Today Headlines

കോൺഗ്രസ് : വീതംവയ്പിന്റെ പഴയ ഫോർമുല ഫലിക്കുമോ ?

ലെഫ്റ്റ് ക്ലിക് ന്യൂസ് മാസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നതുപോലെ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചു.

Thiruvananthapuram

ലെഫ്റ്റ് ക്ലിക് ന്യൂസ് മാസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നതുപോലെ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചു. ഒപ്പം കേരളത്തിലാദ്യമായി പി.സി.സിക്ക് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചു. ഒന്നല്ല, മൂന്നു പേരാണ് വർക്കിംഗ് പ്രസിഡന്റുമാർ . കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റ് വർക്ക് ചെയ്യാത്തയാളാകും എന്ന് ഉറപ്പുള്ളതുകൊണ്ടാകുമോ 3 വർക്കിംഗ് പ്രസിഡന്റുമാരെയും കൂടി നിയമിച്ചതെന്ന് അറിയില്ല. ബന്നി ബഹനാനെ യുഡിഎഫ് കൺവീനറായും കെ.മുരളീധരനെ, എന്താണ് അധികാരമെന്ന്‌ വ്യക്തമല്ലാത്ത പ്രചാരണക്കമ്മിറ്റി ചെയർമാനായും നിയമിച്ചിട്ടുണ്ട്.

 

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തവര്‍ക്കെല്ലാം ഓരോ പദവി നല്‍കി തൃപ്തിപ്പെടുത്തുക എന്നതാണ് ഈ പുനഃസംഘടനയില്‍ പ്രധാനമായും ചെയ്തത്. എം.ഐ.ഷാനവാസ് ഒഴികെ എല്ലാവരും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മോഹിച്ചവരാണ്. സംഗതി നടക്കില്ലെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയ മുരളീധരന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമെങ്കിലും നേടാന്‍ ശ്രമം നടത്തിയെങ്കിലും പ്രചരണക്കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തില്‍ ഒതുങ്ങേണ്ടി വന്നു. ഫലത്തില്‍ മുല്ലപ്പള്ളി ഒഴികെ പുതുതായി 'സ്ഥാനങ്ങള്‍' ലഭിച്ചവരെല്ലാം അതൃപ്തരായി മാറുകയാണുണ്ടായത്.

 

പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാക്കാനുമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുക എന്നതല്ല, സ്ഥാനമോഹികളെ തൃപ്തിപ്പെടുത്തുകയും ജാതി-മത സമവാക്യം കൃത്യമായി പാലിക്കുകയും ചെയ്യാനാണ് എ.ഐ.സി.സി നേതൃത്വം ശ്രമിച്ചത്. സമുദായ സന്തുലനത്തിന്റെ നീക്കുപോക്കില്ലാത്ത വക്താവാണ് ആന്റണി. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലം മുതല്‍ വള്ളിപുള്ളി തെറ്റാതെ നടപ്പാക്കിയിട്ടുള്ള ഒന്നാണ് പ്രബലമായ ജാതി-മത ശക്തികളെ തൃപ്തിപ്പെടുത്തല്‍. സ്ഥാനങ്ങള്‍ വീതം വയ്ക്കുമ്പോള്‍ 3 എണ്ണമുള്ള ഒരു പാക്കേജായിരുന്നു ആന്റെണിയുടെ പഴയ സ്ഥിരം രീതി. 3 എണ്ണം എങ്കില്‍ സംഗതി എളുപ്പം ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം എന്നിങ്ങനെ വീതിക്കും. 4 സ്ഥാനമെങ്കില്‍ ഹിന്ദു-2 (സവര്‍ണന്‍(1), അവര്‍ണന്‍ (1)), കൃസ്ത്ര്യന്‍, മുസ്ലീം. അഞ്ചാണ് വീതം വയ്ക്കാനുള്ള സ്ഥാനങ്ങളെങ്കില്‍ ഹിന്ദു-2, കൃസ്ത്യന്‍-2 (കത്തോലിക്കന്‍-1, അകത്തോലിക്കൻ-1). 6 ആണ് സ്ഥാനങ്ങളെങ്കില്‍ ഹിന്ദു(2), കൃസ്ത്യന്‍(2), മുസ്ലീം (മലബാര്‍-1, മലബാറിനു പുറത്തുനിന്ന്-1) അതില്‍ കൂടുതലുണ്ടെങ്കിലാണ് മറ്റു സമുദായ പരിഗണനകള്‍.

