Open Space

19 Oct 2018 20:35 PM IST

സ്നേഹത്തിന്റെ കരുതലും തണലും

കാക്കനാടന്റെ ഏഴാം ചരമവാർഷികദിനത്തിൽ മകൾ രാധ അദ്ദേഹത്തെ അനുസ്മരിക്കുന്നു

ഓം ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു: എന്നും ആദ്യം അച്ചാച്ചൻ പേപ്പറിലോ ഡയറിയിലോ എഴുതി തുടങ്ങുന്ന വരികളാണിവ. ബ്രാഹ്മമുഹൂർത്തത്തിൽ തുടങ്ങുന്നതാണ് അച്ചാച്ചന്റെ എഴുത്ത്. ഒരു തപസ്സ് പോലെ ഏകാഗ്രമാണ് അച്ചാച്ചന്റെ എഴുത്തും വായനയും. എഴുതുന്നത് വല്ലപ്പോഴും ആരെയെങ്കിലും കൊണ്ട് വായിപ്പിക്കും. പിന്നെ പകർത്തിയെഴുതും . എഴുതുമ്പോള്‍ ഇടയ്ക്ക് ഒരു കവിൾ കട്ടൻ കാപ്പി അല്ലെങ്കിൽ ചായ.. ചിലപ്പോൾ ഇടംകയ്യിൽ ഒരു സിഗരറ്റ്. അച്ചാച്ചൻ എഴുതുകയാണെങ്കിൽ ആരും ശല്യപ്പെടുത്തില്ല. കൂടാതെ കുട്ടികളെ ഒക്കെ ശല്യപ്പെടുത്താതിരിക്കാൻ ഓർമ്മിപ്പിക്കുകയും ചെയ്യും. അപ്പോൾ ആരും ശബ്ദമുണ്ടാക്കാറില്ല. വിട് മൗനത്തിലാഴ്ന്നിരിക്കും.

 

തേവള്ളിയിൽ നമ്മൾ താമസിച്ച വീടിന്റെ പടിഞ്ഞാറു വശത്തായിരുന്നു മനോഹരിയായ അഷ്ടമുടിക്കായൽ. വശ്യവും മനോഹരവുമായ പടിഞ്ഞാറെ കായലില്‍ പടർന്നു വീഴുന്ന വൈകുന്നേരങ്ങളും സന്ധ്യകളും രാത്രികളും... ഓരോ ദിവസവും വ്യത്യസ്തതയോടെ അതി മനോഹരമായിരുന്നു. അച്ചാച്ചന്റെ എഴുത്തും വായനയും മറ്റെല്ലാ പരിപാടികളും മിക്കപ്പോഴും കായൽ തീരത്തുള്ള ഔട്ട്ഹൗസിന്റെ തുറന്ന വരാന്തയിലായിരുന്നു. എഴുതാത്ത സമയങ്ങളിൽ അച്ചാച്ചൻ വളരെ പ്രസരിപ്പോടെ അതിഥികളെ സ്വീകരിച്ചു, എല്ലാവരോടും നന്നായി സംസാരിച്ചു, എല്ലാവരെയും സ്നേഹിച്ചു, ചിലപ്പോഴൊക്കെ ചീട്ടു കളിച്ചു, ചെസ്സ് കളിച്ചു,കാരംസ് കളിച്ചു.

 

ചില കാലങ്ങളിൽ എഴുത്തിന്റെയും വായനയുടെയും ലോകം വിട്ടു അച്ചാച്ചൻ ലഹരിയുടെ ലോകത്തേക്ക് ചേക്കേറും. അപ്പോൾ സൗഹൃദ സദസ്സുകൾ കൂടുതൽ സരസവും രാവേറെ നീണ്ടുപോകുന്നതുമാവും. പിന്നീട് വീണ്ടും എഴുത്തിന്റെ സ്വസ്ഥതയുടെ കാലത്തിലേക്ക്.. അങ്ങനെയങ്ങനെ..അച്ചാച്ചൻ എപ്പോഴും ആഹ്ലാദം പരത്തുന്നൊരാൾ ആയിരുന്നു. ഓൾഡ് സ്പൈസിന്റെയും ബ്രിൽക്രീമിന്റെയും ക്യൂട്ടിക്കുറ പൗഡറിന്റെയും വിൽസ് ഫിൽറ്റർ സിഗരെറ്റിന്റെയും ഒക്കെ കൂടി കലർന്ന ഒരു പ്രത്യേക മണമുണ്ടായിരുന്നു അച്ചാച്ചന്,  ഓർമ്മയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന നല്ല മണം. തീരെ ചെറുപ്പത്തിൽ ഒന്നോ രണ്ടോ വയസ്സ് പ്രായവ്യത്യാസം മാത്രമുള്ള ഞങ്ങൾ, ഞാനും രാജനും റിഷിയും, അച്ചാച്ചനോടൊപ്പം അച്ചാച്ചന്റെ ഗന്ധമനുഭവിച്ച് ആ കൈത്തണ്ടയിൽ ഞാൻ ആദ്യം എന്ന് മത്സരിച്ചു ഉറങ്ങുന്നൊരു ഓർമ്മയുണ്ടെനിക്ക്. ചെറിയ മൂളിപ്പാട്ടൊക്കെ പാടി അച്ചാച്ചൻ അലസമായി സരസമായി നമ്മളെ ഉറക്കുന്നതും ഓർമ്മയിലുണ്ട്. എപ്പോഴും പ്രസാദാത്മകത നിറഞ്ഞ മുഖമായിരിക്കും, എങ്കിലും വല്ലപ്പോഴും അച്ചാച്ചൻ ദേഷ്യപ്പെടാറുമുണ്ട്. വീടിന്റെ വിളക്ക് എന്ന് നമ്മൾ പറയാറില്ലേ.. സാധാരണ വീട്ടിലെ സ്ത്രീകളെയാവും അങ്ങനെപറയുന്നത്.. പക്ഷെ എന്റെ അനുഭവത്തിൽ അച്ചാച്ചൻ ആയിരുന്നു നമ്മുടെ വീടിന്റെ പ്രകാശം. വീടിനെ ഉർജ്ജസ്വലവും ജീവസ്സുറ്റതുമാക്കിയത് അച്ചാച്ചന്റെസാന്നിദ്ധ്യമായിരുന്നു.

