Open Space

05 Nov 2018 11:55 AM IST

മീ ടൂ എന്ന സർജിക്കൽ നൈഫ്

ഒരു തൊഴിൽ മേഖലയിൽ നിന്നും മാറി നിൽക്കുവാൻ തയാറല്ല എന്നു സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞ കാലത്ത് സുരക്ഷിതമായ തൊഴിലിടങ്ങൾ നമുക്കാവശ്യമുണ്ട്. അതിനു #Me Too പ്രസ്ഥാനം ശരിയായ പാതയിൽ ശക്തമായി മുന്നേറണം.

ഇന്ത്യയിലെ #Me Too പ്രക്ഷോഭങ്ങൾ ശക്തമായ ഫലങ്ങൾ കണ്ട മാസമാണ് കടന്നുപോയത്. സിനിമാ മേഖലയിൽനിന്നുള്ള വെളിപ്പെടുത്തലുകളും പ്രത്യാഘാതങ്ങളും കൂടാതെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികമേഖലയിലും ഈ പ്രക്ഷോഭം ചലനങ്ങളുണ്ടാക്കി. കേന്ദ്ര സഹമന്ത്രിയായ എം ജെ അക്ബർ, പ്രമുഖ പത്രപ്രവർത്തകനായ ഗൗരീദാസൻ നായർ എന്നിവർ #Me Too ആരോപണങ്ങളിൽപെട്ട് സ്ഥാനങ്ങൾ വിട്ടിറങ്ങി. സിംബയോസിസ് സെന്റർ ഫോർ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ അനുപം സിദ്ധാർത്ഥ അന്വേഷണസംബന്ധമായ അവധിയിൽ പ്രവേശിക്കുവാൻ നിർബന്ധിതമായി. എൻ.എസ്.യു (ഐ) നാഷണൽ പ്രസിഡന്റ് ഫൈറോസ് ഖാനിന്റെ രാജി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചതും ഇതിന്റെ പരിണതഫലമാണ്. ഇതിന്റെയൊക്കെ പിൻബലത്തിൽ, ഈ മാസമാരംഭിച്ചതും ഒരു കോർപ്പറേറ്റ് ശക്തനെതിരെയുള്ള ആരോപണവുമായിട്ടാണ്. റ്റാറ്റയുടെ താജ് ഹോട്ടൽ‌സ് സി ഇ ഓ രാകേഷ് സർണയാണു ഇതിൽ ആരോപണവിധേയൻ.

 

#Me Too വിന്റെ ഇന്ത്യൻ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. സ്ത്രീയുടെ ആരോപണത്തിനു മേൽ തൊഴിൽ സ്ഥാപനങ്ങൾ അഥവാ സംഘടനകൾ നടപടികളെടുക്കുക എന്നതാണിവിടെ ഇതുവരെ സംഭവിച്ചിരിക്കുന്നത്. തൊഴിലിടങ്ങൾ എന്നതിനു നിയമപരമായിത്തന്നെ, കൃത്യമായ പരിധികളിൽ വരുന്ന നിർ‌വചനമുണ്ട്. അവയിലെ ലൈംഗികാതിക്രമങ്ങളും നിയമങ്ങൾക്കു വിധേയമാണ്. അങ്ങനെയാകുമ്പോൾ തൊഴിലിടങ്ങളുമായി ബന്ധമില്ലാതെ വരുന്ന ആരോപണങ്ങളുടെ പരിശോധനയ്ക്കോ ശിക്ഷകൾക്കോ ആരും തന്നെ ഉത്തരവാദികളാകുന്നില്ല. കാറ്റിലേയ്ക്ക് പറത്തിവിടുന്ന സങ്കടങ്ങളാകുന്നു ഇവ. വീട്ടുജോലിക്കാരായ സ്ത്രീകൾക്കും മറ്റു സമാന തൊഴിലാളികൾക്കും ആരോപണമുന്നയിച്ചാൽ ജോലിയില്ലാതാകുക എന്ന ലളിതമാർഗ്ഗമേ ഉണ്ടാകുന്നുള്ളു. അസംഘടിത തൊഴിൽ രംഗങ്ങൾ അനവധിയുള്ള നമ്മുടെ നാട്ടിൽ അവരൊന്നും തന്നെ നടപ്പുരീതിയിൽ ഇതിന്റെ ഗുണഫലങ്ങൾക്ക് അർഹരാകുന്നില്ല.

