Columns

31 Jul 2020 19:45 PM IST

Geetha

പ്രണയികളുടെ കുരുതി കോളിവുഡ്ഡിൽ

കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ തമിഴ് സിനിമകളിൽ പ്രണയവും പ്രണയനിരോധനവും ആവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്നാണ് വെള്ളിവിഴായുടെ ഈ ലക്കത്തിൽ ഗീത അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറങ്ങിയ തമിഴ് സിനിമകൾ ഏറ്റവും നല്ല പ്രണയ സിനിമകളും പ്രണയ ഗാനങ്ങളും കൊണ്ടു സമ്പന്നമാണ്. അവയിൽ പലതും പ്രണയങ്ങളുടെ മാത്രമല്ല, പ്രണയ നിരോധനങ്ങളുടെയും കഥയായി മാറി. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ പുറത്തിറങ്ങിയ ഏഴു തമിഴ് സിനിമകളാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്.

 

ചേരൻ്റെ 'ഭാരതി കണ്ണമ്മ' (1997) ഭാരതിയുടെയും കണ്ണമ്മയുടെയും തീവ്ര പ്രണയത്തിൻ്റെ സിനിമയാണ്. വെള്ളെ സാമി തേവരുടെ ഏകമകളാണു കണ്ണമ്മ. അവരുടെ വീട്ടിലെ അടിയാളനാണ് ഭാരതി. ദരിദ്രനും ദളിതനുമായ ഭാരതിയും ധനികയും സവർണയുമായ കണ്ണമ്മയും ബാല്യം തൊട്ടേ കളിച്ചു വളർന്നവരാണ്. കണ്ണമ്മ വയസ്സറിയിച്ചപ്പോൾ അവൾക്കു മാറിയിരിക്കാനുള്ള ഓലപ്പുര കെട്ടിക്കൊടുക്കുന്നതു ഭാരതിയാണ്. ഏതു ഘട്ടത്തിലും കണ്ണമ്മക്കു വേണ്ട എന്തും ഒരുക്കിക്കൊടുക്കുന്നതു ഭാരതിയാണെന്നു കാണാം. അവളെ ആരും ആക്രമിക്കാതെ കാത്തു പോരുന്നതിലും അയാൾ ജാഗ്രതയുള്ളവനാണ്. അവളുടെ വീട്ടിലെ വണ്ടിക്കാരൻ മാത്രമല്ല അയാൾ. എല്ലാ അർഥത്തിലും വിശ്വസ്തനായ ദാസൻ കൂടിയായിരുന്നു.

 

അവർ തമ്മിലുള്ളതു കേവല സൗഹൃദമായിരുന്നില്ല. ആഴത്തിൽ വേരൂന്നിയ ആത്മബന്ധമായിരുന്നു. എല്ലിന്മേൽ പിടിച്ച ഒരു തരം ഹൃദയബന്ധം. ആ തീവ്ര പ്രണയത്തെ തിരിച്ചറിയുകയും അതു ഭാരതിയെ അറിയിക്കുകയും ചെയ്യുന്നുണ്ടു കണ്ണമ്മ. അവനെക്കൂടാതെ അവൾക്കു ജീവിക്കാൻ കഴിയില്ലെന്ന സത്യം. എന്നാൽ ചങ്ങമ്പുഴയുടെ രമണനെപ്പോലെ തങ്ങൾക്കിടയിലെ വ്യത്യാസങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയാണ് ഭാരതി. എന്നാൽ ഭാരതിക്കുള്ളിലും തന്നോട് ഇതേ സ്നേഹമുണ്ടെന്നു കണ്ണമ്മ പറയുന്നു. അതവനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.തങ്ങൾക്കിടയിലെ ജാതി വ്യത്യാസം പരിഹരിക്കാനാകാത്ത പ്രശ്നമാണെന്നു ബോധ്യപ്പെടുത്താൻ ഭാരതി എപ്പോഴും ശ്രമിച്ചു. പക്ഷേ കണ്ണമ്മയുടെ പ്രണയം അതിനപ്പുറത്തേക്കു പോയിക്കഴിഞ്ഞിരുന്നു.

