Open Space

03 Dec 2018 11:10 AM IST

മതേതര ആഘോഷങ്ങളുടെ പ്രസക്തി

പുരോഗമനരാഷ്ട്രീയവും കളിയും തമ്മിലുള്ള സര്‍ഗാത്മകബന്ധത്തെക്കുറിച്ച് മൗലികവും ഗൗരവപൂര്‍ണവുമായ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ജെ.രഘുവിന്റെ പഠനത്തിന്റെ അവസാനഭാഗം.

ശബരിമലസമരത്തിന്റെ ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അന്തര്‍ധാരകളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുകയാണെങ്കില്‍, കേരളീയരുടെ വൈകാരിക-ലീലാപരലോകത്തിലെ ഇടതുപക്ഷത്തിന്റെ അസാന്നിദ്ധ്യം വ്യക്തമാകും. കര്‍ഷകത്തൊഴിലാളികളുടെയും ഭൂരഹിതരുടെയും കുടിയാന്മാരുടെയും ഫാക്ടറിത്തൊഴിലാളികളുടെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും തൊഴില്‍രഹിതരുടെയും രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ഇടതുപ്രസ്ഥാനങ്ങള്‍ ഐതിഹാസിക പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ആധുനിക രാഷ്ട്രീയ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതില്‍ ഇടതുപക്ഷങ്ങള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. എന്നാല്‍, സുദീര്‍ഘവും ത്യാഗപൂര്‍ണവുമായ പോരാട്ടങ്ങളിലൂടെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ജനതയുടെ വൈകാരിക ലോകത്തിന്റെ അവകാശാവശ്യങ്ങളെ ഗൗരവമായിട്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞതുമില്ല. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മാത്രം പരിമിതിയല്ല. സാര്‍വദേശീയതലത്തില്‍ തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് മൗലികമായ സൈദ്ധാന്തികാന്വേഷണം നടത്തിയിട്ടില്ല. റഷ്യയിലെ 'ലെനിന്‍ മുസ്സോളിയം' സന്ദര്‍ശിക്കുന്നവരുടെ കളിവാഞ്ഛയെയും ആഘോഷകാമനയെയും തൃപ്തിപ്പെടുത്താന്‍ സോവിയറ്റ് ഭരണകൂടം ശ്രദ്ധിച്ചിരുന്നുവെങ്കിലും മതാചാരങ്ങള്‍ക്ക് കാര്യക്ഷമമായ സൈദ്ധാന്തിക-പ്രായോഗിക ബദല്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

 

