National News

12 Nov 2018 12:40 PM IST

കൊടുങ്കാറ്റായി മാറുന്ന മീടൂ

അധികാരവും സ്വാധീനവും ഉപയോഗപ്പെടുത്തി ലൈംഗികാതിക്രമം നടത്തുന്ന പ്രമാണിമാരുടെ മുഖംമൂടി വലിച്ചെറിയുന്ന മീടൂ ക്യാമ്പയിന്‍ ഇന്ത്യയില്‍ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു.

അധികാരവും സ്വാധീനവും ഉപയോഗപ്പെടുത്തി ലൈംഗികാതിക്രമം നടത്തുന്ന പ്രമാണിമാരുടെ മുഖംമൂടി വലിച്ചെറിയുന്ന മീടൂ ക്യാമ്പയിന്‍ ഇന്ത്യയില്‍ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ലൈംഗിക അതിക്രമത്തിനപ്പുറം ക്രൂരമായ അധികാര പ്രയോഗങ്ങള്‍ക്കു പിന്നിലെ ജാതിയും സാമൂഹിക ബന്ധങ്ങളും മീടൂ ക്യാമ്പയിന്റെ ഭാഗമായി അനാവരണം ചെയ്യപ്പെടാന്‍ തുടങ്ങുകയാണ്. നടിയും മുന്‍ മിസ് ഇന്ത്യയുമായ നിഹാരിക സിംഗിന്റെ വെളിപ്പെടുത്തലുകളാണ് കീഴാള വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ നേരിടുന്ന പല തലങ്ങളുള്ള ചൂഷണത്തിലേക്ക് മീടൂ ക്യാമ്പയിനെ നയിച്ചത്.

 

ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി എന്ന നിലയില്‍ ജീവിതത്തിലും തൊഴിലിലും താന്‍ നേരിടേണ്ടി വന്ന അവമതിപ്പുകളെയും ചൂഷണങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നിഹാരികയുടെ വെളിപ്പെടുത്തല്‍, സ്ത്രീ പീഡനത്തിനപ്പുറമുള്ള ജാതി അടിച്ചമര്‍ത്തലിന്റെയും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നു. നിഹാരികയുടെ പിതാവ് ഉത്തര്‍പ്രദേശുകാരനും മാതാവ് രാജസ്ഥാന്‍കാരിയുമാണ്. രണ്ടുപേരും ദളിത് വിഭാഗത്തില്‍പെട്ടവര്‍.


ഡല്‍ഹിയില്‍ കോളേജ് വിദ്യാഭ്യാസകാലത്തു നിത്യേന തെരുവിലും വാഹനങ്ങളിലും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെടണമെന്നുള്ള ആഗ്രഹം സൃഷ്ടിച്ചുവെന്ന് നിഹാരിക പറയുന്നു. വെളുത്ത നിറമുള്ളതുകൊണ്ടും ഫോട്ടോജനിക് ആയതുകൊണ്ടും മോഡലിംഗ് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ നിഹാരിക, വടക്കേയിന്ത്യയിലെ സ്ത്രീ വിരുദ്ധവും ഫ്യൂഡലുമായ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടി വേണ്ടി ബോംബേയിലേക്ക് പോകുകയായിരുന്നു.
മുംബൈ സിനിമാലോകത്ത് താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ അനുഭവങ്ങള്‍ വിശദമായി വിവരിക്കുന്ന നിഹാരിക തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയവരുടെ തെറ്റായ പ്രചരണങ്ങളെ ഖണ്ഡിക്കുന്നുണ്ട്. നടന്‍ എന്ന നിലയില്‍ ബോളിവുഡ് സിനിമയില്‍ ഒന്നുമല്ലാതിരുന്ന നവാസുദ്ദീന്‍ സിദ്ദീഖി താരമായി മാറിയതിനെക്കുറിച്ചും അയാളുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നിഹാരിക വിശദമായി പറയുന്നു. താനുമായുള്ള ബന്ധത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സിദ്ദീഖി സ്വന്തം പുസ്തകത്തില്‍ എഴുതി വച്ചതിനെയും നിഹാരിക തുറന്നു കാട്ടുന്നു.


സിനിമാ സംവിധായകന്‍, എഴുത്തുകാര്‍, പ്രസാധകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി ആര്‍ക്കും വലിയ ധാര്‍മ്മിക മേന്മ അവകാശപ്പെടാനാവില്ലെന്ന് നിഹാരിക പറയുന്നു. സ്ത്രീകളോടും കീഴാളരോടുമുള്ള സമീപനത്തില്‍ എല്ലാവരും കുറ്റക്കാരാണ്. സവര്‍ണ്ണ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് പ്രാധാന്യവും ശ്രദ്ധയും ജനങ്ങളുടെ സഹാനുഭൂതിയും ലഭിക്കുമ്പോള്‍ ദളിത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണവും പീഡനവും ആര്‍ക്കും പ്രശ്‌നമല്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ദളിത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ 746 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്ന് നിഹാരിക ഓര്‍മ്മിപ്പിക്കുന്നു. ഓരോ 15 മിനിട്ടിലും ദളിതര്‍ക്കെതിരായ അതിക്രമം നടക്കുന്നു. ഓരോ ദിവസവും 6 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. മിക്ക സംഭവങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുപോലുമില്ല.


സവര്‍ണ്ണ ഫെമിനിസം ആരെയും വിമോചിപ്പിക്കില്ലെന്ന് നിഹാരിക പറയുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെയും ലിബറലുകളുടെയും സെലക്ടീവായ ധാര്‍മ്മിക രോഷം അവരുടെ സൗകര്യത്തിന്നിണങ്ങിയതാണെന്ന് ആക്ഷേപിക്കുന്ന നിഹാരിക, അക്കാഡമിക് രംഗത്തെ സ്ത്രീ പീഡനങ്ങള്‍ തുറന്നു കാട്ടാന്‍ റയസര്‍ക്കാര്‍ എന്ന ഒരു ദളിത് വിദ്യാര്‍ത്ഥിനിയും ബോളിവുഡ് സോപ്പുകുമിള പൊട്ടിക്കാന്‍ തനുശ്രീ  ദത്ത എന്ന ഒരു സൗന്ദര്യമത്സരവിജയിയും വേണ്ടി വന്നു എന്നോര്‍മ്മിപ്പിക്കുന്നു. നന്ദിതാദാസിനെയും കവിതാകൃഷ്ണനെയും പോലെയുള്ളവര്‍, തങ്ങളുടെ പ്രൊഫണഷല്‍ ബന്ധങ്ങളും രാഷ്ട്രീയക്കൂറും വേട്ടക്കാരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് എന്ന ഗുരുതരമായ ആരോപണവും നിഹാരിക ഉന്നയിക്കുന്നു.