 

ഇതറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമാവുകയും പതിവുപോലെ മറ്റൊരു വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. പുടവ കത്തിച്ച് കണ്ണമ്മ ശകുനം മുടക്കുകയും ആൺവീട്ടുകാർ പിൻവാങ്ങുകയും ചെയ്തു. പക്ഷേ ഭാരതി കണ്ണമ്മയെ തന്നിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരുന്നു. കാരണം അവർക്കൊരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്ന രണ്ടു തെളിവുകൾ സിനിമ തന്നെ മുമ്പോട്ടുവെച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് മായനെ ഊരുവിലക്കുന്ന രംഗമാണ്. ജാതി മാറി പ്രണയിച്ച് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചതിനാണ് അവർ അപമാനിക്കപ്പെടുകയും മർദിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തത്. രണ്ടാമത്തേതാകട്ടെ ഭാരതിയുടെ അരുമ സഹോദരി പേച്ചിയെ പ്രണയിച്ച സവർണനായ ചെറുപ്പക്കാരന് അവളെ വിവാഹം ചെയ്യാനുള്ള ഇഷ്ടം തുറന്നു പറഞ്ഞതോടെ അവിടം വിട്ടു പോകേണ്ടി വന്നതാണ്. ജാതിയുടെ മഹത്വവും കുടുംബാഭിമാനവും സംരക്ഷിക്കാൻ ഈ ദൗത്യം ഏറ്റെടുത്തത് നാട്ടിലെ പ്രമാണിയായ വെള്ളൈ സാമി തേവർ തന്നെയായിരുന്നു. ജാതി മാറി പ്രണയിച്ചാൽ മകളായാലും ജീവിക്കാനനുവദിക്കില്ലെന്ന സന്ദേശം വാച്യമായിത്തന്നെ അയാൾ നല്കുന്നുമുണ്ട്. തേവരുടെ വിശ്വസ്തനായ അടിയാളനെന്ന നിലക്ക് ഇതിനെ ലംഘിച്ച് കണ്ണമ്മയോടുള്ള ഇഷ്ടം പരസ്യപ്പെടുത്തുന്നത് നന്ദികേടാണെന്നു ആവർത്തിച്ചുകൊണ്ടിരിക്കുന്നവനാണ് ഭാരതി. ഇതൊരു തരം ആത്മവഞ്ചനയാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം കണ്ണമ്മ തുടരുകയും ചെയ്തു. അവൾക്ക് അവനെക്കൂടാതെ ജീവിക്കാൻ കഴിയാത്തതുപോലെ അവനും അവളെക്കൂടാതെ ജീവിക്കാൻ കഴിയില്ലെന്നു കണ്ണമ്മക്കു വ്യക്തമായി അറിയാമായിരുന്നു.

 

തേവരുടെ അമ്മ രോഗശയ്യയിലായതോടെ പ്രശ്നങ്ങൾ മൂർഛിച്ചു. അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് കണ്ണമ്മയുടെ വിവാഹം. അതു നടത്തിക്കൊടുക്കാൻ തന്നെ തേവരു നിശ്ചയിച്ചു. അതിനുള്ള ഒരുക്കങ്ങളുടെ മുമ്പിൽ ഭാരതി തന്നെയായിരുന്നു. വിവാഹത്തലേന്നു രാത്രി പേച്ചി ഭാരതിയോട് കണ്ണമ്മയുടെ സ്നേഹത്തെപ്പറ്റി പറയുന്നു. അവളുടെ പ്രണയത്തോടു മുഖം തിരിക്കരുതെന്നു സഹോദരനോടവൾ ശാസനാപൂർവം ആവശ്യപ്പെടുന്നു. പല പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഭാരതി കണ്ണമ്മയുടെ അടുത്തേക്കു കുതിക്കുന്നു. പക്ഷേ അപ്പോഴേക്ക് അവൾ ആത്മഹത്യ ചെയ്തിരുന്നു. അവളുടെ കാൽക്കൽ കരഞ്ഞു വന്ദിക്കുകയും അവളുടെ ചിതയിൽച്ചാടി ജീവനൊടുക്കുകയും ചെയ്യുന്നു ഭാരതി. മരണത്തിൽ അവർ ഒരുമിക്കുന്നു.

