Open Space

13 Jun 2020 22:20 PM IST

VP Prabhas

ഇന്ത്യ - ചൈന സംഘർഷം : 1962 ൻ്റെ പാഠങ്ങൾ

ഇന്ത്യ - ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം രൂപപ്പെടുകയാണ്. 1962ലെ ചൈനീസ് ആക്രമണത്തിൻ്റെ അനുഭവങ്ങൾ മറക്കാൻ പാടുള്ളതല്ല. 62 ൻ്റെ ഉദ്വേഗജനകമായ ഉള്ളറ സംഭവങ്ങളെയും ആ പരീക്ഷണഘട്ടത്തിൽ ഇന്ത്യയെ രക്ഷിക്കാൻ എസ്.എ ഡാംഗേ നടത്തിയ സവിശേഷമായ ഇടപെടലുകളെയും കുറിച്ച് വി.പി പ്രഭാസ് എഴുതുന്നു.

അതിർത്തിയിൽ ഇപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല. ചൈനയുടെ പ്രകോപനങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കാനേ ഇന്ത്യൻ ഭരണകൂടത്തിന് കഴിയുന്നുള്ളൂ എന്നതാണ് വാസ്തവം. നരേന്ദ്ര മോദിയുടെ വിനാശകരമായ നയങ്ങൾ വിദേശ നയതന്ത്രത്തിലും നമ്മെ പരാജയപ്പെടുത്തുന്നു. ഇപ്പോൾ നടക്കുന്ന സൈനിക തലത്തിലും മറ്റുമുള്ള കൂടിക്കാഴ്ചകൾ സംഘർഷ ലഘൂകരണത്തിന് വഴിയൊരുക്കട്ടെ എന്ന് പ്രത്യാശിക്കാം.

 

സ്വതന്ത്രഭാരതത്തിന്റെ വിദേശനയം നെഹ്റുവിയൻ ലോകവീക്ഷണത്തിന്റേയും ഉൾക്കാഴ്ച്ചയുടെയും കൂടി അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. അയൽരാജ്യങ്ങളുമായി പ്രത്യേകിച്ച് ചൈനയുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ അദ്ദേഹം കരുതലെടുത്തിരുന്നു. നെഹ്റുവിൻറെ മുൻകൈയിൽ രൂപംകൊണ്ട 1954ലെ ‘പഞ്ചശീല കരാറും’, ‘ഹിന്ദി ചീനി ഭായ് ഭായ്'’ മുദ്രാവാക്യവും ഉയർത്തിയ ആവേശം പക്ഷേ, ഏറെ നാൾ നീണ്ടുനിന്നില്ല. ചൈനയിലെ അഭ്യന്തര സംഘർഷങ്ങളും നേതൃനിരയിൽ ഉണ്ടായ അധികാര വടംവലികളും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ ഇന്ത്യ-ചൈന ബന്ധം വഷളാകാൻ ഇടവരുത്തി. ചൈനയുടെ പ്രകോപനങ്ങൾ 1962ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു.

 

ടിബറ്റിന്റെ സ്വയംഭരണാവകാശത്തിന്മേൽ കടന്നുകയറ്റം നടത്തിയ ചൈന മനുഷ്യാവകാശങ്ങൾ ചവിട്ടി മെതിച്ചപ്പോൾ ടിബറ്റൻ ജനതയുടെ ആത്മീയ നേതാവും ഭരണാധികാരിയുമായിരുന്ന ദലൈലാമയ്ക്ക് 1958ൽ ഇന്ത്യയിൽ രാഷ്ട്രീയാഭയം പ്രാപിക്കേണ്ടി വന്നു. ഇത് ചൈനയെ ചൊടിപ്പിച്ചു എന്നുമാത്രമല്ല, ടിബറ്റിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹത്തെ സഹായിച്ചത് ഇൻഡ്യൻ ഗവൺമെന്റാണെന്നു കൂടി അവർ സംശയിച്ചു.

 

ആയിടക്ക് ഇന്ത്യയുടെ വടക്ക്-കിഴക്കൻ പ്രദേശങ്ങൾ ചൈനയുടെ അതിർത്തിക്കുള്ളിൽ രേഖപ്പെടുത്തികൊണ്ടുള്ള ഭൂപടങ്ങൾ ബെയ്ജിങിൽ നിന്നും വ്യാപകമായി പ്രചരിപ്പിക്കപ്പട്ടു. പ്രകോപനം ആയിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോൻ മനസ്സിലാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രശ്നത്തിൽ ഇടപെടുത്തുന്നതിന് അദ്ദേഹം ആലോചിച്ചു.