ഇടതുപക്ഷത്തിന്റെ അസാന്നിദ്ധ്യത്താല്‍ 'അനാഥ'മാക്കപ്പെട്ട സാമാന്യജനത്തിന്റെ വൈകാരിക ലോകത്തിലേക്കാണ് മതങ്ങളും ദൈവങ്ങളും മൂര്‍ത്തികളും ആള്‍ദൈവങ്ങളും പൊങ്കാലകളും ശബരിമല തീര്‍ത്ഥാടനവും മറ്റനവധി ആചാരങ്ങളും കടന്നുവന്നത്. മനുഷ്യന്റെ വൈകാരിക-ലീലാപരജീവിതത്തെ അധിനിവേശിക്കുന്ന മതാചാരങ്ങള്‍, മനുഷ്യനെ പൂര്‍ണമായി വികാരങ്ങള്‍ക്കടിപ്പെടുത്തുകയും യുക്തിയുടെയും ചിന്തയുടെയും സാധ്യതകളെ മരവിപ്പിക്കുകയും ചെയ്യുന്നു. ക്രമബദ്ധവും നിയമാനുസൃതവുമായ 'കളികള്‍' ഒരര്‍ത്ഥത്തില്‍ യുക്തിയുടെ പ്രാക്‌രൂപങ്ങളാണ്. ഏതാണ്ട് 30,000-40,000 വര്‍ഷങ്ങള്‍ക്കു മുമ്പ് കളിയുടെ വൈകാരികലോകത്തിലേക്ക് പ്രകൃത്യതീതവിശ്വാസങ്ങളും മതവും പ്രവേശിച്ചതോടെ, യുക്തിയുടെ ആവിര്‍ഭാവം ദീര്‍ഘകാലത്തേക്ക് തടയപ്പെടുകയാണുണ്ടായത്. 2500 വര്‍ഷം മുമ്പുവരെ ലോകത്തിലെ എല്ലാ സമൂഹങ്ങളും മതാചാരങ്ങളുടെ തടവറയിലാണ് ജീവിച്ചിരുന്നത്. എന്നാല്‍, ബി.സി. 2500 നടുപ്പിച്ച് ഗ്രീസ് എന്ന സമൂഹത്തിലെ ഒരു ചെറുവിഭാഗം ചിന്തകരും ശാസ്ത്രജ്ഞരും മതങ്ങളുടെയും ദൈവങ്ങളുടെയും സ്വന്തം ഭൂതകാലത്തെ ബോധപൂര്‍വം നിരസിക്കാന്‍ തയ്യാറായി. അതിനവര്‍ ഉപയോഗിച്ച പ്രധാന മാര്‍ഗം, ഗ്രീക്കു ജനതയുടെ മനോഭാവത്തെയും ലോകബോധത്തെയും നിര്‍ണയിച്ചിരുന്ന 'ഹോമറിക് ഇതിഹാസപാരമ്പര്യ'ത്തെ നിര്‍ദയം വിചാരണ ചെയ്യുകയെന്നതായിരുന്നു. ഏതൊരു ജനതയുടെയും ലോകബോധത്തെ നിര്‍ണയിക്കുന്നതില്‍ ആദിമ ഇതിഹാസകഥകള്‍ക്കും മിത്തുകള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. ഇതിഹാസകഥകളും കഥാപാത്രങ്ങളും ഒരു ജനത ജീവിതമാതൃകയാക്കുമ്പോള്‍, അവര്‍ മിത്തുകളുടെ അവികസിത ലോകത്തേക്ക് സങ്കോചിക്കുകയാണ് ചെയ്യുന്നത്.

 

ഇന്ത്യയില്‍ ജാതി-വംശീയതയുടെ മൂല്യങ്ങള്‍ക്ക് ഏറ്റവുമധികം ബഹുജനസമ്മതി നല്‍കിയ ധര്‍മമാണ് രാമായണവും മഹാഭാരതവും നിര്‍വഹിച്ചത്. കാരണം, ഇതിഹാസങ്ങളെപ്പോലെ മറ്റൊരു  ബ്രാഹ്മണ-സംസ്‌കൃതകൃതിക്കും ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടില്ല. രാമായണ-മഹാഭാരതങ്ങളുടെ നാടകീയാഖ്യാനസ്വഭാവം കാരണം, അതിന്റെ 'വര്‍ണാശ്രമധര്‍മ' പ്രത്യയശാസ്ത്രം പ്രത്യക്ഷമല്ല. അതിനാല്‍, ഇന്ത്യന്‍ സമൂഹത്തിലെ സവര്‍ണ-അവര്‍ണസമുദായങ്ങള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും ഇതിഹാസങ്ങള്‍ സ്വീകാര്യമായി. ഭിന്ന ജനവിഭാഗങ്ങള്‍ ഭിന്നവ്യാഖ്യാനങ്ങള്‍ നല്‍കുകയും അവരുടേതായ ഭിന്ന രാമായണ-മഹാഭാരതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അനവധി രാമായണങ്ങള്‍ക്കും മഹാഭാരതങ്ങള്‍ക്കുമിടയില്‍ പൊതുവായി പ്രവര്‍ത്തിക്കുന്ന ഒരു ഘടകമുണ്ട്. അത് 'ബ്രാഹ്മണ-ക്ഷത്രിയ' വംശീയ മേധാവിത്വമാണ്. ഈ 'ജാതി-വംശീയധര്‍മ'ത്തെ ഏറ്റവും ദീര്‍ഘമായ കാലയളവില്‍, ഏറ്റവുമധികം ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്തത് രാമായണവും മഹാഭാരതവുമാണ്. ജാതി-വംശീയസിദ്ധാന്തങ്ങള്‍ മറയില്ലാതെ ആവിഷ്‌കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന വേദങ്ങള്‍ക്കും ധര്‍മശാസ്ത്രങ്ങള്‍ക്കും ഭഗവത്ഗീതയ്ക്കും ഇതിഹാസങ്ങളെപ്പോലെ ജാതി-വംശീയതയുടെ ഉപകരണമാകാന്‍ കഴിഞ്ഞിട്ടില്ല. കാരണം, ബ്രാഹ്മണ-ക്ഷത്രിയരുടെ ഈ പ്രാമാണികഗ്രന്ഥങ്ങള്‍ക്ക് ബഹുജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല എന്നതാണ്. കാവ്യ-കഥാഖ്യാനരീതിക്ക് ജനമനസ്സുകളെ വശീകരിക്കാന്‍ കഴിയുമെന്നതുകൊണ്ടാണ്, ജാതി-വംശീയസാധൂകരണത്തിന്റെ മുഖ്യ മാധ്യമങ്ങളായി രാമായണവും മഹാഭാരതവും തിരഞ്ഞെടുക്കപ്പെട്ടത്.

