Kerala News

07 Nov 2018 17:15 PM IST

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ള 6 പേരെ തഴഞ്ഞ്: കുരുക്കിലായി കെ.ടി.ജലീൽ

ബന്ധുനിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവന്നതോടെ മന്ത്രി കെ.ടി.ജലീലിനെതിരായ കുരുക്ക് കൂടുതൽ മുറുകി.

Thiruvananthapuram

ബന്ധുനിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവന്നതോടെ മന്ത്രി കെ.ടി.ജലീലിനെതിരായ കുരുക്ക് കൂടുതൽ മുറുകി. വിജ്ഞാപനത്തിൽ പറയുന്ന പ്രകാരം യോഗ്യതകൾ ഉണ്ടായിരുന്നവരെ ഒഴിവാക്കുക മാത്രമല്ല ബന്ധുവിനെ നിയമിക്കുന്നതിനായി മനപൂർവ്വം ഒഴിവ് സൃഷ്ടിച്ചതാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

 

ജനറല്‍മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതില്‍ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാർ സവ്വീസിൽ ജോലി ചെയ്യുന്നയാളുമായിരുന്നു. ഇവരെ തഴഞ്ഞിട്ടാണ് ജലീൽ ബന്ധുവിന് നിയമനം നൽകിയത്.

 

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് അനസ് വി.പി– എംബിഎ, 5 വർഷം പ്രവൃത്തിപരിചയം, പി.മോഹനൻ– എംബിഎ, എസ്ബിഐ റീജനൽ മാനേജർ, 3 വർഷം പ്രവൃത്തിപരിചയം, സഹീർ കാലടി– എംബിഎ, മലപ്പുറം മാൽകോടെക്സ് സ്പിന്നിങ് മില്ലിലെ ഫിനാൻസ് മാനേജരായി 11 വർഷം പ്രവൃത്തിപരിചയം, റിജാസ്– എംബിഎ, ഐസിഐസിഐ ബാങ്ക്, സ്വകാര്യ ഇൻഷുറൻസ് ബാങ്ക് എന്നിവിടങ്ങളിലെ ജോലി പരിചയം, നിലവിൽ ന്യൂനപക്ഷ വികസന കോർപറേഷൻ മാനേജർ, സാജിദ് മുഹമ്മദ്– എംബിഎ, 5 വർഷം പ്രവൃത്തിപരിചയം, വി.ബാബു– ധനവകുപ്പിലെ അണ്ടർ സെക്രട്ടറി, എംബിഎ യോഗ്യതയില്ല എന്നിവരായിരുന്നു അപേക്ഷകർ. ധകാര്യവകുപ്പിലെ അണ്ടർ സ്ക്രട്ടറി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടാണ് ബന്ധുവിന് വിളിച്ച് നിയമനം നൽകിയത്. മന്ത്രിയുടെ ബന്ധുവിന് എം.ബി.എ ഇല്ലെന്നു മാത്രമല്ല നിയമനം നൽകുന്ന സമയത്ത് സൗത്ത് ഇന്ത്യൻ ബാങ്കിലെ ബ്രാഞ്ച് മാനേജർ മാത്രമായിരുന്നു.

 

ബന്ധുവിനെ നിയമിക്കാൻ കോർപറേഷനിൽ മനഃപൂർവം ഒഴിവുണ്ടാക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നു. നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോർപറേഷനിലെ റീജനൽ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്ന ഡയറക്ടർ ബോർഡിന്റെ ശുപാർശ മന്ത്രി തള്ളുകയായിരുന്നു. ഡപ്യൂട്ടേഷൻ കാലാവധി 5 വർഷം ഉണ്ടായിരിക്കെയാണ് ബന്ധുവിനെ നിയമിക്കുന്നതിനായി ഒരു വർഷം കഴിഞ്ഞപ്പോൾ ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനെ തിരിച്ചയച്ചത്.

 

സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജന്‍സികളിലോ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനല്‍കാന്‍ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യബാങ്കില്‍ ജോലിചെയ്യുന്നയാള്‍ക്ക് എങ്ങനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനല്‍കിയെന്നതിനും വ്യക്തമായ വിശദീകരണമില്ല.

 

ബന്ധുനിയമനത്തിൽ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.