 

സിപിഐയുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന സുഹൃത്തുക്കളായ ഫിറോസ്ഗാന്ധി, എടത്തട്ട നാരായണൻ, ഡോ. കെ.എൻ.രാജ് തുടങ്ങിയവർ വഴി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടു. ചൈനയുടെ ഇത്തരം പ്രകോപനങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റുകളെ ബോധ്യപ്പെടുത്തണം. സിപിഐ ഈ ദൗത്യം ഏറ്റെടുക്കണമെന്നായിരുന്നു കൃഷ്ണമേനോൻ ആഗ്രഹിച്ചത്.

 

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട സിപിഐ നേതൃത്വം ചൈനീസ് പാർട്ടിയുമായി ആശയവിനിമയം നടത്തി. കമ്മ്യൂണിസ്റ്റ് പൂർവ്വ ചൈനയുടെ കാലത്ത് തയ്യാറാക്കിയ ഭൂപടങ്ങൾ ആണ് പ്രചരിക്കപ്പെടുന്നതെന്നും, അവ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല എന്നേയുള്ളൂ എന്നുമാണ് ഇന്ത്യൻ പാർട്ടി നേതൃത്വത്തെ അവർ ധരിപ്പിച്ചത്.

 

ചൈന അധികം വൈകാതെ തനിനിറം പുറത്തുകാട്ടി. എക്കാലവും ഈ തർക്കപ്രദേശങ്ങൾ ചൈനയുടെ ഭാഗമായിരുന്നു എന്നും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സമയത്ത് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും അവർ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. 1914ൽ വരച്ച മക്മോഹൻ രേഖ തങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ല എന്നായിരുന്നു ചൈനയുടെ നിലപാട്. അവരുടെ മുൻഗാമികളുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ട മണ്ണാണ് ഇതെന്നും ചൈനക്കാർക്ക് അതുകൊണ്ടുതന്നെ വൈകാരികമായി പ്രധാനപ്പെട്ടതാണെന്നും ആയിരുന്നു വാദങ്ങൾ.

 

ചൈനീസ് ഭരണകൂടം പക്വതയോടെ മാത്രമേ പെരുമാറൂ എന്നതായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ പ്രതീക്ഷ. ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്താൻ ശ്രമിച്ച പല സന്ദർഭങ്ങളിലും ഇന്ത്യ, ചൈനയുടെ രക്ഷയ്ക്കെത്തിയിരുന്നു. ടിബറ്റ് ചൈനയുടെ ഭാഗം തന്നെയെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതായിരുന്നു നെഹ്റുവിന്റെ വിശ്വാസത്തിന് അടിസ്ഥാനം.

 

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 1959 മേയ് മാസത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെയിലി’ നെഹ്റുവിനെ കടന്നാക്രമിച്ചു കൊണ്ടുള്ള മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചു. ഇവയിൽ ടിബറ്റിനേയും ഇന്ത്യ-ചൈന അതിർത്തിത്തർക്കങ്ങളേയും സംബന്ധിച്ച് ചൈനയുടെ സ്ഥിരം പല്ലവികൾ ആവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഒരു പടി കൂടി കടന്ന്, കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രദേശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന നെഹ്റു സാമ്രാജ്യത്വത്തിന് വേണ്ടി വിടുപണി ചെയ്യുകയാണെന്നും ആരോപിച്ചു.

 

സിപിഐയുടെയും, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള മറ്റ് സഹോദര പാർട്ടികളുടെയും മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമായിരുന്നു നെഹ്റുവിനെ കുറിച്ചുള്ള പുത്തൻ വിലയിരുത്തൽ.

 

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് മാറ്റത്തിൽ അപകടം മണത്ത സി.പി.ഐ നേതൃത്വം പ്രശ്നപരിഹാരത്തിനുള്ള വഴികൾ ആരായുന്നതിന് അജയഘോഷിനെയും ഭൂപേഷ് ഗുപ്തയെയും മോസ്കോയിലേക്കും തുടർന്ന് ബെയ്ജിങ്ങിലേക്കും അയച്ചു. സോവിയറ്റ് നേതാക്കളായ ക്രൂഷ്ചേവ്, സുസ്ലോവ് തുടങ്ങിയവരുമായും ചൈനയിൽ സാക്ഷാൽ മാവോ സെ-തുങുമായും ഇവർ ചർച്ചകൾ നടത്തി.