 

#Me Too ഇന്ത്യാ പ്രക്ഷോഭങ്ങൾ വളരെ കൃത്യമായ ഒരിടത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നു. പക്ഷേ അങ്ങനെയാകുമ്പോഴും അതു പ്രാധാന്യമില്ലാത്തതോ പ്രയോജനമില്ലാത്തതോ ആകുന്നില്ല, മറിച്ച്, സ്ത്രീകൾക്കു മേലുള്ള ലൈംഗികാതിക്രമത്തിന്റെ ഒരു പ്രത്യേക ശാഖയെ അഭിസംബോധന ചെയ്യുകയും സുരക്ഷയുടെ ശക്തമായ ഒരായുധമായി നിലനിൽക്കുകയും ചെയ്യുന്നു. അതായത് പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കുവാനുള്ള അതീവ മൂർച്ചയുള്ള ഒരു കത്തിയാണു സ്ത്രീകൾക്കു ലഭിച്ചിരിക്കുന്നത്, അഥവാ അങ്ങനെയൊന്നാണ് സ്ത്രീകൾ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. മന്ത്രിയുടെയും പത്രപ്രവർത്തകന്റെയും രാജിയിൽ നിന്ന് നമുക്കതിന്റെ മൂർച്ച മനസ്സിലായതാണ്. നമ്മുടെ പുരുഷസമൂഹം പെരുമാറ്റങ്ങളിലെ അധീശത്വത്തിന്റെ അപാകത മാത്രമല്ല, അത് തനിക്കുണ്ടാക്കാവുന്ന ആഘാതം കൂടി ഇതിൽ നിന്ന് തിരിച്ചറിയുകയും ചെയ്യും. ഒരു സ്ത്രീയ്ക്ക് ഔദ്യോഗികമായ തുല്യാവസരങ്ങൾ ലഭിക്കണമെങ്കിൽ, ജോലിയിൽ തുടരണമെങ്കിൽ, ശമ്പളവർദ്ധനവ് ലഭിക്കണമെങ്കിൽ, മേലുദ്യോഗസ്ഥന്റെ ആഗ്രഹങ്ങൾക്കു വശംവദയാകണമെന്ന വികൃതമായ കാഴ്ചപ്പാട് നമ്മുടെ തൊഴിൽരംഗങ്ങളിൽ നിന്നു ക്രമേണ ഇല്ലാതാകുമെന്ന് വർത്തമാനകാലവാർത്തകൾ പ്രതീക്ഷ തരുന്നു.

 

#Me Too പ്രക്ഷോഭങ്ങളെ ലക്ഷ്യത്തിലെത്തിക്കുവാൻ സ്ത്രീകൾക്കുള്ള ഉത്തരവാദിത്വം കുറച്ചൊന്നുമല്ല. സ്ത്രീയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും ഇക്കിളിക്കഥയായി വലിച്ചു നീട്ടുവാനും കേൾക്കുവാനും വായിച്ചറിയുവാനും കാത്തിരിക്കുന്ന ഒരു സമൂഹമാണിവിടെയുള്ളത്. അതുകൊണ്ടുതന്നെ സെൻ‌സേഷനുണ്ടാക്കുക എന്നത് മാധ്യമങ്ങളുടെയും ആവശ്യമാണ്. ഒന്നാമതായി, താൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ അത്തരത്തിൽ ഉപയോഗിക്കപ്പെടില്ല എന്ന് ഓരോ സ്ത്രീയും ഉറപ്പുവരുത്തണം. അതിനുപയോഗിക്കുന്ന ഭാഷ, വാക്കുകൾ, വ്യാകരണം എല്ലാം പ്രധാനമാണ്. നോക്കു, നാമുപയോഗിക്കുന്നത് സർജിക്കൽ നൈഫ് പോലെ കൃത്യതയുള്ള ഒരായുധമാണ്, എന്തിന്, എങ്ങനെ ഉപയോഗിക്കണമെന്നതിൽ അതീവ ശ്രദ്ധയുണ്ടാകണം. ദേശീയ തലത്തിൽ, ഫലമുണ്ടാക്കിയ വെളിപ്പെടുത്തലുകളൊക്കെ അങ്ങനെയായിരുന്നുവെന്നത് നാം കണ്ടതാണ്. മറ്റൊരു കാര്യമുള്ളത്, എന്തു പറയുന്നുവെന്നതാണ്. #Me Too എന്ന ഹാഷ്‌റ്റാഗിനു കീഴിൽ വരുന്നതാണോ നാം പറയാൻ പോകുന്നതെന്ന് ശ്രദ്ധിക്കാം.

