്റവും ഒടുവില്‍ ഗൗരീദാസന്‍ നായരുടെ അടുത്ത സുഹൃത്തിന്റെ മകള്‍ തനിക്ക് 15 വയസ്സുള്ളപ്പോള്‍ നായര്‍ നടത്തിയ പീഡനശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത നായര്‍ക്കെതിരേ ഒരു നിയമനടപടിയും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. 2018 ഡിസംബറില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതോടെ പത്രത്തില്‍ നിന്ന വിരമിക്കേണ്ടിയിരുന്ന ഗൗരീദാസന്‍ നായര്‍ വിരമിക്കാന്‍ 2 മാസം ബാക്കി നില്‍ക്കെ രാജി വെച്ചൊഴിയാന്‍ ഹിന്ദു പത്രം സൗകര്യം ചെയ്തുകൊടുത്തു.

 

കുപ്രസിദ്ധമായ കൊച്ചി ബിനാലെയുടെ സെക്രട്ടറിയും സംശയാസ്പദമായ വ്യക്തിത്വത്തിനുടമയുമായ റിയാസ് കോമുവിനെതിരേയാണ് കേരളത്തിലുണ്ടായ മറ്റൊരു പ്രധാന മീടൂ വെളിപ്പെടുത്തല്‍. 2015 ല്‍ കോമു തന്നെ പീഡിപ്പിച്ചതായി ഒരു ചിത്രകാരിയാണ് വെളിപ്പെടുത്തിയത്. മുംബൈയില്‍ വച്ച് കോമു, ഒരു പ്രോജക്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലേക്ക് ക്ഷണിച്ചെന്നും കൊച്ചിയില്‍ ഹോട്ടലില്‍ താന്‍ താമസിച്ച മുറിയില്‍ കടന്നുവന്ന് പീഡിപ്പിച്ചു എന്നുമാണ് 38 കാരിയായ ചിത്രകാരി വെളിപ്പെടുത്തിയത്. നടന്‍ അലന്‍സിയറിനെതിരേയാണ് മറ്റൊരു വെളിപ്പെടുത്തല്‍. അലന്‍സിയര്‍ ലൈംഗിക പീഡനശ്രമം നടത്തിയതായി ഒന്നിലധികം നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തി.

 

മീ ടൂ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് സ്ത്രീകളായ ജഡ്ജിമാരടങ്ങുന്ന ഒരു ഉന്നതതല സമിതി രൂപീകരിക്കേണ്ടതാവശ്യമാണ്. അതേസമയം തന്നെ സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ പോലീസ് അന്വേഷണവും വേണം. ഗൗരീദാസന്‍ നായരുടെ കാര്യത്തില്‍ ഹിന്ദു പത്രം ഇതുവരെ അന്വേഷണസമിതി രൂപീകരിച്ചിട്ടില്ല. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് നടത്തുന്ന ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയായിരുന്നു നായര്‍. ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും അന്വേഷണം നടത്തേണ്ടതുണ്ട്.

 

കൊച്ചിന്‍ മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഒന്നാം ബിനാലെ സംബന്ധിച്ച് ധനകാര്യവകുപ്പിലെ ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയ അതിഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. രാഷ്ട്രീയ-മാധ്യമ-കലാ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട വന്‍ സാമ്പത്തിക അഴിമതിയുടെയും അനാശാസ്യ നടപടികളുടെയും കേട്ടാലറയ്ക്കുന്ന കഥകളാകും ബിനാലെയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ പുറത്തുവരിക. ഒരു പക്ഷേ, അധികാരത്തിന്റെ പിന്തുണയോടെ നടന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമായി ബിനാലെ അന്വേഷണത്തിൽ കണ്ടെത്തപ്പെട്ടേക്കാം.