 

ഇന്ത്യയിൽ മടങ്ങിയെത്തിയ അജയഘോഷ് പാർട്ടി മുഖപത്രമായ ‘ന്യൂ ഏജ് ‘ ന് നൽകിയ അഭിമുഖത്തിൽ, ചെയർമാൻ മാവോ നൽകിയ ഉറപ്പിനെപ്പറ്റി വിശദീകരിച്ചു. പരസ്പര വിശ്വാസത്തോടെ തർക്കപ്രശ്നങ്ങൾ പരിഹരിക്കാ മെന്നും ‘യാങ്ത്സിയും ഗംഗയും’ ഒഴുകുന്ന കാലത്തോളം ഇന്ത്യാ-ചൈന സൗഹൃദം അഭംഗുരം തുടരുമെന്നും മാവോ ഉറപ്പുനൽകിയതായി അജയഘോഷി നെ ഉദ്ധരിച്ച് പാർട്ടി മുഖപത്രം റിപ്പോർട്ട് ചെയ്തു.

 

അജയഘോഷിന്റെ ഇന്റർവ്യൂ അച്ചടിച്ച ന്യൂ ഏജിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയ ദിവസം, 1959 ഒക്ടോബർ 21 ന് അതിർത്തിയിൽ നിന്നും ലഭിച്ച വാർത്ത ഒട്ടും സുഖകരമായിരുന്നില്ല. ലഡാക്കിൽ ഒൻപത് ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആക്രമിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. സിപിഐ നേതൃത്വം ചൈനീസ് പാർട്ടിയോട് ഇതേപ്പറ്റി വിശദീകരണം തേടി. ചൈനീസ് ന്യൂസ് ഏജൻസി സിൻഹുവയുടെ റിപ്പോർട്ടിന്റെ പകർപ്പാണ് മറുപടിയായി കിട്ടിയത്. അതിർത്തിയിൽ ചൊരിഞ്ഞ ചോരയ്ക്കും നഷ്ടപ്പെട്ട ജീവനും ദുഃഖം രേഖപ്പെടുത്തണമെന്ന സിപിഐ യുടെ ആവശ്യവും ചൈനീസ് പാർട്ടി നിരാകരിച്ചു.

 

1956ലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം കോൺഗ്രസ്, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലോകസമാധാനത്തിനും വേണ്ടി നെഹ്റുവിന്റെ ഇന്ത്യയുമായി ഐക്യപ്പെട്ട് പ്രവർത്തിക്കുന്നതി ന് തീരുമാനമെടുത്തിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കുന്നതിന്റെ സാംഗത്യം പോലും അവർ ചോദ്യം ചെയ്തു. മാവോ സേ-തൂങിന്റെ സാന്നിധ്യത്തിലാണ് ഒരിക്കൽ ല്യൂ ഷാവോചി അജയഘോഷിനോടും ഭൂപേഷ് ഗുപ്തയോടും ഈ ചോദ്യം ഉന്നയിച്ചത് എന്നോർക്കണം.

 

1958 ആയപ്പോഴേക്കും എല്ലാം കീഴ്മേൽ മറിഞ്ഞു. ‘മുന്നോട്ടുള്ള വൻ കുതിച്ചുചാട്ടം’ ചൈനയെ ആകെ താറു മാറാക്കി. സോവിയറ്റ് യൂണിയനെക്കാൾ വേഗം സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമുള്ള ചൈനീസ് കാഴ്ചപ്പാടുകൾ അടിമുടി മാറുകയായിരുന്നു.

 