 

ഇടതുപക്ഷ-മതേതരാശയങ്ങളും പ്രസ്ഥാനങ്ങളും സാധാരണ മനുഷ്യരുടെ ഇന്ദ്രിയ-വൈകാരികലോകത്തിന് സ്വീകാര്യമാകണമെങ്കില്‍, അവ അവരുടെ ആഘോഷ-ലീലാപരതയെ അഭിസംബോധന ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്. പ്രാര്‍ത്ഥനകള്‍, നാമജപങ്ങള്‍, തീര്‍ത്ഥാടനങ്ങള്‍, പൂജകള്‍, ശരണവിളികള്‍ തുടങ്ങിയ ആചാരങ്ങള്‍ ലീലാപരതയുടെ 'വൈകാരിക കമ്പോള'ത്തിലെ 'മതച്ചരക്കുകള'ാണ്. ഇവയ്ക്കു ബദലായ 'മതേതരച്ചരക്കുകള്‍' ബോധപൂര്‍വം നിര്‍മിക്കാനും ലീലാപരതയുടെ കമ്പോളത്തില്‍ വിതരണം ചെയ്യാനും ഇടതു-മതേതരപ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്. മതേതരവും പാരമ്പര്യവിരുദ്ധവുമായ 'ആഘോഷങ്ങള്‍' കണ്ടുപിടിക്കാൻ കഴിയണം. വലിയ ആനന്ദത്തിന്റെയും ദുഃഖത്തിന്റെയും സന്ദര്‍ഭങ്ങളില്‍, ആനന്ദാവിഷ്‌കാരത്തിനും ദുഃഖനിവൃത്തിക്കും ആഘോഷങ്ങള്‍ സഹായകരമാണ്. പ്രിയപ്പെട്ടവരുടെ മരണം വ്യക്തിജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സന്ദര്‍ഭമാണ്. ചുറ്റുമുള്ളവരുടെ പിന്തുണയും സാന്ത്വനവുമില്ലെങ്കില്‍, വ്യക്തികള്‍ അഗാധവിഷാദത്തിലേക്ക് വലിച്ചെറിയപ്പെടാം. പുരോഹിതരും കരയോഗവും വിശുദ്ധഗ്രന്ഥപാരായണവുമാണ് ഇന്ന് മനുഷ്യര്‍ക്ക് ലഭ്യമായ സാന്ത്വന-പരിചരണോപാധികള്‍. മനുഷ്യരെ അവരുടെ ദുഃഖത്തില്‍ സാമൂഹ്യമായി, എന്നാല്‍ മതേതരമായി എങ്ങനെ സമാശ്വസിപ്പിക്കാമെന്ന് ആലോചിക്കേണ്ടതാണ്. മതേതരമായ 'വിലാപരൂപ'ങ്ങളുടെ ആവിഷ്‌കാരത്തിലൂടെ മരണവീട്ടില്‍ നിന്നുപോലും പുരോഹിതരെയും മതാചാരങ്ങളെയും ബഹിഷ്‌കരിക്കാന്‍ കഴിയും.