 

എല്ലാ ലൈംഗികാതിക്രമങ്ങളും വെളിച്ചത്തു വരേണ്ടതാണ്. എണ്ണമില്ലാത്ത സ്ത്രീപീഡനങ്ങൾനടക്കുന്നുമുണ്ട്. പക്ഷേ ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ കാര്യങ്ങൾക്ക് വേറൊരു മുഖമുണ്ടാകുന്നു. അല്ലാത്ത പക്ഷം, പീഡനമെന്ന വാക്ക് കാർട്ടൂണുകളും കോമഡിഷോകളും ഏറ്റെടുത്ത് ചിരിച്ചാഘോഷിക്കുന്നതുപോലെ ‘മീറ്റു’ കോമഡികളും നിറഞ്ഞാടും. പ്രത്യേകിച്ച് അത്രയൊന്നും സ്വതന്ത്രമല്ലാത്ത, പുരുഷാധിപത്യം തലയുയർത്തി നിൽക്കുന്ന സാധാരണ സ്ത്രീ പുരുഷസമൂഹത്തിൽ സംഭവിക്കുന്ന,പ്രണയ- പ്രണയനാട്യ- കപട അനാർക്കിസ കാരണങ്ങളാലുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്തപ്പെടുമ്പോൾ, അവ മുനയില്ലാത്ത ആരോപണങ്ങളോ, തെളിവില്ലാത്ത ഊഹാപോഹങ്ങളോ ആയി കേൾക്കപ്പെടുന്നു. അങ്ങനെയാകരുതെങ്കിൽ, അവയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും തെളിവുകളോടെ നിയമത്തിന്റെ മുൻപിലെത്തിക്കുകയും ചെയ്യുവാനുള്ള ശ്രമമുണ്ടാകണം. അതിനുള്ള തുടക്കമാകണം ആ വെളിപ്പെടുത്തൽ. സാമൂഹ്യമാധ്യമങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം ചർച്ച ചെയ്യുവാനും,മാധ്യമങ്ങൾക്കൊരു ദിവസത്തെ സെൻ‌സേഷനുണ്ടാക്കുവാനും മാത്രമായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർക്കും പ്രയോജനം ചെയ്യില്ല. കഥ കേൾക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് ലൈംഗികതയുള്ളവ. കൂടാതെ, ഇത്തരം ആരോപണങ്ങൾക്ക് കൂടുതലായും വിധേയരാകുന്നത് ഇക്കാര്യത്തിൽ വലിയ ഗവേഷണങ്ങൾ നടത്തി സ്വന്തം സുരക്ഷയ്ക്ക് ഏതറ്റം വരെയും പോകാൻ മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുള്ള, തെളിവുകൾ ശേഖരിച്ചിട്ടുള്ള സ്ത്രീജിതന്മാർ (womanizer) ആയിരിക്കുമെന്നതുകൊണ്ട്, അവരുടെ പുതിയ ഇരകൾ പോലും ഇതംഗീകരിച്ചില്ലെന്നും വരാം.

 

പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിയമം തന്നെയാണ്. സാക്ഷികളോ തെളിവുകളോ ഇല്ലാതെയാണു ആരോപണമുന്നയിക്കുന്നതെങ്കിൽ, മാനനഷ്ടക്കേസ് നടത്തുവാനുള്ള അവകാശം പുരുഷനുണ്ട്. ആരോപണങ്ങൾ തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ത്രീയ്ക്ക് രണ്ടു വർഷം വരെ തടവുശിക്ഷ കിട്ടുന്നതിനു ഇന്ത്യൻ നിയമങ്ങൾ സഹായിക്കുന്നു. അതിനാൽ തെളിവില്ലാത്ത പരാതികൾ ഉന്നയിക്കുമ്പോൾ പ്രത്യേകശ്രദ്ധയുണ്ടാകേണ്ടതുണ്ട്. അമേരിക്കൻ നിയമങ്ങളിൽ ഇക്കാര്യത്തിൽ പ്രത്യേക ഭേദഗതികളുണ്ട്.

 

ഒരു തൊഴിൽ മേഖലയിൽ നിന്നും മാറി നിൽക്കുവാൻ തയാറല്ല എന്നു സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞ കാലത്ത് സുരക്ഷിതമായ തൊഴിലിടങ്ങൾ നമുക്കാവശ്യമുണ്ട്. അതിനു #Me Too പ്രസ്ഥാനം ശരിയായ പാതയിൽ ശക്തമായി മുന്നേറണം. അതു സ്ത്രീകളുടെ അവകാശം മാത്രമല്ല ഉത്തരവാദിത്വം കൂടിയാണ്.