1960 ഏപ്രിൽ 22, ലെനിന്റെ തൊണ്ണൂറാം ജന്മവാർഷികം ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഘോഷത്തിന്റെ ദിനമായിരുന്നു. അന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ, ‘ലെനിനിസം നീണാൾ വാഴുക’ എന്നപേരിൽ ഒരു ലഘുലേഖ പ്രസിദ്ധപ്പെടുത്തി. അവരുടെ തന്നെ മുൻ നിലപാടുകളെ പാടെ തള്ളിപ്പറയുന്നതും സാമ്രാജ്യത്വം, വിപ്ലവപാത, ലോകസമാധാനം, യുദ്ധം, സായുധസമരം എന്നിവയെല്ലാം സംബന്ധിച്ച ഏറ്റവും വികലമായ കാഴ്ചപ്പാടുക ൾ മുന്നോട്ടു വയ്ക്കുന്നതുമായിരുന്നു ആ ലഘുലേഖ. സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പാത എന്നത് വെറുമൊരു സ്വപ്നമാണെന്നും സായുധസമരം മാത്രമാണ് യഥാർത്ഥ വിപ്ലവത്തിലേക്കുള്ള മാർഗ്ഗമെന്നും അവർ വാദിച്ചു. തൊഴിലാളിവർഗ്ഗത്തിന്റെ മുൻകൈയിൽ കമ്യൂണിസ്റ്റുകൾ നയിക്കുന്ന മുന്നണികൾ മാത്രമേ യഥാർത്ഥ മുന്നണികൾ ആകൂ. സാമ്രാജ്യത്വം നിലനിൽക്കുന്നിടത്തോളം ലോകയുദ്ധം എന്നത് അനിവാര്യമാണെന്നും യുദ്ധത്തിൽ മനുഷ്യരാശിയുടെ നേർപകുതി തന്നെ ഇല്ലാതായാലും സാമ്രാജ്യത്വം തുടച്ചു നീക്കപ്പെടും, അവശേഷിക്കുന്നവർ സോഷ്യലിസത്തിന്റെ പാതയിൽ സുഖമായി ജീവിക്കും. ആറ്റം ബോംബ് വെറും കടലാസ് പുലിയാണ്. സാമ്രാജ്യത്വത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. വിപ്ലവം വിജയത്തിലേക്ക് അടുക്കുന്നു. ലെനിൻ പറഞ്ഞിട്ടുള്ളത് എല്ലാം അക്ഷരംപ്രതി ശരിയും ആത്യന്തിക സത്യവുമാകുന്നു, അതിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും പ്രതിവിപ്ലവമാണ്’ എന്നെല്ലാമായിരുന്നു ചൈനീസ് ലഘുലേഖ പറയാൻ ശ്രമിച്ചത്.

 

മാർക്സിസം-ലെനിനിസത്തിനെതിരെയുള്ള മാവോയിസ്റ്റ് കടന്നാക്രമണമായി ചൈനീസ് നീക്കങ്ങളെ ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ.ഡാംഗേ ആയിരുന്നു. ഇന്ത്യയിലെ പാർട്ടി ഒറ്റക്കെട്ടായി അപകടകരമായ ചൈനീസ് നീക്കങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അവരുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ കാര്യത്തിൽ.

 

പിൽക്കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് നേതൃത്വം നൽകിയ വിഭാഗം അവരുടെ ആരാധനാമൂർത്തിയായ മാവോ സെ-തുങിന്റ പാർട്ടിക്ക് തെറ്റുപറ്റും എന്ന് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. അതിർത്തി സംബന്ധമായ ചൈനീസ് അവകാശവാദങ്ങൾ ശരിയാണെന്നു സമർത്ഥിക്കുന്നതിന് പുരാരേഖകളും ഭൂപടങ്ങളും വരെ അവർ ഹാജരാക്കി. ചൈനീസ് കമ്യൂണിസ്റ്റുകൾ ഒരിക്കലും ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറില്ലെന്നും, അതേസമയം സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്ന ഇന്ത്യൻ ബൂർഷ്വാ ഭരണകൂടം ചൈനയുടെ പ്രദേശം കയ്യേറാൻ മടിക്കില്ലെന്നും പി.സുന്ദരയ്യയുടെ നേതൃത്വത്തിൽ വാദിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാർവ്വ ദേശീയ തൊഴിലാളിവർഗ്ഗ കടമ നിർവഹിക്കാൻ ചൈനയോടൊപ്പമാണ് നിൽക്കേണ്ടതെന്നും അതിൻറെ പേരിലുള്ള പ്രത്യാഘാതങ്ങൾ ഭയക്കേണ്ടതില്ലാ എന്നുമുള്ള കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ബി.ടി.രണദിവെ, ബസവപുന്നയ്യ, പ്രമോദ് ദാസ്ഗുപ്ത, ഹർകിഷൻ സിംഗ് സുർജിത് തുടങ്ങിയവർ സുന്ദരയ്യയുടെ നിലപാടിനെ പിന്തുണച്ചു.

 

എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അജയഘോഷ് സുന്ദരയ്യയുടെ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. ഇന്ത്യക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും രാജ്യത്തിൻറെ ഭൂഭാഗങ്ങളിൽ കടന്നു കയറാൻ ശ്രമിക്കുകയും ചെയ്യുന്നത് ചൈനയാണെന്നും, ഈ വിഷയത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതും ചൈനീസ് നിലപാടുകളെ വിമർശിച്ചുകൊണ്ടുള്ളതുമായ ഒരു കത്ത് ചൈനീസ് നേതൃത്വത്തിന് നൽകണമെന്നുമുള്ള അജയഘോഷിന്റെ അഭിപ്രായം പാർട്ടി അംഗീകരിച്ചു. ഈ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്കുള്ള നിർദ്ദേശവും സിപിഐ മുന്നോട്ടു വച്ചു.