 

ആര്‍ക്കു സ്ഥാനങ്ങൾ നല്‍കണമെന്ന് തീരുമാനിക്കുന്നതില്‍ കരുണാകരന് വലിയ പങ്കുണ്ടായിരുന്നെങ്കിലും സമുദായ വീതംവയ്പിന്റെ കണക്ക് കൃത്യമാകണമെന്ന് വാശി പിടിച്ചിരുന്നത് ആന്റണിയാണ്. ആന്റണി-കരുണാകരന്‍മാരുടെ കാര്‍മികത്വത്തില്‍ നടന്ന വീതംവയ്പുകളില്‍ ദളിതര്‍ക്ക് പരിഗണന ലഭിച്ചിരുന്നില്ല. ഇപ്പോള്‍ വീതം വയ്ക്കാനുള്ള സ്ഥാനങ്ങളുടെ എണ്ണം കൂട്ടി ദളിതരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുഖ്യ സാമൂഹ്യാടിത്തറയായ കൃസ്ത്യന്‍-നായര്‍ വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിലെ വീതം വയ്ക്കല്‍ പൂര്‍ത്തിയായത്. മൊത്തം സ്ഥാനങ്ങള്‍ (പദവികള്‍) കണക്കുകൂട്ടിയാണ് വീതം വയ്പ്. സവര്‍ണ്ണ കൃസ്ത്യാനിക്കും നായര്‍ക്കുമാണ് മേല്‍ക്കൈ. സവര്‍ണ്ണ കൃസ്ത്യാനി - 3 (2 കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ + യു.ഡി.എഫ് കണ്‍വീനര്‍-1 ) നായര്‍-3 ( പ്രതിപക്ഷനേതാവ്, 1 കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, പ്രചരണക്കമ്മിറ്റി ചെയര്‍മാന്‍) ഈഴവ/തിയ്യ- 2 (കെ.പി.സി.സി പ്രസിഡന്റ്, 1 വര്‍ക്കിംഗ് പ്രസിഡന്റ്) മുസ്ലീം-1 വര്‍ക്കിംഗ് പ്രസിഡന്റ്, ദളിതര്‍-1 വര്‍ക്കിംഗ് പ്രസിഡന്റ്. മുസ്ലീങ്ങള്‍ക്കാണ് പ്രാതിനിധ്യം കുറഞ്ഞുപോയത്. മുസ്ലീംലീഗ് മുന്നണിയിലുള്ളതിനാല്‍ മുസ്ലീങ്ങളുടെ പ്രാതിനിധ്യത്തില്‍ ആനുപാതികമായ കുറവുണ്ടാകാറുണ്ട്.

 

ജാതി-മത സമവാക്യമൊക്കെ കൃത്യമായി നോക്കിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രാതിനിധ്യം ലഭിക്കേണ്ട സാമൂഹ്യവിഭാഗങ്ങളെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം പോലുമില്ല. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയസാധ്യതയുള്ള ഒരു സീറ്റ് പോലും സ്ത്രീകള്‍ക്ക് നല്‍കാറില്ല. സ്ത്രീകളെപ്പോലെ തന്നെ യുവാക്കളെയും തഴഞ്ഞിരിക്കുന്നു. 56 കാരനായ കൊടിക്കുന്നില്‍ സുരേഷാണ് കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരന്‍. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും ശരാശരി പ്രായം 67. യുവാക്കളുടെയും മുസ്ലീങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുമായിരുന്ന ഷാഫി പറമ്പിലിനെപ്പോലെ യുവാക്കള്‍ പലരുമുണ്ടായിരുന്നെങ്കിലും ആരെയും പരിഗണിച്ചില്ല.

 

പദവികള്‍ക്കു വേണ്ടി ദാഹിച്ചുനിന്നവര്‍ക്കെല്ലാം പദവികള്‍ വീതിച്ചു നല്‍കിയതില്‍ എ.ഐ.സി.സി നേതൃത്വത്തിന് തൃപ്തിയടയാം. നിര്‍ജ്ജീവമായി ചലനമറ്റു കിടക്കുന്ന കോണ്‍ഗ്രസ് സംഘടനയെ ചലിപ്പിക്കാനും പുതുജീവന്‍ നല്‍കാനും ഈ പുതിയ ടീമിനു കഴിയുമോ എന്നതാണ് പ്രശ്‌നം. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് സഹപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കി താഴെത്തട്ടില്‍ പാര്‍ട്ടിയെ സജീവമാക്കാനും പ്രവര്‍ത്തകരെ കര്‍മ്മനിരതരാക്കാനും മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുമോ? മലബാറിനു പുറത്ത് പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരുമായി കാര്യമായ ബന്ധമില്ലാത്ത മുല്ലപ്പള്ളി വലിയൊരു പാര്‍ട്ടി-ബഹുജന സമ്പര്‍ക്ക പരിപാടി ഏറ്റെടുക്കുകയും സഹപ്രവര്‍ത്തകരെ കൂട്ടിയിണക്കി പ്രവര്‍ത്തനരംഗത്ത് സജീവമാക്കുകയും ചെയ്യാന്‍ ശ്രമിച്ചാല്‍ എ.ഐ.സി.സി ഏല്‍പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിയും. അതിനു മുല്ലപ്പള്ളിക്കു കഴിയുമോ എന്നതാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഭാവി സംബന്ധിച്ച നിര്‍ണ്ണായക ചോദ്യം.