 

വർഷങ്ങൾക്കു ശേഷം പേച്ചിയെയും സവർണനായ ഭർത്താവിനെയും അവരുടെ മക്കളെയും സ്വന്തം മക്കളെയും പേരക്കുട്ടികളെയുമെന്നപോലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന വൃദ്ധനായ തേവരിലാണ് സിനിമ അവസാനിക്കുന്നത്. ഭാരതിയുടെയും കണ്ണമ്മയുടെയും പ്രണയബലി തേവരുമാരുടെ ജാത്യാഭിമാനത്തെയും കുടുംബ മഹിമകളെയും തിരുത്തുന്നുവെന്നതാണു ചേരൻ്റെ ഭാരതി കണ്ണമ്മയുടെ സ്വപ്നം.

 

പാർഥിപൻ്റെയും മീനയുടെയുടെയും ഇന്ദുവിൻ്റെയും അഭിനയം മെച്ചപ്പെട്ടതാണ്. ശിവാജി ഗണേശനെ അനുസ്മരിപ്പിക്കുന്ന അഭിനയമായിരുന്നു വിജയകുമാറിൻ്റെ തേവർ. ഉസിരൈ എന്ന പേരിൽ 2001ൽ ഭാരതി കണ്ണമ്മ കന്നഡയിലേക്കു റീ മെയ്ക്കു ചെയ്തു.

 

തമിഴ് സിനിമയുടെ സമീപകാല ഹിറ്റുകളിൽ ഒന്നാണ് ബാലാജി ശക്തിവേൽ എഴുതി സംവിധാനം ചെയ്ത 'കാതൽ ' (2004). സിനിമയിലഭിനയിച്ച പല നടീനടന്മാരും പില്ക്കാലത്ത് സിനിമയുടെ പേരിൽ അറിയപ്പെട്ടതും ശ്രദ്ധേയമാണ്. ഉദാ : കാതൽ സന്ധ്യ, കാതൽ ദണ്ഡപാണി എന്നിങ്ങനെ. തെലുങ്കിലേക്കു കാതൽ ഡബ്ബു ചെയ്യപ്പെട്ടപ്പോൾ കന്നഡ, ബംഗാളി, മറാത്തി, പഞ്ചാബി , നേപ്പാളി എന്നീ ഭാഷകളിൽ കാതൽ റീ മെയ്ക്കു ചെയ്യപ്പെട്ടു.

 

മധുരയാണ് കഥാപശ്ചാത്തലം. ദരിദ്രനും ദളിതനുമായ മുരുഗൻ സ്കൂട്ടർ മെക്കാനിക്കാണ്. ധനികയും സവർണയുമായ ഐശ്വര്യക്ക് അവനോടു പ്രണയം തോന്നുകയും അവളത് അവനെ അറിയിക്കുകയും ചെയ്യുന്നു. ആദ്യമൊക്കെ അവൻ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ക്രമേണ ഇരുവർക്കുമിടയിൽ പ്രണയബന്ധം ദൃഢമായി. ഇരുവരും ചെന്നൈയിലേക്ക് ഓടിപ്പോവുകയും സുഹൃത്തിൻ്റെ സഹായത്തോടെ വിവാഹിതരാവുകയും ഒരുമിച്ചു ജീവിതം തുടങ്ങുകയും ചെയ്തു. ഐശ്വര്യയുടെ കുടുംബം അവരെ പിന്തുടർന്നെത്തുന്നു. ഇരുവരുടെയും ബന്ധം സമ്മതമാണെന്നും നാട്ടിൽ കൊണ്ടുപോയി വിവാഹം നടത്തിത്തരാമെന്നും തെറ്റിദ്ധരിപ്പിച്ച് അവരെയും കൂട്ടി മധുരക്കു യാത്രയായി.