 

അധികം താമസിയാതെ മോസ്കോയിൽ നടന്ന കമ്യൂണിസ്റ്റ് & വർക്കേഴ്സ് പാർട്ടികളുടെ ലോകസമ്മേളനത്തിൽ സിപിഐയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അജയഘോഷ് ഇന്ത്യാ-ചൈനാ തർക്കം അവിടെ അവതരിപ്പിച്ചു. ചൈനീസ് പ്രതിനിധിസംഘത്തിന്റെ നേതാവ് ഷൗ എൻലായ് ആയിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും, അവിടെ പങ്കെടുത്ത മിക്കവാറും എല്ലാ പാർട്ടികളും തന്നെ സിപിഐ നിലപാടിനെ പിന്തുണച്ചു. അജയഘോഷിന്റെ വാദമുഖങ്ങൾക്ക് മുന്നിൽ ചൈനീസ് പ്രതിനിധികൾക്ക് മുട്ടുമടക്കേണ്ടി വന്നു. ഒടുവിൽ, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഷൗഎൻലായ് ഇന്ത്യയിലേക്ക് വരാമെന്ന് ധാരണയിലെത്തി. ഒരിക്കലും മക്മോഹൻ രേഖ അംഗീകരിക്കില്ലെങ്കിലും ചൈനീസ് സൈന്യം ഈ രേഖ മറികടക്കുകയില്ല എന്നും അവർ സമ്മേളനത്തിന് വാക്കുകൊടുത്തു.

 

അങ്ങിനെ ചൈനീസ് പ്രധാനമന്ത്രി ഷൗഎൻലായ് വീണ്ടും ഇന്ത്യയിലേക്ക് വന്നു. ആറ് വർഷങ്ങൾക്കു മുമ്പ്, 1954ൽ പഞ്ചശീല കരാർ ഒപ്പുവച്ചശേഷം നടത്തിയ സന്ദർശനവേളയിലെ സൗഹാർദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും അന്തരീക്ഷം എങ്ങും കാണാനില്ലായിരുന്നു. അതിർത്തി സംബന്ധമായ ചൈനീസ് നിലപാടുകളിൽ അനുനയത്തിന് തയ്യാറായില്ലെങ്കിലും മക്മോഹൻരേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സേന കടന്നുകയറില്ല എന്ന് ഷൗ എൻലായ് ജവഹർലാൽ നെഹ്റുവിന് ആവർത്തിച്ച് ഉറപ്പുനൽകി. അതിനു തൽക്കാലത്തേക്കെങ്കിലും ഫലമുണ്ടാവാതെയുമിരുന്നില്ല. അടുത്ത രണ്ടു വർഷങ്ങൾ അതിർത്തിയിൽ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.

 

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് പില്ക്കാലത്ത് ഇറങ്ങിപ്പോയി പാർട്ടിയെ പിളർപ്പിലേക്ക് നയിച്ച കൂട്ടർ ഇക്കാലയളവിൽ പാർട്ടിക്കുള്ളിൽ ഒരു വിമത വിഭാഗം പോലെ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ചൈനയുമായി നേരിട്ടുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ അവർക്കായി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കങ്ങളും ശക്തിപ്പെട്ടു.

 

അജയഘോഷ് സിപിഐ ആസ്ഥാനത്ത് നടത്തിയ തൻറെ ഒടുവിലത്തെ പത്രസമ്മേളനത്തിൽ ചൈനീസ് നിലപാടുകളെ കടന്നാക്രമിച്ചു. മാർക്സിസത്തിന്റെ കുത്തക തങ്ങൾക്കാണെന്നും ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്താൻ മറ്റാരെക്കാളും യോഗ്യർ തങ്ങളാണെന്നുമുള്ള ചൈനീസ് നാട്യങ്ങൾ വക വച്ചുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. ‘സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്ന വൻകിട ബൂർഷ്വാസിയേയും ഭൂവുടമകളേയും പ്രതിനിധീകരിക്കുന്നതാണ് ഇന്ത്യൻ ഭരണകൂടമെന്നും സാമ്രാജ്യത്വത്തിന്റ പിണിയാളാണ് നെഹ്റു’ എന്നുമുള്ള ചൈനീസ് വിശകലനങ്ങളെ അജയഘോഷ് പരസ്യമായി തള്ളിപ്പറഞ്ഞു.

