Film

02 Dec 2018 22:00 PM IST

ഇന്ത്യയിലെ മീ ടൂ സിനിമയിൽ ഒതുങ്ങുന്നു : പ്രിയങ്ക ചോപ്ര

സ്ത്രീകൾ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള മീ ടൂ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ സിനിമാ രംഗത്ത് മാത്രമായി ഒതുങ്ങിപ്പോകുകയാണെന്ന് നടി പ്രിയങ്ക ചോപ്ര.

സ്ത്രീകൾ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള മീ ടൂ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ സിനിമാ രംഗത്ത് മാത്രമായി ഒതുങ്ങിപ്പോകുകയാണെന്ന് നടി പ്രിയങ്ക ചോപ്ര. മറ്റു രാജ്യങ്ങളിൽ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുമ്പോൾ ഇന്ത്യയിൽ 4-5 സിനിമക്കാരിലേക്ക് മാത്രമായി ഒതുങ്ങുകയാണ് ഇതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു. ഇവിടെ ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും സിനിമയിൽ തുടങ്ങി സിനിമയിൽ ഒടുങ്ങുകയാണ് പതിവ്.

 

ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാണാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. മാധ്യമ സ്ഥാപനങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നില്ലേ? അതെന്തുകൊണ്ട് വാർത്തയാകുന്നില്ല ? സാധാരണക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് വരുമാനം ഉണ്ടാക്കികൊടുക്കാത്തതുകൊണ്ടാണ് മാധ്യമങ്ങൾ അവയൊക്കെ അവഗണിക്കുന്നത്. ഈ നില മാറണമെന്നും സ്ത്രീകൾ അവർ നേരിടുന്ന അനീതികളെ കുറിച്ച് ഉച്ചത്തിൽ സംസാരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.