Kerala News

19 Oct 2018 22:40 PM IST

അക്കാഡമി അധ്യക്ഷസ്ഥാനത്തുനിന്ന് ലളിതയെ മാറ്റണം : നാടക്

ലളിതയെ കേരള സംഗീത നാടക അക്കാഡമി അധ്യക്ഷ സ്ഥാനത്തു നിന്നും പിൻവലിച്ചു കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം എന്ന് നാടകപ്രവർത്തകരുടെ സംഘടന നാടക് ആവശ്യപ്പെട്ടു

സമീപകാലത്ത് കേരളത്തിൽ ഉണ്ടായ വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ, പ്രത്യേകിച്ചു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, തികച്ചും സ്ത്രീവിരുദ്ധ നിലപാടും പ്രവർത്തനവും നിരന്തരമായി നടത്തി വരുന്ന സംഗീത നാടക അക്കാഡമി അധ്യക്ഷ ലളിത കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തെയും നിലവിൽ നടക്കുന്ന എല്ലാ പുരോഗമന, നവീകരണ പ്രവർത്തനങ്ങളെയും അപമാനിയ്ക്കുകയും അതിനു നേരെ കൊഞ്ഞനം കുത്തുകയുമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നതെന്ന് നാടകപ്രവർത്തകരുടെ സംഘടന നാടക് ആരോപിച്ചു.

 

സ്ത്രീയുടെ സാമൂഹ്യ പദവിയും ലിംഗനീതിയും തുല്യനീതിയും ഉറപ്പുവർത്തുവാൻ സഹായകമാകുന്ന, അടുത്തിടെ ഉണ്ടായ ഒന്നിലധികം വിധികളിലൂടെ പരമോന്നത നീതിപീഠം പോലും ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടി വാദിയ്ക്കുന്ന, ഏറ്റവും വലിയ മാറ്റത്തിന്റെ സമയത്തു കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ സാംസ്ക്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് സവർണ്ണ പുരുഷവാദിയായ ഒരു “കുലസ്ത്രീ” ഒട്ടും അഭികാമ്യമല്ല. പ്രതിലോമകാരികൾക്ക് വളം വെയ്ക്കുന്ന നിലപാടുകൾ നിരന്തരം പിന്തുടരുന്ന ഇവർ കേരളത്തിലെ സമൂഹ പുരോഗതിയെ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു നയിക്കാൻ പ്രാപ്ത അല്ല എന്ന് അടിവരയിട്ടു തെളിയിച്ചു കഴിഞ്ഞുവെന്നും നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജയും മറ്റു ഭാരവാഹികളും എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

 

മുൻപ്, ബലാത്സംഗ കേസിൽ കുറ്റാരോപിതനായ പ്രമുഖ നടനെ ജയിലിൽ പോയി സന്ദർശിച്ച വേളയിൽ കേരളത്തിലെ സാംസ്ക്കാരിക ലോകത്തുനിന്നും ഇവർക്കെതിരെ വലിയ എതിർപ്പ് ഉയർന്നു വന്നതാണ്. വ്യക്തികളാണ് സന്ദർശിച്ചത്, സർക്കാർ പദവിയിൽ ഉള്ള ആളല്ല എന്നായിരുന്നു അന്ന് അതിനു കിട്ടിയ ഔദ്യോഗിക മറുപടി. ഇന്ന്, അതിജീവിച്ച പെൺ കുട്ടിക്ക് നീതി നിഷേധിച്ചു കുറ്റാരോപിതനൊപ്പം നിൽക്കുന്ന സിനിമ സംഘടനയുടെ വൃത്തികേടുകൾ ചൂണ്ടിക്കാണിച്ച പെൻകൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ, സിനിമ സംഘടനയിലെ കേവലം അംഗം മാത്രമായ ലളിത മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന കേരളത്തിലെ ആത്മാഭിമാനമുള്ള ഓരോ പെണ്ണിനും അപമാനമാണ്. ആ സംഘടനയിൽ തന്നെ ശ്രീമതി ലളിതയുടെ പരസ്യപ്രസ്താവന സംബന്ധിച്ച് ഉയർന്നുവന്ന തർക്കങ്ങൾ (ചുമതലപ്പെടുത്തിയില്ല, തന്നിഷ്ടം ചെയ്തതാണ്, എന്നിങ്ങനെ) ഈ വിഷയത്തിൽ ലളിത കുറ്റാരോപിതനെ സംരക്ഷിയ്ക്കാൻ, കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിൽ ജാഗരൂകയാണെന്നു കാണിക്കുന്നു.