 

1962 ജനവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് അജയഘോഷ് മരണമടഞ്ഞു. അജയഘോഷിന് ശേഷം സ്വാഭാവികമായും സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നത് എസ്.ഏ.ഡാംഗേ ആയിരുന്നു. എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് ഒരു വിഭാഗം മുന്നോട്ടുവച്ചു. ഈ നിർദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പാർട്ടി പിളർക്കും എന്ന ഒരു ഭീഷണിയും ഒപ്പമുണ്ടായിരുന്നു. അങ്ങനെ പാർട്ടിയിൽ ഐക്യം നിലനിർത്തുന്നതിനു വേണ്ടി ഇഎംഎസ് നമ്പൂതിരിപ്പാട് ജനറൽ സെക്രട്ടറിയും എസ്.ഏ.ഡാംഗേ ചെയർമാനുമായി തീരുമാനിക്കപ്പെട്ടു.

 

ആ കാലത്ത്, ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം ഒഴിഞ്ഞ നാളുകൾ വിരളമായിരുന്നു. ചെറിയ ചെറിയ പ്രകോപനങ്ങൾ ഇന്ത്യ അവഗണിച്ചു തള്ളി. 1962 ഒക്ടോബർ 20ന് അപ്രതീക്ഷിതമായി ചൈനീസ് പട്ടാളം ഇന്ത്യൻ മണ്ണിലേക്ക് ഇരച്ചുകയറി. അങ്ങനെ ഇന്ത്യ- ചൈന യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടു.

 

സ്വാഭാവികമായും ഇന്ത്യയിലാകെ ചൈന വിരുദ്ധവികാരം ആളിപ്പടർന്നു. ഈ ഘട്ടത്തിൽ സോവിയറ്റ് യൂണിയൻ എന്തു നിലപാട് എടുക്കുമെന്ന് ലോകം ഉറ്റു നോക്കുകയായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ‘പ്രാവ്ദ’ 1962 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ നിരാശപ്പെടുത്തി. ഇന്ത്യൻ മണ്ണിൽ നിന്ന് പിന്മാറാൻ ചൈനയോട് ആവശ്യപ്പെടുന്നതിനു പകരം ഇരുരാജ്യങ്ങളും തർക്കങ്ങൾ പരസ്പരം ചർച്ചചെയ്ത് പരിഹരിക്കണം എന്ന ആഹ്വാനമായിരുന്നു അതിൽ. ചൈനയെ ഒരു സഹോദര രാഷ്ട്രമായി കണ്ടപ്പോൾ ഇന്ത്യയെ സുഹൃത്തായി മാത്രം ആണ് പ്രാവ്ദ വിശേഷിപ്പിച്ചത്.

 

രാജ്യത്തിനകത്തെ വലത് പിന്തിരിപ്പൻ ശക്തികളെയും സിപിഐയ്ക്കുള്ളിലെ ചൈനീസ് അനുകൂല പക്ഷത്തെയും പ്രാവ്ദ മുഖലേഖനം ഒരുപോലെ ആവേശം കൊള്ളിച്ചു. കടുത്ത നെഹ്റു വിരോധം ഈ രണ്ടു കൂട്ടരേയും ഒന്നിപ്പിക്കുന്ന പ്രധാന ഘടകമായിരുന്നു. ജവഹർലാൽനെഹ്റു ആണ് യുദ്ധത്തിന് കാരണക്കാരൻ എന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആണ് അവർ ഇഷ്ടപ്പെട്ടത്. വീണുകിട്ടിയത് ‘മുഖ്യശത്രു’ വിനെ തുറന്നുകാട്ടാനും ദുർബലപ്പെടുത്താനു മുള്ള ഒരു അവസരമായി  ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചൈനയെ അനുകൂലിച്ച പക്ഷം കണ്ടു.

 

ചൈനീസ് ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഈഎംഎസ് പാർട്ടി ആസ്ഥാനത്ത് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. പാർട്ടി ചെയർമാൻ എസ്ഏ ഡാംഗേ ഡൽഹിയിൽ തന്നെ ഉണ്ടായിരുന്നെങ്കിലും പത്രസേമ്മളനം ഏർപ്പാടാക്കിയവിവരം ഡാംഗേ അറിഞ്ഞില്ല..