 

യാത്ര അവസാനിക്കാറായതോടെ വീട്ടുകാരുടെ തനിനിറം പുറത്തുവന്നു. അവളുടെ ചിറ്റപ്പൻ മുരുഗനെ അധിക്ഷേപിച്ചു തുടങ്ങി. അവനും അവളും തമ്മിലുള്ള സാമ്പത്തിക വ്യത്യാസങ്ങൾ അവർ എണ്ണിയെണ്ണിപ്പറഞ്ഞു തുടങ്ങി. അതൊക്കെ മുരുഗൻ നിശബ്ദനായി കേട്ടിരുന്നു. ഒരു ചോദ്യത്തോടു മാത്രമാണവൻ പ്രതികരിച്ചത്. ജാതിയെന്ത് എന്ന ചോദ്യത്തിന് മനുഷ്യ ജാതി എന്നവൻ മറുപടി പറഞ്ഞു. മൃഗങ്ങളിൽ പല ജാതികൾ ഉള്ള പോലെ മനുഷ്യരിൽ ഏതു ജാതി എന്ന ചോദ്യത്തോടെ അവൻ ശാരീരികമായും ആക്രമിക്കപ്പെട്ടു തുടങ്ങി. അവർ കൊണ്ടു പോകപ്പെട്ടത് വീട്ടിലേക്കായിരുന്നില്ല. വയലിലേക്കായിരുന്നു. അവിടെ അവരെ ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഐശ്വര്യയുടെ വീട്ടുകാർ തന്നെയായിരുന്നു. അവർ അവളോട് ദ്വേഷ്യപ്പെടുകയും അവളുടെ വസ്ത്രങ്ങൾ പിഴുതെറിയുകയും മർദ്ദിക്കുകയും ചെയ്ത് കുളിപ്പിച്ചെടുത്തു. അവളുടെ താലി പൊട്ടിച്ചെറിയാൻ ആവശ്യപ്പെട്ടു. മുരുഗനുമായുള്ള ബന്ധത്തിൽ നിന്നു വേർപെടുത്തുന്ന ചടങ്ങായിരുന്നു അത്. മുരുഗനെ ഭീകരമായി മർദ്ദിച്ചു. അവളോട് അവനെ വിട്ട് മറ്റൊരു കല്യണത്തിനു സമ്മതിക്കാൻ അവർ ആക്രോശിച്ചു കൊണ്ടിരുന്നു. മുരുഗനെ കൊല്ലാതിരിക്കാൻ അവളതു സമ്മതിച്ച് താലി പൊട്ടിച്ചു. അവരത് മുരുഗനെറിഞ്ഞു കൊടുത്ത് അവനെ അവിടെ നിന്ന് അടിച്ചോടിച്ചു കളഞ്ഞു.

 

ജീവച്ഛവമായി മാറിയ അവളുടെ വിവാഹം അവർ മറ്റൊരാളുമായി നടത്തി. വർഷങ്ങൾക്കു ശേഷം ഭർത്താവിനോടൊപ്പം കുഞ്ഞുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ സിഗ്നലിനടുത്തു വെച്ച് ഒരു ഭ്രാന്തനെ കാണുകയും അതു മുരുഗനാണെന്ന് അവൾ തിരിച്ചറിയുകയും ചെയ്തു. അവൾ ബോധരഹിതയായി റോഡിലേക്കു വീണു. ഭർത്താവ് അവളെ ആശുപത്രിയിലെത്തിച്ചു. രാത്രി അവൾ മുരുഗനെത്തേടി ആശുപത്രിയിൽ നിന്നോടി. റോഡിൽ മുരുഗനെ കണ്ടെത്തി. അവൻ്റെ കൈവിരലുകളിൽ ചുറ്റിപ്പിണഞ്ഞ് പഴയ താലിച്ചരട് അവൾ തിരിച്ചറിഞ്ഞു. താൻ കാരണമാണ് അവൻ ഭ്രാന്തനായതെന്ന് അവൾ അലറിക്കരഞ്ഞു. അവളെത്തേടിയെത്തിയ ഭർത്താവിനോടും അവൾ കാര്യങ്ങൾ വിശദീകരിച്ചു. ഭർത്താവ് അവളെയും മുരുഗനെയും ഇരുവശത്തും ചേർത്തു പിടിച്ചു നടക്കുന്ന സീനിലാണ് സിനിമ ഫ്രീസു ചെയ്തത്. അയാൾ മുരുഗനെ മനോരോഗാശുപത്രിയിൽ ചികിത്സക്കെത്തിച്ചതായി സൂചന. കാതൽ ഒരു യഥാർഥ സംഭവത്തെ ആസ്പദിച്ചുണ്ടായ സിനിമയാണെന്നു സംവിധായകൻ പറയുന്നു. ഒരു തീവണ്ടിയാത്രക്കിടയിൽ 'ഐശ്വര്യ"യുടെ ഭർത്താവ് അതു നേരിട്ടു പറഞ്ഞതാണെന്നും കൂടി സാക്ഷ്യപ്പെടുത്തുന്നു.