 

ഒളിംപിക്‌സിന്റെയും ലോക കപ്പ് ഫുട്ബോളിന്റെയും ഉത്ഘാടന-സമാപനവേദികളില്‍ നടത്തുന്ന നൃത്ത-സംഗീതപരിപാടികള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. പ്രേക്ഷക-ശ്രോതാക്കളെ ഇത്ര അഗാധമായി ത്രസിപ്പിക്കുന്ന മതേതരാഘോഷപരത സൃഷ്ടിക്കാന്‍, ലോകത്തിലെ ഒരു മതചടങ്ങിനും കഴിഞ്ഞിട്ടില്ല. ഈ ദൃശ്യ-ശ്രാവ്യ വിസ്മയാനുഭൂതി മനുഷ്യരെ തല്‍ക്കാലത്തേക്കെങ്കിലും ആചാരത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുന്നു. ഇടതു-മതേതര പ്രസ്ഥാനങ്ങളുടെ സംഘടനാസമ്മേളനങ്ങളിലും പൊതുപരിപാടികളിലും പതിവുചിട്ടകളുടെ സ്ഥാനത്ത് ആഘോഷപരത സൃഷ്ടിക്കുന്ന ദൃശ്യ-ശ്രാവ്യപരിപാടികള്‍ പരീക്ഷിക്കാവുന്നതാണ്. ഈ പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെയും ദൈനംദിന പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി ആഘോഷപരിപാടികള്‍ മാറണം. ഇടതുപക്ഷ ബഹുജനതയെ പൊങ്കാലയില്‍നിന്നും ശബരിമലയില്‍നിന്നും മോചിപ്പിക്കാന്‍ അതുമാത്രമേ മാര്‍ഗമുള്ളൂ.

 

കളികള്‍ നിര്‍വഹിച്ചുപോന്ന വൈകാരിക-വിനോദാവശ്യങ്ങളെ വ്യാജമായി 'ആത്മീയാവശ്യങ്ങളാ'യി പുനര്‍നിര്‍വചിച്ചുകൊണ്ടാണ് മതങ്ങള്‍ നിലവില്‍ വന്നത്. വാസ്തവത്തില്‍, പരിണാമപരമായി മനുഷ്യന് 'ആത്മീയ'മോ 'ഭൗതികാതീത'മോ ആയ ആവശ്യങ്ങളും താല്പര്യങ്ങളുമില്ല. മനുഷ്യന്റെയും പക്ഷി-മൃഗാദികളുടെയും അതിജീവനസഹായി എന്ന നിലയില്‍ അനുകൂലനം ചെയ്യപ്പെട്ട ജൈവഘടകം കളിയാണ്. 'ആത്മീയത'യും മതവും ആവിര്‍ഭവിച്ചിട്ട് 30,000-40,000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. 1,50,000-2,00,000 ലക്ഷം വര്‍ഷം ദൈര്‍ഘ്യമുള്ള മനുഷ്യപരിണാമചരിത്രത്തിന്റെ 5-6 ശതമാനം ദൈര്‍ഘ്യം വരുന്ന സമീപകാലഘട്ടത്തിലാണ് മതം ആവിര്‍ഭവിച്ചത്. അതുകൊണ്ടുതന്നെ, ജൈവഘടനയുടെ അടിസ്ഥാനഘടകമായി ഉറയ്ക്കാന്‍ മതത്തിനു കഴിഞ്ഞിട്ടില്ല. ബോധപൂര്‍വവും സര്‍ഗാത്മകവും ശാസ്ത്രീയവുമായ പരിശ്രമങ്ങളിലൂടെ മനുഷ്യജീവിതത്തില്‍ നിന്ന് മതത്തെ പുറത്താക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ വിവക്ഷ. മനുഷ്യന്റെ ജൈവജീവിതത്തിലെ 'അചരഘടക' (Biological Invariable) മായ കളിയെയും ആഘോഷപരതയെയും ഇടതു-മതേതര രാഷ്ട്രീയചിന്തയുടെയും പ്രയോഗത്തിന്റെയും അവിഭാജ്യാംശമാക്കുകയാണ് അതിനുള്ള മാര്‍ഗം. അതിന്റെ ഒരു തുടക്കമായി 'വീ ദ പീപ്പിള്‍' സംഗമത്തെ കാണാം. പുരോഗമനരാഷ്ട്രീയവും കളിയും തമ്മിലുള്ള സര്‍ഗാത്മകബന്ധത്തെക്കുറിച്ച് മൗലികവും ഗൗരവപൂര്‍ണവുമായ അന്വേഷണങ്ങള്‍ക്ക് പ്രചോദനമായി എന്നതാണ് 'വീ ദ പീപ്പിള്‍' സംഭവത്തിന്റെ നിസ്തുലതയും പ്രസക്തിയും.