 

ചൈനീസ് അധിനിവേശം ഉണ്ടായോ എന്ന പത്രപ്രതിനിധികളുടെ ചോദ്യത്തിന് ഇഎംഎസ് നൽകിയ മറുപടി, പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാൻ ശത്രുപക്ഷത്തുള്ളവർ ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. ‘ചൈനീസ് സൈന്യം കടന്നുകയറിയ ഭൂപ്രദേശം അവർ അവരുടേത് എന്ന് കരുതുന്നതായതിനാൽ അധിനിവേശത്തിന്റെ പ്രശ്നമില്ല. ഇന്ത്യ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടേത് എന്ന് കരുതുന്ന പ്രദേശമാണ്. അതുകൊണ്ട് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇല്ല, കടന്നുകയറ്റം.’ ഇഎംഎസ് നമ്പൂതിരിപ്പാട് ഇന്ത്യയുടേയും ചൈനയുടേയും ഭാഗങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിനിടയിലാണ് ഡാംഗേ കടന്നു വരുന്നത്. ‘തർക്ക പ്രദേശത്തെ പറ്റി താങ്കൾക്കെന്താണ് അഭിപ്രായം?’ സ്വതസിദ്ധമായ പരിഹാസ ശൈലിയിൽ ഡാംഗേ ഈഎംഎസിനോട് പരസ്യമായി ചോദിച്ചു.

 

പത്രസമ്മേളനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് തിടുക്കപ്പെട്ട് എത്തുകയായിരുന്നു ഡാംഗേ. ഡാംഗേയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ ഇഎംഎസ് കുഴങ്ങിയപ്പോൾ ഡാംഗേ ഇങ്ങനെ പ്രസ്താവിച്ചു, ‘ചൈന ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു, ഇന്ത്യൻ ഭൂപ്രദേശം കൈവശപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ പ്രതിരോധിക്കാനും ചൈനീസ് പടയെ തുരത്താനുമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ആഹ്വാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുന്നു. തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ തത്വങ്ങളും ലോകസമാധാനവും മുറുകെ പിടിക്കുന്നതിൽ ചൈന പരാജയപ്പെട്ടു. എന്നുമാത്രമല്ല മക്മോഹൻ രേഖ ലംഘിച്ച് ഇന്ത്യയിൽ കടന്നുകയറില്ല എന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചൈന നൽകിയ വാഗ്ദാനവും പാഴായിരിക്കുന്നു.

 

ഡാംഗേയുടെ സമയോചിതമായ ഈ ഇടപെടലും പ്രസ്താവനയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്നീടിങ്ങോട്ടുള്ള നിലനിൽപ്പിനെത്തന്നെ സഹായിച്ച ഘടകങ്ങളിൽ ഒന്നായി വിലയിരുത്തുന്നതിൽ തെറ്റില്ല.

 

ചടുലമായനീക്കങ്ങളാണ് ഡാംഗേ തുടർന്നു നടത്തിയത്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ലോകത്തെ മറ്റ് പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വവുമായി അദ്ദേഹം ബന്ധപ്പെട്ടു. ഇന്ത്യാ-ചൈന തർക്കത്തിന്റേയും ചൈനയുടെ വഞ്ചനയുടെയും പിന്നിലുള്ള വസ്തുതകൾ അവരെയെല്ലാം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രാവ്ദയുടെ മുഖപ്രസംഗത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടിച്ചില്ല. അധികം താമസിയാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ യോഗം കൂടി ഡാംഗേയുടെ നിലപാടിനെ പൂർണമായും ശരിവെച്ചു.

 

ഡാംഗേയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ഇടപെടലുകൾ സോവ്യറ്റ് യൂണിയന്റെ മനംമാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ചൈനയുടെ ഇന്ത്യൻ അധിനിവേശത്തെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രാവ്ദ മുഖപ്രസംഗമെഴുതി. നെഹ്റുവിൻറെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളെ പുകഴ്ത്തുകയും സോവിയറ്റ് യൂണിയൻ്റെയും ലോകസമാധാനത്തിൻ്റെയും ഉറ്റതോഴനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നും ചൈനീസ് പട്ടാളം പിന്മാറണമെന്നും പ്രാവ്ദ ആവശ്യപ്പെട്ടു.

 

ക്രൂഷ്ചേവ് നേരിട്ട് മാവോയേയും ഷൗഎൻ ലായിയേയും ബന്ധപ്പെട്ട് ഇന്ത്യയിൽനിന്ന് സൈന്യത്തെ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, സോവിയറ്റ് നിർദ്ദേശം അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ ചൈനയ്ക്കുള്ള ഇന്ധന വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ഉണ്ടായി. സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിവരങ്ങൾ യഥാസമയം സിപിഐ നേതൃത്വത്തിന് കൈമാറുകയും ചെയ്തു.