 

അച്ചാച്ചന്‍ മാത്രമല്ല മുഖത്ത് എപ്പോഴും നിറഞ്ഞ ചിരിയും കണ്ണിൽ തിളക്കവുമുള്ള ചുരുണ്ട മുടിയുമായി ഒപ്പം അമ്മാമ്മയും, പരസ്പരപൂരകങ്ങളായി, വീടിന്റെ ഐശ്വര്യമായി. അമ്മാമ്മയായിരുന്നു വീട്ടു കാര്യങ്ങളും കുട്ടികളുടെ പഠനമുൾപ്പെടെയുള്ള കാര്യങ്ങളും നോക്കുന്നത്. എഴുതാൻ പറ്റിയ ഇടങ്ങളിലും മറ്റു ചിലപ്പോൾ സിനിമയുമായി ബന്ധപ്പെട്ടും അച്ചാച്ചൻ ചെറുതും വലുതുമായ യാത്രകളിലായിരിക്കുന്ന സമയങ്ങളിൽ കുട്ടികളും അതിഥികളുമുൾപ്പെടെ എല്ലാവരെയും മാനേജ് ചെയ്തിരുന്നതും അമ്മാമ്മയായിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും തുണികൾ വാങ്ങുന്നതിനും അമ്മാമ്മയാണ് നമ്മളെ കൂട്ടി പോകാറുള്ളത്, അവിടെയൊന്നും അച്ചാച്ചൻ പോകുന്ന ഓർമ്മയേ എനിക്കില്ല. എങ്കിലും പണ്ടൊക്കെ ദൂരയാത്ര കഴിഞ്ഞെത്തുമ്പോള്‍ അമ്മാമ്മയ്ക്ക് സാരിയും കുട്ടികള്‍ക്കുടുപ്പുകളും കൊണ്ടുവന്നിരുന്നു എന്നൊരോര്‍മ്മ. എന്തിനും അച്ചാച്ചന് ഫുൾ സപ്പോർട്ടായിരുന്നു അമ്മാമ്മ. തിരുവല്ലാ സ്റ്റൈലിൽ ബീഫ്, കോഴി, താറാവ്, മീൻ വിഭവങ്ങൾ ഒക്കെ ഉണ്ടാക്കാനും എല്ലാവർക്കും വിളമ്പി കൊടുത്ത് കഴിപ്പിക്കാനും അമ്മാമ്മ മിടുക്കിയായിരുന്നു. ഇരുവരും അതിഥി സൽക്കാരത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അതുകൊണ്ടാവണം എന്നും നമ്മുടെ വീട് നിറയെ അതിഥികളായിരുന്നു.

 

നമ്മുടെ വീട് ഒരിക്കലും ഞങ്ങൾ മൂന്ന് പേരും അച്ചാച്ചനും അമ്മാമ്മയും മാത്രമടങ്ങിയതായിരുന്നില്ല. തമ്പിച്ചായൻ രാജിച്ചായൻ തുടങ്ങി നിറയെ ആൾക്കാരുള്ള, എപ്പോഴും പൊട്ടിച്ചിരികളും ബഹളവും ഒക്കെ പ്രസരിക്കുന്ന, ഒരിക്കലും ഉറങ്ങാത്ത വീട്. അവിടെ എല്ലാവര്‍ക്കും, ഏതു ജാതിയിൽ പെട്ടവർക്കും, ഏതു ജോലി ചെയ്യുന്നവർക്കും, ഏതു ഭാഷ സംസാരിക്കുന്നവർക്കും എന്നും പ്രവേശനമുണ്ടായിരുന്നു. ഒരു അലിഖിത വ്യവസ്ഥയെ ഉള്ളു, മനസിൽ സ്നേഹമുണ്ടാവണം, അല്ലെങ്കിൽ അവിടെ വന്നാൽ താനെ സ്നേഹമുണ്ടാവും മനസിൽ..അച്ചാച്ചന്‍ എന്ന സ്നേഹം മാഞ്ഞു പോയിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു. സ്നേഹത്തിന്റെ, കരുതലിന്റെ തണൽ മാഞ്ഞു പോയിട്ടും, എവിടൊക്കെയോ അത് ഞാനിന്നും അറിയുന്നു..അനുഭവിക്കുന്നു. അച്ചാച്ചന്റെ അഭാവം, നഷ്ടം, വീടിന്റെ ഐശ്വര്യത്തെ തന്നെ ഇല്ലാതാക്കി എന്നാണെനിക്കുതോന്നിയത്. അച്ചാച്ചനെ അച്ചുതണ്ടാക്കി തിരിഞ്ഞുകൊണ്ടിരുന്ന കുറെയേറെ ജീവിതങ്ങൾ, പ്രത്യേകിച്ച് അമ്മാമ്മയുടെ ജീവിതം പെട്ടെന്ന് നിശ്ചലമായതു പോലെ. ഒന്നും ചെയ്യാനില്ലാതായതു പോലെ, അല്ലെങ്കിൽചെയ്യാനുള്ളതൊക്കെ മറന്നു പോയതു പോലെ....