Kerala News

സഭയ്ക്കും ജനങ്ങള്‍ക്കുമിടയില്‍ ഉത്തരം മുട്ടി സര്‍ക്കാര്‍

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നീതി തേടി കന്യസ്ത്രീകള്‍ നടത്തുന്ന സമരം ഇടതുമുന്നണി സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ(എം)നെയും കടുത്ത ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തിയിരിക്കുന്നു.

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നീതി തേടി കന്യസ്ത്രീകള്‍ നടത്തുന്ന സമരം ഇടതുമുന്നണി സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ(എം)നെയും കടുത്ത ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തിയിരിക്കുന്നു. സാധാരണ ഒരു ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്നതുപോലെ ഫ്രാങ്കോ പ്രതിയായ കേസ് കൈകാര്യം ചെയ്യാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം ഫ്രാങ്കോയെ കത്തോലിക്കാസഭയുടെ പ്രതിപുരുഷനായി കാണുകയും സഭയെ ഒരു തരത്തിലും മുറിവേല്പ്പിക്കാതെ കേസ് കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതുവഴി പോലീസിനെ കനത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ് പോലീസ് വകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം ചെയ്തത്. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുമ്പോട്ടു പോകാതെ ഓരോ ചുവടിലും പോലീസ് അറച്ചു നില്‍ക്കുകയാണ്. സാക്ഷിമൊഴികളുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കൃത്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനു പകരം ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യേണ്ടിവന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് ഓരോ ചുവടും അന്വേഷണസംഘം മുന്നോട്ടു വയ്ക്കുന്നത്.


കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പല പ്രദേശങ്ങളിലും ശക്തമായ സ്വാധീനമുള്ള കത്താലിക്കാ സഭയുമായി നല്ല ബന്ധം സ്ഥാപിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണം സ്ഥിരമായി തങ്ങളുടെ കയ്യിലിരിക്കും എന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഒരു കാലത്തും തങ്ങള്‍ക്കു കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ വോട്ടുബാങ്ക് കൈവശപ്പെടുത്താനുള്ള തീവ്രശ്രമമാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സി.പി.ഐ(എം) നേതൃത്വം നടത്തിവരുന്നത്. ഒരു ഘട്ടത്തിൽ കെ.എം.മാണി കൂടെവന്നു എന്ന് ഉറപ്പിച്ചതാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തോടെ മാണി ഇല്ലാതെ തന്നെ ഈ വോട്ടുബാങ്കില്‍ കടന്നുകയറാമെന്ന ഉറപ്പ് പാര്‍ട്ടി നേതൃത്വത്തിനുണ്ടായി. മധ്യതിരുവിതാംകൂറില്‍ നേരത്തേ തന്നെ രാജൂ എബ്രഹാം വഴി റാന്നി മണ്ഡലം പിടിക്കാന്‍ കഴിഞ്ഞിരുന്നു. ആറന്മുളയില്‍ വീണാജോര്‍ജ്ജും പിന്നീട് ചെങ്ങന്നൂരില്‍ സജിചെറിയാനും കൂടി ജയിച്ചതോടെ ഈ വോട്ടുബാങ്ക് ബാലികേറാമലയല്ലെന്ന് സി.പി.എമ്മിന് ബോധ്യമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസിനെ ഇറക്കിയുള്ള കളി പൊളിഞ്ഞുപോയെങ്കിലും ചാലക്കുടിയിലെ ഇന്നസെന്റിന്റെയും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെയും വിജയം നല്‍കിയ ഉന്മേഷമാണ് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