 

സോവ്യറ്റ് യൂണിയന്റെ പിന്തുണ നെഹ്റുവിന് കരുത്ത് പകർന്നു.1962 നവംബർ 20ന് ആൾ ഇന്ത്യാ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു ഇങ്ങനെ പ്രസ്താവിച്ചു, ‘വലിയതോതിലുള്ള ചൈനീസ് സൈനിക വ്യൂഹം രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലൂടെ മാർച്ചു ചെയ്യുകയാണ്. നമുക്ക് ചിലയിടങ്ങളിൽ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. പക്ഷേ, കടന്നുകയറ്റക്കാരെ തുരത്തി ഓടിക്കാതെ നമുക്കിനി വിശ്രമമില്ല.’

 

അപ്പോഴേക്കും, അതിർത്തി കടന്നെത്തിയ ചൈനീസ് സേന വടക്ക്-കിഴക്ക് ഇന്ത്യൻ മണ്ണിൽ ഒരുപാട് ഉള്ളിലേക്ക് മുന്നേറിക്കഴിഞ്ഞിരുന്നു. തവാങിലേയും, ബോംദിലയിലേയും സൈനിക പോസ്റ്റുകൾ തകർത്തുകൊണ്ട് ആസ്സാമിൽ ബ്രഹ്മപുത്രയുടെ വടക്കേ തീരത്ത് തേസ്പൂർ പട്ടണംവരെ വന്നു കഴിഞ്ഞു, ചൈനീസ് പട്ടാളം. എന്നാൽ, ശത്രുസൈന്യം എത്തും മുമ്പ് തന്നെ തേസ്പൂരിലെ ജനങ്ങളെയാകെ ഒഴിപ്പിച്ച് ബ്രഹ്മപുത്രയുടെ മറുകരയിലെത്തിച്ചിരുന്നു.

 

ക്രംലിനിൽ നിന്നുമുള്ള മുന്നറിയിപ്പ് ഫലം ചെയ്തു എന്നു വിശ്വസിക്കാം. യുദ്ധം തുടങ്ങി ഒരു മാസവും ഒരു ദിവസവും പിന്നിട്ടപ്പോൾ നവംബർ 21ന് ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ഇന്ത്യൻ മണ്ണിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു.

 

മൂന്നാം ലോകരാജ്യങ്ങളുടെ അനിഷേധ്യ നേതൃസ്ഥാനത്തേക്കെത്തിക്കഴിഞ്ഞ നെഹ്റുവിനെ ഒന്ന് ചെറുതാക്കണമെന്ന് ചൈന ആഗ്രഹിച്ചിരുന്നു. അതിൽ അവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. യുദ്ധം സമ്മാനിച്ച കയ്പേറിയ അനുഭവങ്ങൾ അവസാനം വരെ നെഹ്റുവിനെ വേട്ടയാടി.

 

അനുകരിക്കാൻ കൊള്ളാവുന്ന കമ്മ്യൂണിസ്റ്റ് മാതൃകയല്ല ചൈന എന്ന് അവർ പലവുരു തെളിയിച്ചുകഴിഞ്ഞു. 1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ വിനാശകരമായ പിളർപ്പിനും അതുവഴി രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കും വഴിവെച്ചത് ചൈനയുടെ സ്വാധീനമായിരുന്നു. ചൈനയുടെയും വടക്കൻ കൊറിയയുടെയും മാതൃകയിൽ ഇപ്പോഴും വിശ്വാസം അർപ്പിക്കുന്നവർ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

 

ഇന്നിപ്പോൾ സോവിയറ്റ് യൂണിയൻ തന്നെ ശിഥിലമായി. ഇന്ത്യൻ ഭരണത്തിലും താൽക്കാലികമായെങ്കിലും വലതു പിന്തിരിപ്പൻ ശക്തികൾ മേൽക്കൈ നേടിയിരിക്കുന്നു. ലോക ശാക്തികചേരികൾ അപ്പാടെ മാറിക്കഴിഞ്ഞു. ചൈനയുടെ ഒരിക്കലും അവസാനിക്കാത്ത ‘അതിരുകടക്കാനുള്ള മോഹങ്ങൾ’ ഇന്ത്യയ്ക്ക് എന്നും ഭീഷണി തന്നെയായിരിക്കും. ‘ചങ്കിലെ ചൈന’യുടെ ഉള്ള് അറിഞ്ഞില്ലെങ്കിൽ ഉയിരുകാക്കാൻ നാം പാടുപെടും എന്നർത്ഥം.


VP Prabhas