 

തമിഴിലെ പല നിർമ്മാതാക്കളും കാതലിൻ്റെ തിരക്കഥ സ്വീകരിക്കാൻ കൂട്ടാക്കിയില്ലത്രെ. അതിൻ്റെ ക്ലൈമാക്സ് കഠിനമാണ് എന്നതായിരുന്നു അവർ പറഞ്ഞകാരണം. ഈ യഥാർക്ക്ഥ സംഭവമല്ലാതെ മറ്റൊന്നുകൂടി തന്നെ ഈ സിനിമയിലേക്കു നയിച്ചുവെന്നു ബാലാജി ശക്തിവേൽ പറയുന്നു. ഡിണ്ടിക്കലിൽ നിന്നു യാദൃച്ഛികമായി കേട്ട ഒരു സംഭാഷണ ശകലത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒരു അന്യജാതിക്കാരനെ താൻ സ്നേഹിച്ചാൽ എന്തു ചെയ്യുമെന്ന മകളുടെ ചോദ്യത്തിനുള്ള അമ്മയുടെ മറുപടി "വെട്ടിക്കൊന്നുടുവെൻ '' എന്നായിരുന്നുവെന്ന്.

 

കുടുംബത്തിൻ്റെയും ജാതിയുടെയും പേരിലുള്ള ദുരഭിമാനബോധം എത്രയേറെ യുവാക്കളുടെ ജീവിതത്തെയാണ് നിർവീര്യവും നിസ്സഹായവുമാക്കിത്തീർത്തതെന്നു ബോധ്യപ്പെടുത്താൻ കാതലിനു സാധിച്ചിട്ടുണ്ട്. മുന്നിലോടുന്ന ഓട്ടോറിക്ഷയുടെ പുറകിൽ മുരുഗൻ വായിക്കുന്ന "കടലിൽ മുങ്ങിയാൽ മുത്ത് , കാതലിൽ മുങ്ങിയാൽ പിച്ച" എന്ന വാചകം അവൻ്റെ, അവനെപ്പോലുള്ള ദരിദ്ര 'വിജാതീയ' ജീവിതത്തിൻ്റെ തലവാചകമാണ്. പിച്ചയെടുത്തുള്ള ഭ്രാന്തൻ തെരുവു ജീവിതമായിരുന്നു അവൻ്റെ പ്രണയമിച്ചം. ഒരേയൊന്നാണ് കാരണം, അവൻ പ്രണയിനിയേക്കാൾ ദരിദ്രനും ദളിതനുമാണ്. അതിനാൽ അവനോടുള്ള പ്രണയം അവളുടെ കുടുംബത്തിനും കൂട്ടക്കാർക്കും മാനക്കേടാണ്. ആ 'അഭിമാന'ബോധത്തിൻ്റെ ബലിയാണ് അവൻ്റെ വികൃത ജീവിതം. 'വികല ധീ' ആയി, 'അസ്ഥി മാത്രശേഷനാ'യി കാട്ടിലലയുന്ന മദനൻ്റെ (ആശാൻ്റെ ലീലാകാവ്യം) അവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് കാതലിലെ മുരുഗൻ്റെ ദുരവസ്ഥ. എന്നാൽ കാലം മാറി. ലീലയല്ല ഐശ്വര്യ. അവൾ ഭർത്താവിനോടെല്ലാം തുറന്നു പറയാനും ഭർത്താവ് അതുൾക്കൊള്ളാനും ശേഷിയുള്ളവരാണ്. ആശാൻ്റെ ലീലാ കാവ്യവും ബാലാജി ശക്തിവേലിൻ്റെ കാതലും തമ്മിലുള്ള നേർക്കുനേർ താരതമ്യമല്ല വിവക്ഷ. പക്ഷേ ഇരു കാലദേശങ്ങളിൽ, രണ്ടു തരം ആവിഷ്കാരങ്ങളിൽ പ്രണയനിരോധനത്തിൻ്റെ സാദൃശ്യങ്ങൾ എങ്ങനെ പ്രത്യക്ഷമാവുന്നുവെന്നു സൂചിപ്പിക്കുക മാത്രമാണ്. അഭിനയവും സംവിധാനവും ഒന്നിനൊന്നു മെച്ചമായ സിനിമയാണിത്. തമിഴ് പ്രണയ സിനിമകളിലെ ഒരു നാഴികക്കല്ലെന്നSയാളപ്പെടുത്താം.

