Specials

13 Oct 2018 23:55 PM IST

Reporter-Leftclicknews

'മീ ടൂ' : ആരാണ് ആ മലയാളി

മീടൂ ക്യാമ്പയിന്റെ അല മാധ്യമ-രാഷ്ട്രീയ ചലച്ചിത്ര രംഗങ്ങളിലാകെ ആഞ്ഞടിക്കുകയാണ്. ഈ കൊടുങ്കാറ്റ് കേരളത്തിലേക്കും കടന്നുവരുന്നു.

മീടൂ ക്യാമ്പയിന്റെ അല മാധ്യമ-രാഷ്ട്രീയ ചലച്ചിത്ര രംഗങ്ങളിലാകെ ആഞ്ഞടിക്കുകയാണ്. ഈ കൊടുങ്കാറ്റ് കേരളത്തിലേക്കും കടന്നുവരുന്നു. നടനും എം.എല്‍.എയുമായ മുകേഷിന് എതിരേ ദൃശ്യമാധ്യമ രംഗത്തെ ഒരു സാങ്കേതിക പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ ഒരു ദേശീയ ദിനപത്രത്തില്‍ ഉന്നത സ്ഥാനത്തുള്ള ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെതിരേ ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകയായ യാമിനി നായര്‍ ഉന്നയിച്ച അതിഗുരുതരമായ ആരോപണങ്ങള്‍ മാധ്യമലോകത്ത് സജീവ ചര്‍ച്ചയായിരിക്കുകയാണ്.


2005 ല്‍ ചെന്നൈയില്‍ ഒരു പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്തുണ്ടായ അനുഭവം തന്റെ ബ്ലോഗിലൂടെയാണ് യാമിനി പങ്കുവെച്ചത്. ഒരു വലിയ ഇവന്റിന്റെ മീഡിയ സെന്ററില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്ക് വാര്‍ത്ത തയ്യാറാക്കുന്നതിനു പരിശീലനം നല്‍കിയ, ഒരു ദേശീയ ദിനപത്രത്തില്‍ ഉയര്‍ന്ന ചുമതലയുള്ളയാളാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യാമിനി പറയുന്നത്. എം.സി.ജെ പാസ്സായ ഉടനായിരുന്നു മീഡിയ സെന്ററില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടി പോയെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രായോഗികവശങ്ങള്‍ പലതും പഠിപ്പിച്ച ആ വ്യക്തിയുമായി പിന്നീടും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഗുരുതുല്യനായാണ് അയാളെ കരുതിയത്.

ചെന്നൈയില്‍ ജോലിയില്‍ ചേര്‍ന്ന് കുറച്ചുനാള്‍ കഴിഞ്ഞ് ഒരു ദിവസം ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ ഒരു സന്ദര്‍ശനത്തിനു വരുന്ന വിവരം യാമിനിയെ അറിയിച്ചു. ആദ്യമായി വീട് വിട്ട് താമസിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം വീട്ടില്‍ നിന്ന് ഒരാള്‍ വരുന്ന സന്തോഷമാണ് ആ വിവരം കേട്ടപ്പോള്‍ ഉണ്ടായതെന്ന് യാമിനി ഓര്‍ക്കുന്നു. തനിക്ക് അന്ന് 26 വയസ്സ്. മാധ്യമപ്രവര്‍ത്തകന്‍ 40 കളുടെ മധ്യത്തിലുള്ളയാള്‍. അയാള്‍ താമസിക്കുന്ന ഗസ്റ്റ്ഹൗസില്‍ ചെന്ന് കണ്ടു. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചു. സന്തോഷകരമായിരുന്നു കൂടിക്കാഴ്ച. ഉച്ചഭക്ഷണത്തിനു ശേഷം തന്റെ മുറിയിലിരുന്ന് സംസാരിക്കാമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അതില്‍ അപകടകരമായി ഒന്നും തോന്നിയില്ല.

മുറിയില്‍ ജനലിലൂടെ പുറം കാഴ്ചകള്‍ കണ്ടു കൊണ്ട് നിന്ന തന്റെ പുറകിലൂടെ വന്ന് അയാള്‍ തോളില്‍ പിടിക്കുകയും പുറം കഴുത്തില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ തന്നെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു താനെന്ന് യാമിനി പറയുന്നു. ഞെട്ടിപ്പോയ താന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ തന്റെ മുഖം കയ്യിലെടുത്ത് നെറ്റിയില്‍ ചുംബിച്ചു. ആ ഭാഗം അപമാനം കൊണ്ട് ഉരുകിപ്പോയതുപോലെ തോന്നി തനിക്ക്. കുതറി മാറി അവിടെ നിന്ന് രക്ഷപ്പെട്ടു. കണ്ണീരടക്കാനാവാതെയാണ് നുങ്കംപാക്കത്തെ ഹോസ്റ്റൽവരെ എത്തിയത്. റൂംമേറ്റിനോടും ഒരു സുഹൃത്തിനോടും ഈ അനുഭവത്തെ കുറിച്ച് പറഞ്ഞു. ഇനി അയാളുമായി ബന്ധപ്പെടരുതെന്ന് രണ്ടുപേരും ഉപദേശിച്ചു.

ഇനി അയാളുമായി ഒരു ബന്ധവും നിലനിര്‍ത്താന്‍ താല്പര്യമില്ലെന്ന് കാണിച്ച് ദീര്‍ഘമായ ഒരു മെയില്‍ അയച്ചു. താന്‍ 'അങ്ങനെയല്ല' ഉദ്ദേശിച്ചത് എന്ന് ഒറ്റ വരിയുള്ള മറുപടിയാണ് വന്നത്. അയാളെ അവസാനമായി കണ്ടത് അന്നാണെന്ന് യാമിനി പറയുന്നു. 13 വര്‍ഷത്തിനുശേഷം അതേ പത്രത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് അയാള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അന്നത്തെ സംഭവമേല്പിച്ച ആഘാതത്തില്‍ നിന്ന് കര കയറുകയും അത് ഓര്‍മ്മയില്‍ കുഴിച്ചുമൂടുകയും ചെതെങ്കിലും ഒരു സന്ദര്‍ഭം ലഭിച്ചതിനാല്‍ പഴയ അനുഭവം പങ്കുവയ്ക്കുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒക്‌ടോബര്‍ 9 നാണ് യാമിനി ബ്ലോഗില്‍ ഈ അനുഭവം പങ്കുവെച്ചത്. സംശയങ്ങളുടെ മുന നിരപരാധികളിലേക്ക് നീങ്ങാതെ യഥാര്‍ത്ഥ കുറ്റവാളിയെ പുറത്തു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മാധ്യമലേകത്തുനിന്ന് ഇതുവരെ ഉണ്ടായില്ല.


Reporter-Leftclicknews