 

സംഗീതനാടക അക്കാഡമി അധ്യക്ഷയുടെ പ്രവൃത്തികൾ സ്ത്രീകളുടെ, തൊഴിലിടങ്ങളിലെ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പടെ, സ്ത്രീ ഒരു വ്യക്തി എന്ന തരത്തിൽ ഇനിയും നേടിയെടുക്കേണ്ട, എല്ലാ സ്വാതന്ത്ര്യവാഞ്ഛ കളെയും പിറകോട്ടടിപ്പിയ്ക്കുന്നു. കോടതികളുടെ വിധികൾ നിലനിൽക്കെ പോലും സാമൂഹ്യവിരുദ്ധർ പ്രതിരോധിയ്ക്കുന്ന സ്ത്രീസ്വാതന്ത്ര്യത്തെ സാംസ്ക്കാരിക സ്ഥാപന മേധാവി കൂടി അതേ നാണയത്തിൽ പ്രതിരോധിക്കുന്നത് കേരളത്തിലെ കലാലോകത്തിനു താങ്ങാനാകാത്ത അപമാനമാണ്.

 

1958-ൽ രൂപീകരിച്ച സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് അവരോധിയ്ക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ എന്ന നിലയിൽ അവർക്കുള്ള ഉത്തരവാദിത്വം നിർവഹിച്ചില്ല എന്നു മാത്രമല്ല, ലളിതയുടെ ഇത്തരം നിലപാടുകൾ സ്ത്രീകൾക്ക് ഇത്തരം ഉത്തരവാദിത്വങ്ങൾ വഹിയ്ക്കാനുള്ള സാമൂഹ്യ ബോധം ഇല്ല എന്നമട്ടിലുള്ള സ്ത്രീ വിരുദ്ധ പ്രതികരണങ്ങൾക്കു കാരണമാകുകയും ചെയ്തു. സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സൻ സ്ഥാനം വഹിയ്ക്കാനുള്ള യാതൊരു യോഗ്യതയും ലളിതയ്ക്കില്ല എന്ന അഭിപ്രായം അവരുടെ സ്ഥാനാരോഹണ സമയത്തു തന്നെ ഞങ്ങൾ നാടകക്കാർ രേഖപ്പെടുത്തിയിരുന്നതാണ്. ആ സ്ഥാനത്തെത്തി ഇത്ര വർഷമായിട്ടും അക്കാദമിയുടെയോ കേരളത്തിലെ നാടകാദി കലകളുടെയോ വളർച്ചയ്ക്കോ വികാസത്തിനോ വേണ്ടി ഇവർ എന്തെങ്കിലും ചെയ്തതായും അറിവില്ല. മാത്രമല്ല സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിയ്ക്കുന്ന ലളിതക്ക്, കേരള കലകളെ കുറിച്ചു സാമാന്യ ജ്ഞാനം പോലും ഇല്ലാത്ത അവസ്ഥയും കലാലോകത്തിനു അപമാനമായി നിൽക്കുന്നു.

 

എല്ലാ തരം സ്ത്രീവിരുദ്ധ മനുഷ്യ വിരുദ്ധ പ്രവൃത്തികളെയും എതിർത്തുകൊണ്ട്, നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അതിജീവിച്ചവർക്കും നഷ്ടപ്പെട്ടവർക്കും ഒപ്പം നിൽക്കുക എന്നുള്ള നാടകിന്റെ നിലപാട് ഞങ്ങൾ ഇവിടെയും ഉയർത്തി പിടിയ്ക്കുന്നു. ഒരു സാംസ്ക്കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു കൊണ്ടു സമൂഹത്തിലെ സാംസ്കാരിക അപചയത്തിനു കുട പിടിക്കുന്നത് ധിക്കാരവും സാമൂഹിക ബോധമില്ലായ്മയും ആണ്. ലളിതയെ കേരള സംഗീത നാടക അക്കാഡമി അധ്യക്ഷ സ്ഥാനത്തു നിന്നും പിൻവലിച്ചു കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം എന്ന് നാടക് സർക്കാരിനോട് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജെ.ശൈലജയെ കൂടാതെ സംസ്ഥാന ഭാരവാഹികളായ വിനോദ് ഗാന്ധി, കെ.ബി ഹരി, ഷാബു കെ.മാധവൻ എന്നിവരും പങ്കെടുത്തു.