 

ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മലയാളിയായ ജെസ്സിയും ഹിന്ദുവായ കാർത്തിക് എന്ന തമിഴ് നാട്ടുകാരനും തമ്മിലുള്ള പ്രണയത്തെയാണ് ഗൗതം മേനോൻ്റെ വിണ്ണൈത്താണ്ടി വരുവായ (2010) എന്ന സിനിമ കേന്ദ്രീകരിക്കുന്നത്. സിറിയൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട ആലപ്പുഴക്കാരി ജെസ്സിയെ ചെന്നൈയിലെ വീട്ടു ഗേറ്റിനടുത്തു വെച്ചു കണ്ട നിമിഷത്തിൽത്തന്നെ കാർത്തിക് പ്രണയിച്ചു തുടങ്ങി. അവനെക്കാൾ ഒരു വയസ്സ് പ്രായക്കൂടുതലുണ്ട് ജെസ്സിക്ക്. സിനിമറ്റോഗ്രാഫർ ആകാനായിരുന്നു കാർത്തിക്കിൻ്റെ മോഹം.

 

ഒരല്പം നിയന്ത്രണമുള്ള പരമ്പരാഗത സ്വഭാവക്കാരിയായ ജെസ്സി ആദ്യമൊന്നും അവൻ്റെ പ്രണയത്തോടു പ്രതികരിക്കുന്നില്ല. സിനിമ കാണുന്നതു പോലും മോശമാണെന്നു പഠിപ്പിച്ചു വളർത്തപ്പെട്ടവളായിരുന്നു അവൾ. അവനാകട്ടെ സിനിമക്കാരനാകാൻ കഠിനമായി ആഗ്രഹിക്കുന്നവനും. അവൾ ആലപ്പുഴയിലെ തറവാട്ടുവീട്ടിൽ പോയപ്പോൾ അവളെത്തേടി കാർത്തിക് എത്തുന്നു. പള്ളിയിലെ പ്രാർത്ഥനയിലാണ് അവനവളെ കണ്ടെത്തുന്നത്. ക്ലാസ്മേറ്റ് എന്നു പരിചയപ്പെടുത്തി അവൾ അവനെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. തിരിച്ച് ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയിൽ അവർ ഒരുമിച്ചായിരുന്നു. അവൻ അവളുടെ പാദങ്ങൾ സ്പർശിക്കുകയും അവളെ മുഖത്തു ചുംബിക്കുകയും ചെയ്യുന്നു. തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ അവർ പ്രണയം മറച്ചുവെക്കാതെ പെരുമാറിത്തുടങ്ങി. പക്ഷേ ജെസ്സി എപ്പോഴും ഭയത്തിലും സംശയത്തിലുമായിരുന്നു. കാർത്തിക്കിനു പക്ഷേ ഉറപ്പായിരുന്നു താനവളെ അതിതീവ്രമായി പ്രണയിക്കുന്നുവെന്ന്. അതവൻ യാതൊരു മറയുമില്ലാതെ അവളെ സദാ അറിയിച്ചു കൊണ്ടുമിരുന്നു.