മധ്യകേരളത്തെക്കുറിച്ചുള്ള കണക്കുകൂട്ടലൊക്കെ കൃത്യമാണ്. പക്ഷേ, ഫ്രാങ്കോയുടെ കേസ് കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ എത്തും പിടിയും കിട്ടിയില്ല. കൊടുക്കല്‍ വാങ്ങല്‍ ഇടപാടേ സഭയുമായി നടക്കൂ. സഭയ്ക്ക് ആവശ്യങ്ങള്‍ പലതുണ്ട്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും മത്സരിച്ച് സഭയോടും കയ്യേറ്റക്കാരോടുമുള്ള കൂറ് തെളിയിച്ചതാണ്. ആനിക്കുഴിക്കാട്ടില്‍ അച്ചന്റെ അപ്രീതി സമ്പാദിച്ച പി.ടി.തോമസിന് ഇടുക്കി സീറ്റില്‍ മത്സരിക്കാനുള്ള അവസരംപോലും നഷ്ടമായി. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ ഒരു ചെറിയ കൈപ്പിഴ പറ്റിയാല്‍ മതി ചാലക്കുടിയും ഇടുക്കിയും മുതല്‍ ആറന്മുളയും ചെങ്ങന്നൂരും വരെ കെട്ടിപ്പൊക്കിയ സൗഹൃദത്തിന്റെ പാലം തകര്‍ന്നു പോയേക്കാം. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാന്‍ അവസാനം വരെ ശ്രമിച്ചു എന്ന സന്ദേശം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍. 3 മാസം സമയം കൊണ്ട് തെളിവ് നശിപ്പിക്കുകയോ എന്തു വേണമെങ്കില്‍ ചെയ്യാമായിരുന്നു. ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍ കഴിയും? മൈക്ക് കൊണ്ട് മുഖത്തിട്ടിടിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല ഉമ്മന്‍ചാണ്ടി എന്നോര്‍ക്കണം.

മതമേലധ്യക്ഷന്മാരുടെയും പുരോഹിതശ്രേഷ്ഠന്മാരുടെയും കൈകളില്‍ അട്ടിയായി വച്ചിരിക്കുകയാണ് കൃസ്ത്യാനികളുടെ വോട്ട് എന്ന് കരുതിയതിലാണ് പാര്‍ട്ടിക്ക് തെറ്റിയത്. ആദ്യം ശത്രുവായും പിന്നെ മിത്രമായും ഇടപെട്ടിരുന്ന വടക്കനച്ചന്റെ കാലമൊക്കെ പോയിക്കഴിഞ്ഞു. മാത്രമല്ല, മറുഭാഗത്ത് ളോഹയിട്ട കന്യാസ്ത്രീകളാണ് നില്‍ക്കുന്നത്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരേ സഭയിലെ 99 ശതമാനം കന്യാസ്ത്രീകളെയും അണിനിരത്തി തെരുവിലിറക്കാന്‍ സഭയ്ക്ക് കഴിഞ്ഞേക്കാം. പക്ഷേ, ആ തെരുവിലിറങ്ങുന്ന കന്യാസ്ത്രീകളിലും 99 ശതമാനം പേരും, മനസ്സുകൊണ്ട്, സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പമായിരിക്കും. അവര് വോട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ക്കു വേണ്ടി തെരുവില്‍ നിരാഹാരം കിടന്ന സഹോദരിമാരെ ഓര്‍ക്കാതിരിക്കില്ല.

സാധാരണക്കാരായ കൃസ്ത്യാനികള്‍ മതമേലധ്യക്ഷന്മാരുടെ കൂടെ നില്‍ക്കുമോ, സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പം നില്‍ക്കുമോ എന്ന കാര്യത്തിലും സംശയമില്ല. കൃസ്ത്യാനികളല്ലാത്ത ജനങ്ങളും കന്യാസ്ത്രീകളോടൊപ്പമേ നില്‍ക്കൂ. ഇത് സഭയ്‌ക്കെതിരായ സമരമല്ല, സഭയ്ക്കുള്ളിലെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായ സമരമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തത് പാര്‍ട്ടി നേതൃത്വങ്ങള്‍ മാത്രമാണ്. നമ്മുടെ പാര്‍ട്ടി നേതാക്കള്‍ എ.സി.കാറുകളില്‍ നിന്ന് റോഡിലിറങ്ങി സാധാരണക്കാരോട് സംസാരിക്കാന്‍ തയ്യാറായാല്‍ സംഗതികളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.