 

ജെസ്സിയുടെ വീട്ടുകാർ ഇവരുടെ ബന്ധം മനസിലാക്കുകയും മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. ആ വിവാഹത്തിൽ കൂടാൻ കാർത്തിക് പളളിയിലെത്തുന്നു. സമ്മതമല്ലെന്ന് അറിയിച്ച് ആ വിവാഹത്തിൽ നിന്നു പിന്മാറുന്ന ജെസ്സിയെ ആണ് അവൻ കാണുന്നത്. പള്ളിയിൽ നിന്നിറങ്ങുമ്പോൾ അവർ പരസ്പരം കാണുന്നു. പക്ഷേ ഒന്നും സംസാരിക്കുന്നില്ല. അവൻ അവിടെ നിന്നു മടങ്ങുന്നു. പിന്തുടർന്നു കണ്ടെത്തി ബസ്സിൽ നിന്നിറക്കി ജെസ്സിയുടെ വീട്ടുകാർ അവനെയും കൂട്ടുകാരനെയും മർദ്ദിക്കാൻ ശ്രമിച്ചു. കഷ്ടിച്ചു രക്ഷപ്പെട്ട കാർത്തിക് അന്നു രാത്രിയിൽ മതിലു ചാടി ജെസ്സിയുടെ വീട്ടിലെത്തി. പ്രണയം പരസ്പരം അംഗീകരിച്ച് ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനിച്ചു.

 

45 ദിവസത്തെ ഷൂട്ടിങിന് കാർത്തിക്കിന് ഗോവയിലേക്കു പോകേണ്ടി വരുന്നു. അതിനിടയിൽ ജെസ്സിക്ക് വീട്ടുകാരുടെ സമ്മർദ്ദം താങ്ങാനാകാതെ വന്നു. പള്ളിയിൽ അവൾ നിരസിച്ച ആൾ അവളെ വിവാഹം ചെയ്യാൻ തയ്യാറായി വീണ്ടുമെത്തി. അവൾ കാർത്തികിനൊപ്പം ഒളിച്ചോടിപ്പോകാൻ മനസാ സന്നദ്ധമാവുകയും അവനെ അതറിയിക്കയും ചെയ്തു. പക്ഷേ കാർത്തിക്കിന് ഷൂട്ടിങിനിടയിൽ നിന്ന് യഥാസമയം അവളുടെ അടുത്തേക്ക് ഓടിയെത്താനാവുന്നില്ല. അവൻ എത്തിയപ്പോഴേക്കും അവൾ വീട്ടുകാർക്കു വേണ്ടി അയാളെ വിവാഹം ചെയ്യാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. കാർത്തിക്കിനൊപ്പം പോകാൻ തയ്യാറാകാതെ അവനെ അവൾ മടക്കി അയക്കുന്നു.

 

രണ്ടു വർഷങ്ങൾക്കു ശേഷം കാർത്തിക്കിൻ്റെ സിനിമ ഇറങ്ങുകയാണ്. ജെസ്സി എന്നു തന്നെയാണു സിനിമയുടെ പേര്. ജെസ്സിയായി അഭിനയിക്കുന്ന നന്ദിനിക്ക് കാർത്തിക്കിനോടു പ്രണയം തോന്നുകയും അതവൾ അവനെ അറിയിക്കുകയും ചെയ്തു. എന്നാൽ തന്നിൽ ഇപ്പോഴും ജെസ്സിയുണ്ടെന്ന് അവൻ അറിയുന്നു. അവൻ്റെ സിനിമയിൽ ന്യൂയോർക്കിൽ വെച്ച് കണ്ടുമുട്ടുന്ന ജെസ്സി വിവാഹിതയായിരുന്നില്ല. അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറാവുന്നു.

 

എന്നാൽ ബ്രൂക്‌ലിൻ പാലത്തിൽ വെച്ചു കണ്ടുമുട്ടിയെന്നവൻ സങ്കല്പിച്ച ജെസ്സി വിവാഹിതയായിരുന്നു. അവൻ്റെ സിനിമ അവനോടൊപ്പമിരുന്നു കണ്ടതിനു ശേഷം അവനെ വിട്ട് അവൾ ഭർത്താവിനോടൊപ്പം പോകുന്നു. ഒരു കിനാവു പോലെ അവൾ മഞ്ഞു പോവുമ്പോൾ ''ആരോമലേ ...'' എന്ന പശ്ചാത്തലത്തിൽ സിനിമ അവസാനിക്കുന്നു.

 

നാഗചൈതന്യയും സാമന്തയുമാണ് സിനിമക്കുള്ളിലെ സിനിമയിലെ കാർത്തിക്കും ജെസ്സിയും. സിനിമയിൽ സിലിമ്പരശൻ്റെ കാർത്തിക് തൃഷയുടെ ജെസ്സിയേക്കാൾ ഒന്നു മുമ്പിലാണ്.

 

ജെസ്സിയുടെ വീട്ടുകാരുടെ യാഥാസ്ഥിതികത്വവും ദുരഭിമാനവും മതതീവ്രതയുമാണ് ഒരുമിച്ചുള്ള ജീവിതം ഇരുവർക്കും അസാധ്യമാക്കിയത്. അവരുടെ പ്രണയത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറി ജെസ്സിയെ നിർബന്ധിത മത വിവാഹത്തിലേക്കു നയിക്കുന്നതും വീട്ടുകാരുടെ ഈ നിലപാടായിരുന്നു. ജെസ്സിയുടെ ആങ്ങളയും അച്ഛനും തന്നെയാണ് ഈ പ്രണയികളെ പിരിക്കാൻ മുൻകൈയെടുത്തതെന്നും കാണാം.

 

2010 വരെയുണ്ടായ മൂന്നു പ്രണയ സിനിമകളാണ് മുകളിൽ പരിശോധിച്ചത്. മൂന്നിലും പ്രണയികൾക്ക് ഒന്നിക്കുന്നതിൽ തടസ്സം പെണ്ണിൻ്റെ വീട്ടുകാരുടെ കുലമഹിമാ ബോധമാണ്. ഭാരതി കണ്ണമ്മയിലും കാതലിലും ഇത് ജാതി വ്യത്യാസം മാത്രമല്ല, വർഗവ്യത്യാസവും കൂടിയാണ്. ഗ്രാമ പശ്ചാത്തലത്തിലെ ഭൂവുടമാക്രമവുമായി ബന്ധപ്പെട്ട നാടുവാഴിത്ത പശ്ചാത്തലം കൂടി ഇതിനെ പിന്തുണക്കുന്നു. ഭാരതി കണ്ണമ്മയിൽ അത് ഭാരതിയുടെയും കണ്ണമ്മയുടെയും മരണത്തിലാണ് കലാശിക്കുന്നത്. കാതലിൽ മുരുഗൻ്റെ അനാഥമായ ഭ്രാന്തിലും. എന്നാൽ ഭാരതി കണ്ണമ്മയിൽ തേവർക്കു വരുന്ന മന:പരിവർത്തനവും കാതലിൽ ഐശ്വര്യയുടെ ഭർത്താവിൻ്റെ നിലപാടും കാലം മാറുന്നതിൻ്റെ പ്രത്യാശയാണ്. വിണ്ണൈത്താണ്ടി വരുവായിൽ കാർത്തിക്കിൻെറയും ജെസ്സിയുടെയും മതങ്ങളും ജെസ്സിയുടെ വീട്ടുകാരുടെ തറവാടിത്ത ബോധവും യാഥാസ്ഥിതികതയുമാണ് പ്രശ്നം. കാർത്തിക് തൻ്റെ സ്വപ്നാത്മകമായ സർഗാത്മക ജീവിതം (സിനിമയെടുക്കൽ) കൊണ്ടാണ് ഈ ദുരന്തത്തെ മറികടക്കാൻ ശ്രമിക്കുന്നത്. മൂന്നു സിനിമകളിലും പ്രണയികളെ പിരിക്കുന്നത് ദുരഭിമാനമാണെങ്കിലും പ്രത്യക്ഷത്തിൽ അതു സ്വന്തം മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള കരുതലായും അതിൻ്റെ പേരിൽ അവർ പ്രയോഗിക്കുന്ന അമിതാധികാരമായും തോന്നാവുന്ന വിധത്തിൽക്കൂടിയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും സാമൂഹ്യ പ്രശ്നമായോ നിയമ പ്രശ്നമായോ അല്ല, കുടുംബത്തിനുള്ളിലെ വ്യക്തികൾ അനുഭവിക്കുന്ന പ്രണയ ദുരന്തങ്ങളായാണ് അവ അനുഭവപ്പെടുക.


Geetha